ശബരിമല നിലയ്ക്കലില്‍ ചാരായവുമായി യുവാക്കള്‍; കടക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും നല്‍കാനെന്ന് മൊഴി, അറസ്റ്റ്

By Web Team  |  First Published Jan 3, 2024, 8:34 PM IST

ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എക്‌സൈസ് സംഘമാണ് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ചാരായം പിടികൂടിയത്.


പത്തനംതിട്ട: മദ്യനിരോധന മേഖലയായ നിലയ്ക്കലില്‍ ചാരായം പിടികൂടി എക്‌സൈസ്. കോന്നി സീതത്തോട് സ്വദേശി ജയകുമാര്‍, ആങ്ങമൂഴി സ്വദേശി നിശാന്ത് എന്നിവരെയാണ് ചാരായവുമായി അറസ്റ്റ് ചെയ്തത്. ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എക്‌സൈസ് സംഘമാണ് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ചാരായം പിടികൂടിയത്. പാര്‍ക്കിങ് ഗ്രൗണ്ടിലേക്കുള്ള വഴിയില്‍ വച്ച് വാഹന പരിശോധനയ്ക്കിടയില്‍ ഓട്ടോറിക്ഷയില്‍ നിന്നാണ് രണ്ടു ലിറ്റര്‍ ചാരായം പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. 

നിലയ്ക്കലില്‍ കടക്കാര്‍ക്കും, വാഹന ഡ്രൈവര്‍മാര്‍ക്കും വില്‍പ്പന നടത്താന്‍ കൊണ്ടുവന്ന ചാരായമാണ് പിടികൂടിയത്. നിലയ്ക്കല്‍ താത്കാലിക എക്‌സെസ് റെയ്ഞ്ചിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദിന്റെ സംഘമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രശോഭ്, അമല്‍ വേണു, ഡ്രൈവര്‍ ബിബിന്‍ ജോയി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. സംസ്ഥാനത്ത് നിരോധിച്ച ചാരായം ചെറിയ അളവില്‍ പോലും കൈവശം വയ്ക്കുന്നത് ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണെന്നും എക്‌സൈസ് അറിയിച്ചു. 

Latest Videos

undefined

കാറില്‍ കടത്തിക്കൊണ്ടു വന്ന 374 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

ആലപ്പുഴ: കായംകുളം പത്തിയൂരില്‍ 374 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയതായും എക്‌സൈസ് അറിയിച്ചു. വ്യാജ മദ്യ നിര്‍മ്മാണത്തിനായി മാരുതി സിഫ്റ്റ് കാറില്‍ കടത്തിക്കൊണ്ടു വന്ന സ്പിരിറ്റാണ് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം മഹേഷും സംഘവും പിടികൂടിയത്. ആലപ്പുഴയിലെ കുപ്രസിദ്ധ സ്പിരിറ്റ് ഇടപാടുകാരനും വ്യാജമദ്യ നിര്‍മ്മാണമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയുമായ ചേരവള്ളി സ്റ്റീഫന്‍ വര്‍ഗീസിന്റെ സ്പിരിറ്റാണ് പിടികൂടിയത്. സ്റ്റീഫന്‍ തല്‍സമയം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളുടെ സഹായി ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് സ്വദേശി 29 വയസ്സുള്ള രഞ്ജിത്ത് കുമാര്‍ അറസ്റ്റിലായി. സ്റ്റീഫനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് എക്‌സൈസ് അറിയിച്ചു. 

വിദ്യാര്‍ഥിനി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് പൊലീസ് 
 

tags
click me!