സച്ചിൻ റോയ് മാത്യു 2012 ല്‍ ഷവര്‍മ്മ വിഷബാധയുടെ കേരളത്തിലെ ആദ്യത്തെ ഇര

By Web Team  |  First Published May 2, 2022, 2:22 AM IST

2012 ജുലൈ 10ന് ബെംഗ്ലൂരുവിലെ ലോഡ്ജിൽ 21കരനായ സച്ചിൻ റോയ് മാത്യു മരിച്ചത് വലിയ വിവാദമാണുണ്ടാക്കിയത്.


തിരുവനന്തപുരം; 2012 ലാണ് സംസ്ഥാനത്ത് ഷവർമ കഴിച്ചതിനെ തുടർന്നുള്ള വിഷബാധ (Food poison) ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലിൽ നിന്ന് ഷവർമ്മ (shawarma) വാങ്ങി കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചതെന്ന പരാതി വലിയ ചർച്ചയായി. ഷവർമ വഴിയുള്ള ഭക്ഷ്യവിഷബാധകൾ റിപ്പോർട്ട് ചെയ്യുമ്പോഴൊക്കെ തുടർനടപടികൾ പേരിലൊതുക്കുകയാണ് ഭക്ഷ്യ സുരക്ഷാവകുപ്പ്

2012 ജുലൈ 10ന് ബെംഗ്ലൂരുവിലെ ലോഡ്ജിൽ 21കരനായ സച്ചിൻ റോയ് മാത്യു മരിച്ചത് വലിയ വിവാദമാണുണ്ടാക്കിയത്. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്നായിരുന്നു പരാതി. ഇതേ ഹോട്ടലിൽ നിന്നും ഷവ‍ർമ കഴിച്ച പത്തിലധികം പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഹോട്ടലുടമയെ അറസ്റ്റ് ചെയ്തിരുന്നു. 

Latest Videos

മലയാളികൾക്കിടയിൽ പ്രിയങ്കരമായികൊണ്ടിരുന്ന ഷവർമ സംശയമുനയിലാകുന്നത് ഇതോടെയാണ്. യുവാവിന്റെ മരണത്തോടെ ഫുഡ് സേഫ്റ്റി കമ്മീഷണർ അന്വേഷണത്തിനും വ്യാപക പരിശോധനയ്ക്കും ഉത്തരവിട്ടു.സംസ്ഥാനവ്യാപകമായി നടന്ന റെയ്ഡിൽ ആയിരത്തിലധികം ഭക്ഷ്യശാലകളിൽ പരിശോധന നടത്തി. തീർത്തും മോശാന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന 50 സ്ഥാപനങ്ങൾ അടപ്പിച്ചു. 

നാനൂറിലേറെ കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകി. കൊച്ചിയിൽ അടക്കം പല സ്ഥലങ്ങളിലും ഷവർമയ്ക്ക് താത്കാലിക നിരോധനമുണ്ടായി. ഭക്ഷ്യശാലകളെ കറിച്ച് പരാതികൾ നേരിട്ട് അറിയിക്കുന്നതിനായി ഹെൽപ്ലൈൻ സംവിധാനങ്ങൾ ഒരുക്കി. ഭക്ഷ്യസുരക്ഷാ നിയമം കർശനമായി നടപ്പിലാക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കാർ ആവർത്തിച്ചു. 

പക്ഷെ പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിലെല്ലാം ഷവർമ്മ കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യവിഷബാധ സ്ഥിരം വാർത്തയായി. ഷവർമ്മക്കായി കൊണ്ട് വന്ന മോശം ഇറച്ചി പല തവണ പിടികൂടി. വൃത്തിയുള്ള അന്തരീക്ഷത്തിൽ ഷവർമ ഉണ്ടാക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശം ഇപ്പോഴും നടപ്പാകുന്നില്ലെന്നാണ് യാഥാ‍ർത്ഥ്യം.

click me!