ശനിയാഴ്ച മാതാവ് ശിവാനി അഗര്‍വാളിന്റെ സാന്നിധ്യത്തിലാണ് പൂനെ പൊലീസ് വിദ്യാര്‍ഥിയെ ചോദ്യം ചെയ്തത്.
പൂനെ: പൂനെയില്‍ പോര്‍ഷെ കാറോടിച്ച് ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പതിനേഴുകാരന്റെ മൊഴി പുറത്ത്. അപകടം നടന്ന ദിവസം താന്‍ നന്നായി മദ്യപിച്ചിരുന്നുവെന്ന് 17കാരന്‍ പൊലീസിനോട് സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്ന് നടന്ന സംഭവങ്ങള്‍ പൂര്‍ണമായി ഓര്‍മയില്ലെന്നും 17കാരന്‍ മൊഴി നല്‍കിയെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
ശനിയാഴ്ച മാതാവ് ശിവാനി അഗര്‍വാളിന്റെ സാന്നിധ്യത്തിലാണ് പൂനെ പൊലീസ് വിദ്യാര്‍ഥിയെ ചോദ്യം ചെയ്തത്. ജുവനൈല്‍ ഹോമില്‍ വച്ച് കൗമാരക്കാരനെ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാനുള്ള അനുമതി കഴിഞ്ഞദിവസമാണ് പൊലീസിന് ലഭിച്ചത്.
കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ശിവാനിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചിട്ടില്ലെന്ന് വരുത്താന്‍ മകന്റെ രക്ത സാമ്പിളിന് പകരം തന്റെ രക്ത സാമ്പിള്‍ നല്‍കി പരിശോധനയില്‍ കൃത്രിമം നടത്തിയെന്നാണ് ശിവാനിയുടെ പേരിലുള്ള കേസ്. അട്ടിമറിയ്ക്ക് കൂട്ടുനിന്ന പൂനെ സസൂണ്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും നേരത്തെ അറസ്റ്റിലായിരുന്നു. കുറ്റമേല്‍ക്കാന്‍ കുടുംബ ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിന് പതിനേഴുകാരന്റെ അച്ഛന്‍ വിശാല്‍ അഗര്‍വാളും മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
പൂനെയെ നടുക്കിയ ദാരുണമായ വാഹനാപകടത്തിനു പിന്നാലെ പ്രതിയായ പതിനേഴുകാരനെ രക്ഷിക്കാന്‍ സമ്പന്ന കുടുംബം നടത്തിയ ഗൂഢാലോചന ഒന്നൊന്നായി പുറത്തു വന്നിരുന്നു. മെയ് 19നാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കുന്നതിന് മുന്‍പ് ബാറില്‍ നിന്ന് മദ്യപിച്ച 17കാരന്റെ രക്ത സാമ്പിളില്‍ മദ്യത്തിന്റെ അംശമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെ പൊലീസിനെതിരെ വലിയ രീതിയിലാണ് വിമര്‍ശനം ഉയര്‍ന്നത്. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് സംഭവത്തിലെ ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്ത് വന്നത്.