Sameer Wangade : നായകനിൽ നിന്ന് വില്ലനിലേക്കോ? സമീർ വാംഗഡെയുടെ ഭാവിയെന്ത്?

By Sreenath Chandran  |  First Published May 28, 2022, 12:08 AM IST

 Sameer Wankhede സിനിമയിലെ നായക കഥാപാത്രത്തെ പോലെ ആരാധക വലയമുണ്ടായിരുന്നു സമീർ വാംഗഡെയ്ക്ക്. ആരെയും കൂസാത്ത ഐആർഎസ് ഉദ്യോഗസ്ഥൻ. 


മുംബൈ: സിനിമയിലെ നായക കഥാപാത്രത്തെ പോലെ ആരാധക വലയമുണ്ടായിരുന്നു സമീർ വാംഗഡെയ്ക്ക്. ആരെയും കൂസാത്ത ഐആർഎസ് ഉദ്യോഗസ്ഥൻ. ഏത് വമ്പനെയും അറസ്റ്റ് ചെയ്യാനുള്ള ധൈര്യം. വീര കഥകളിലൊന്നാകേണ്ടിയിരുന്നു ആര്യൻഖാൻ പ്രതിയായ ലഹരി മരുന്ന് കേസ്. പക്ഷെ ഇത്തവണ പിഴച്ചു .കഥയിലെ നായകനിൽ നിന്ന് വില്ലനിലേക്കുള്ള വീഴ്ചയാണ് സമീർ വാംഗഡെയ്ക്ക് ഇത്

തുടക്കം മുതൽ ദുരൂഹത

Latest Videos

undefined

ഒക്ടോബർ 2നാണ് ആര്യൻഖാൻ അടക്കമുള്ളവരെ എൻസിബി കസ്റ്റഡിയിലെടുക്കുന്നത്. പ്രതികളുമായി എൻസിബി സംഘം വരുന്ന ദൃശ്യങ്ങൾ പിന്നാലെയെത്തി.അവിടെയാണ് ആദ്യം പിഴച്ചത്. സൗത്ത് മുംബൈയിലെ ഇഡി ഓഫീസിലേക്ക് പ്രതികളുമായി വന്നത് എൻസിബി ഉദ്യോഗസ്ഥ‍ർ മാത്രമായിരുന്നില്ല. അതിലൊന്ന് പ്രൈവറ്റ് ഡിക്ടറ്റീവ് കിരൺ ഗോസാവി , മറ്റൊരാൾ ബിജെപി പ്രവർത്തകർ മനീഷ് ബനുശാലി. ഇവർ കേസിലെ സാക്ഷികളെന്നായിരുന്നു ന്യായവാദം. പക്ഷെ  പ്രതിയായ ആര്യൻ ഖാനെ കൊണ്ട് കിരൺ ഗോസാവി എൻസിബി ഓഫീസിൽ വച്ച് ഫോൺ വിളിപ്പിക്കുന്ന ദൃശ്യങ്ങൾ കൂടി പുറത്ത് വന്നതോടെ ദുരൂഹത ഏറി. വെറുമൊരു സാക്ഷിക്ക് എൻസിബി ഓഫീസിൽ ഇത്രയും അധികാരമോ?! കിരൺ ഗോസാവി തൊഴിൽ തട്ടിപ്പ് കേസ് പ്രതിയാണെന്ന വിവരം പുറകെ വന്നു.പൂനെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് സമീർ വാംഗഡെയ്ക്കൊപ്പം റെയ്ഡിനെത്തിയത്! ലഹരി മരുന്ന് കേസിൽ അറസ്റ്റ് ചെയ്ത പ്രതികളുടെ വൈദ്യ പരിശോധന വേണ്ടെന്ന് വച്ചതും സമീറിന്‍റെ വലിയ പിഴവായി എൻസിബി ഇപ്പോൾ അംഗീകരിക്കുന്നു. 

സാക്ഷികളുടെ വെളിപ്പെടുത്തൽ

കിരൺ ഗോസാവിയുടെ അംഗരക്ഷകനായി പ്രഭാകർ സെയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ആര്യൻഖാനെ കുടുക്കിയതാണ്. ഷാരൂഖ് ഖാനിൽ നിന്നും 25 കോടി ഭീഷണിപ്പെടുത്തി തട്ടിയെടുക്കാനായിരുന്നു ശ്രമം. സമീർ വാംഗഡെയും കിരൺ ഗോസാവിയുമെല്ലാം ചേർന്ന് ഒരു സംഘമാണ്. ഷാരൂഖിന്‍റെ മാനേജർ പൂജാ ദാദ്‍ലാനിയുമായി അറസ്റ്റിനി പിന്നാലെ ചർച്ച നടത്തിയിട്ടുണ്ട്. പ്രഭാകർ സെയിലിന്‍റെ വെളിപ്പെടുത്തലിനൊപ്പം കിരൺ ഗോസാവി മുങ്ങി. പിന്നീട് പൂനെ പൊലീസാണ് തട്ടിപ്പ് കേസിൽ പിടികൂടിയത്. പ്രഭാകർ സെയിലിൽ ഒന്നും അവസാനിച്ചില്ല. ആരോപണങ്ങളുമായി കൂടുതൽ സാക്ഷികളെത്തി. ആരും റെയ്ഡ് നേരിട്ട് കണ്ടിട്ടില്ല. നിർബന്ധിച്ച് രേഖകളിലൊപ്പിടീച്ച് സാക്ഷികളാക്കിയതാണത്രേ.  

വിജിലൻസ് അന്വേഷണവും ചുമതല മാറ്റവും

സാക്ഷികളുടെ വെളിപ്പെടുത്തലോടെ സമീർ വാംഗഡെ പ്രതിരോധത്തിലായി. ആരോപണങ്ങൾ അന്വേഷിക്കാനായി എൻസിബി വിജിലൻസ് സംഘത്തെ അയച്ചു. ആര്യനടക്കം പ്രതികൾക്ക് 26 ദിവസങ്ങൾക്ക് ശേഷം ജാമ്യം കിട്ടി. ആരോപണങ്ങൾക്കപ്പുറം ശക്തമായ തെളിവുകളൊന്നും എൻസിബിയുടെ പക്കലില്ലായിരുന്നു. മഹാരാഷ്ട്രാ പൊലീസും സാക്ഷികളുടെ വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിച്ചു. കാര്യങ്ങൾ ഈ വിധം കുഴഞ്ഞ് മറിയുന്നതിനിടെ എൻസിബി സമീർ വാംഗഡെയെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി. പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. 

വ്യാജ സർട്ടിഫിക്കറ്റും ബാർ ലൈസൻസും 

എൻസിപി മന്ത്രി നവാബ് മാലിക്കും സമീർ വാംഗഡെയ്ക്കെതിരെ രംഗത്ത് വന്നു. സിവിൽ സർവീസ് പരീക്ഷയിൽ സമീ‍ർ സംവരണം നേടിയത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണെന്നായിരുന്നു ആരോപണം. മുസ്ലീം ആയി ജീവിക്കുന്ന സമീർ എസ് സി സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതാണ്. ഇത് തെളിയിക്കാൻ ചില രേഖകളും അദ്ദേഹം പുറത്ത് വിട്ടു.സമീറിന്‍റെ അച്ഛൻ ഹിന്ദുവാണെങ്കിലും അമ്മ മുസ്ലീം സമുദായത്തിൽ നിന്നാണ്.സമീർ വിവാഹം കഴിച്ചതടക്കം മുംസ്ലീം ആചാര പ്രകാരമാണ്. സ്കൂൾ രേഖകളിലും മുസ്ലീം എന്ന് രേഖപ്പെടുത്തിയിട്ടും എസ്സി സംവരണം നേടിയെടുത്തെന്നാണ് ആരോപണം. എസ് സി കമ്മീഷന്‍റെ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു.
                         നവിമുംബൈയിലെ വാഷിയിൽ സമീറിന്‍റെ ഉടമസ്ഥതയിലുള്ള ഒരു ബാറിന്‍റെ വിവരങ്ങളും പിന്നാലെയെത്തി. 1997ലാണ് സമീറിന് ബാർ ലൈസൻസ് കിട്ടുന്നത്. അന്ന് 17 വസ് മാത്രമേ ഉള്ളൂ. നിയമപ്രകാരം 21 വയസ് തികഞ്ഞാലെ ലൈസൻസ് കിട്ടൂ. എക്സൈസ് വകുപ്പിൽ അന്ന് ജോലിചെയ്തിരുന്ന അച്ഛൻ ധ്യാൻദേവ് വാംഗഡെയാണ് വഴിവിട്ട് സഹായിച്ചതെന്നാണ് കണ്ടെത്തൽ. അന്വേഷങ്ങൾക്കൊടുവിൽ ബാർലൈസൻസ് റദ്ദാക്കി. കറകളഞ്ഞ ഉദ്യോഗസ്ഥനെന്ന ഇമേജിനേറ്റ വലിയ തിരിച്ചടിയായി ഈ സംഭവം

ഒരു ഉദ്യോഗസ്ഥന്‍റെ ഊമക്കത്ത്

പേര് വെളിപ്പെടുത്താത്ത ഒരു എൻസിബി ഉദ്യോഗസ്ഥന്‍റെ കത്ത് അതിനിടെ നവാബ് മാലിക്ക് പുറത്ത് വിട്ടു.രണ്ട് വർഷമായി സമീർ വാങ്കഡെയ്ക്കൊപ്പം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെന്നാണ് കത്തിൽ പറയുന്നത്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ് അന്വേഷിക്കാനാണ് ഡിആർഐയിൽ ആയിരുന്ന സമീർ വാംഗഡെ എൻസിബിയിലേക്ക് വരുന്നത്. ബോളിവുഡിനെ ലക്ഷ്യം വയ്ക്കാൻ അന്നത്തെ എൻസിബി ഡിജി ആയിരുന്ന രാകേഷ് അസ്താന നിർദ്ദേം നൽകിയിരുന്നു. റിയാ ചക്രബർത്തിക്കെതിരെയടക്കം തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് കത്തിൽ പറയുന്നു. തെറ്റ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരിലൊരാളെ സമീ‍ർ മാറ്റി. ബോളിവുഡ് താരങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഭീഷണിപ്പെടുത്തി. ദീപികാ പദുകോൺ,രാകുൽ പ്രീത്,സാറാ അലിഖാൻ,ശ്രദ്ധാ കപൂർ തുടങ്ങിയ താരങ്ങളെ ഭീഷണിപ്പെടുത്തി പണം വാങ്ങി. അയാസ് ഖാൻ എന്ന വക്കീൽ വഴിയാണ് പണം തട്ടിയത്. ആര്യൻഖാനിൽ നിന്ന് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ എൻസിബി തന്നെ കൊണ്ടുവച്ചതാണ്. അത് കൊണ്ടുപോയ ഉദ്യോഗസ്ഥരുടെ പേരടക്കം കത്തിലുണ്ട്. ലഹരി ഇടപാടുകാരിൽ നിന്ന് സംഘടിപ്പിക്കുന്നതാണ് കൊണ്ടുവയ്ക്കുന്ന തൊണ്ടിമുതലുകളെന്ന് കത്തിൽ പറയുന്നു. ഇതേ രീതിയിൽ കെട്ടിച്ചമച്ച 26 കേസുകളുടെ വിവരങ്ങളും കത്തിലുണ്ട്.  

നിലവിൽ ഡിആർഐയിൽ

എൻസിബിയിൽ ഡെപ്യൂട്ടേഷനിലായിരുന്ന സമീ‍ർ തിരികെ ഡിആർഐയിലേക്ക് മടങ്ങിയത് ഇക്കഴിഞ്ഞ മാർച്ച് 31ന്. ആര്യൻഖാന് എൻസിബി ക്ലീൻ ചിറ്റ് നൽകുമ്പോൾ അത് സമീറിന് വ്യക്തിപരമായി തിരിച്ചടിയാണ്. നേരത്തെ ഉയ‍ർന്ന ആരോപണങ്ങൾക്ക് ഇനി ശക്തി കൂടുമെന്ന് പ്രതീക്ഷിക്കാം. ഒപ്പം വകുപ്പുതല നടപടിയും.
 

click me!