സഹപ്രവർത്തകർ വീടിന്‍റെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ക്വാർട്ടേഴ്സിലെ ബെഡ്റൂമിൽ നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഡോക്ടർ ജീവനൊടുക്കി. റായ്ബറേലിയിലെ റെയിൽവേ കോളനിയിൽ റെയിൽവേയിൽ ജോലി ചെയ്തിരുന്ന ഡോക്ടറുടേയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. റെയിൽവേയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്ന നേത്രരോഗ വിദഗ്ധനായ ഡോ.അരുൺ കുമാറാണ് ഭാര്യ അർച്ചന, മകൾ ആദിവ (12), മകൻ ആരവ് (4) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഡോക്ടർ ഏറെ നാളായി വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
മിർസാപൂർ സ്വദേശിയായ ഡോ. കുമാർ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം റായ്ബറേലിയിലെ റെയിൽവേ ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡോക്ടറെയും കുടുംബത്തെയും സഹപ്രവര്‍ത്തകര്‍ അവസാനമായി കണ്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ രണ്ട് ദിവസമായി എത്താഞ്ഞതോടെ സഹപ്രവർത്തകർ തെരഞ്ഞെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന മരണം ആദ്യമായി പുറത്തറിയുന്നത്. ഡോക്ടറുടെ വീട്ടിലെത്തിയ സഹപ്രവർത്തകർ വാതിലിൽ മുട്ടി, കോളിംഗ് ബെൽ അടിക്കുകയും ചെയ്തു. പ്രതികരണമില്ലാഞ്ഞതോടെ സഹപ്രവർത്തകർ വീടിന്‍റെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ക്വാർട്ടേഴ്സിലെ ബെഡ്റൂമിൽ നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
undefined
തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിൽ ഡോക്ടറും കുടുംബവും മരിച്ച് കിടന്ന മുറിയിൽ നിന്നും ചുറ്റികയും മയക്കുമരുന്നുകളും ഇഞ്ചക്ഷൻ സിറിഞ്ചും രക്തക്കറകളും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർ അരുൺകുമാർ ഭാര്യയെയും കുട്ടികളെയും മയക്കി കിടത്തിയ ശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലെത്തിയത്. കൊലപാതകങ്ങൾക്ക് ശേഷം ഡോക്ടറും ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഡോക്ടർ ആദ്യം കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടു. തുടർന്ന് ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും പൊലീസ് അറിയിച്ചു. അതേസമയം ഡോക്ടറുടെയും കുടുംബത്തിന്‍റെയും മരണവാർത്തയിൽ ഞെട്ടിയിരിക്കുകയാണ് സഹപ്രവർത്തകരും പ്രദേശവാസികളും. ഡോക്ടറും കുടുംബവും നാട്ടുകാരുമായി നന്നായി ഇടപെട്ടിരുന്നവരാണെന്നും മരണം ഞെട്ടിക്കുന്നതാണെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും റായ്ബറേലി എസ്പി അലോക് പ്രിയദർശി വ്യക്തമാക്കി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Read More : 'സ്കൂളിലേക്ക് ബസ് കിട്ടിയില്ല, ക്ഷീണിച്ച് പാലത്തിലിരുന്നു'; നാട്ടുകാർ കണ്ടത് തോട്ടിൽ മുങ്ങിയ ആകാശിനെ, ദാരുണം