സനൽ ഫോട്ടോകൾ ഉപയോഗിച്ചും സീതയെ നിരന്തരം ഭീഷണിപ്പെടുത്തി. ബസിൽ യാത്ര പുറപ്പെടും മുൻപ് അമ്മയെ വിളിച്ച് സീത ഇക്കാര്യം പറഞ്ഞിരുന്നു. സനലിനെ ഭയന്നാണ് സീത ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് വന്നതെന്നും കുടുംബം വിശദീകരിച്ചു.
മലപ്പുറം: മലപ്പുറം വെന്നിയൂരിൽ വെച്ച് ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി സനൽ സഹോദരിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി സീതയുടെ സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യം സീത വീട്ടിൽ പറഞ്ഞിരുന്നു. സനൽ ഫോട്ടോകൾ ഉപയോഗിച്ചും സീതയെ നിരന്തരം ഭീഷണിപ്പെടുത്തി. ബസിൽ യാത്ര പുറപ്പെടും മുൻപ് അമ്മയെ വിളിച്ച് സീത ഇക്കാര്യം പറഞ്ഞിരുന്നു. സനലിനെ ഭയന്നാണ് സീത ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് വന്നതെന്നും കുടുംബം വിശദീകരിച്ചു.
ഇന്നലെ 11.15 ഓടെയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നടുക്കുന്ന സംഭവം അരങ്ങേറിയത്. കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ അങ്കമാലിയിൽ നിന്നും കയറിയ ഗൂഡല്ലൂർ സ്വദേശി സീതക്കാണ് കുത്തേറ്റത്. എടപ്പാളിൽ നിന്നും ബസിൽ കയറിയ വയനാട് മൂലങ്കാവ് സ്വദേശി സനിലാണ് ബാഗിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് യുവതിയെ ആക്രമിച്ചത്. അതിന് ശേഷം സനിൽ കത്തി ഉപയോഗിച്ച് സ്വയം കഴുത്തിനു മുറിവേൽപ്പിച്ചു. ഇരുവരെയും ബസ് ജീവനക്കാരും യാത്രക്കാരും ഉടൻ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു.
ഗുരുതര പരിക്കേറ്റ യുവാവിനെ ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. നെഞ്ചിൽ കുത്തേറ്റ യുവതിയുടെ നില സാരമല്ലെങ്കിലും മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. യുവാവ് കോട്ടയത്തും യുവതി ആലുവയിലുമാണ് ജോലി ചെയ്യുന്നത്. ഇരുവരും രണ്ടു വർഷത്തോളമായി പരിചയക്കാരാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. യുവതിയെ ആക്രമിക്കണം എന്ന ഉദ്ദേശത്തോടെയാണ് യുവാവ് എടപ്പാൾ വെച്ച് ബസിൽ കയറിയത്. രണ്ടു പേരുടെയും ബന്ധുക്കളോ സുഹൃത്തുക്കളോ ബസിൽ ഉണ്ടായിരുന്നില്ല. ഇത് മനസിലാക്കിയാണ് യുവാവ് ആക്രമണം അഴിച്ചുവിട്ടത്.