വാങ്ങിയ സാധനങ്ങൾ കാറിലേക്ക് വയ്ക്കുന്നതിനിടെയാണ് അജ്ഞാത സ്ത്രീ ഇവരെ ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പുറത്തും കവിളിലും അടക്കമാണ് മൂന്ന് വയസുകാരന് കുത്തേറ്റത്.
ഒഹിയോ: ഗ്രോസറി കടയ്ക്ക് പുറത്ത് അജ്ഞാത സ്ത്രീയുടെ കത്തി ആക്രമണത്തിൽ 3 വയസുകാരന് ദാരുണാന്ത്യം. അമേരിക്കൻ സംസ്ഥാനമായ ഒഹിയോയിലാണ് സംഭവം. അമ്മയ്ക്കൊപ്പം സാധനങ്ങൾ വാങ്ങാനെത്തിയ 3 വയസുകാരൻ ജൂലിയൻ ആണ് കൊല്ലപ്പെട്ടത്. മൂന്ന് വയസുകാരന്റെ അമ്മ മാർഗരറ്റ് വുഡിനും കത്തി ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
വാങ്ങിയ സാധനങ്ങൾ കാറിലേക്ക് വയ്ക്കുന്നതിനിടെയാണ് അജ്ഞാത സ്ത്രീ ഇവരെ ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പുറത്തും കവിളിലും അടക്കമാണ് മൂന്ന് വയസുകാരന് കുത്തേറ്റത്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിൽ 38കാരിയായ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഗ്രോസറി കടയിൽ നിന്ന് ഇറങ്ങിയ അമ്മയെ കുറച്ച് നേരം പിന്തുടർന്നാണ് അക്രമി ഇവരുടെ അടുത്ത് എത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. 32കാരിയായ ബിയോൺക എലിസ് എന്ന സ്ത്രീയാണ് അക്രമി. ആക്രമിക്കപ്പെട്ടവരും 32കാരിയും തമ്മിൽ പരിചയമില്ലെന്നും പെട്ടന്നുള്ള ആക്രമണമാണ് ഉണ്ടായതെന്നുമാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്.
സമീപത്തെ ഒരു കടയിൽ നിന്നാണ് ആക്രമണത്തിന് ഉപയോഗിച്ച കത്തി 32കാരി മോഷ്ടിച്ചത്. കാറിലെ സീറ്റിനുള്ളിൽ ഇരിക്കുകയായിരുന്നു ജൂലിയൻ. അക്രമത്തിനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് വിശദമാക്കിയ നോർത്ത് ഓംസ്റ്റെഡ് മേയർ കുടുംബത്തിന്റെ വിഷമത്തിൽ പങ്കു ചേരുന്നതായി ചൊവ്വാഴ്ച വിശദമാക്കി. ക്രൂരമായ കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ ചുമത്തിയാണ് 32കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം