യുവതിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ മന്ത്രവാദ പൂജ നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
കൊച്ചി: മന്ത്രവാദം നടത്തിയ സ്വർണാഭരണം ധരിച്ചാൽ വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടിയ യുവാവ് അറസ്റ്റില്‍. തൃശ്ശൂർ പാവറട്ടി സ്വദേശി ഷാഹുൽ ഹമീദാണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. പച്ചാളത്ത് താമസിച്ചിരുന്ന യുവതിയിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. 17 പവൻ സ്വർണവും എട്ട് ലക്ഷം രൂപയും തട്ടിയെടുത്തുവെന്നാണ് പരാതി.
യുവതിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ മന്ത്രവാദ പൂജ നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാന പരാതിയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം, വിദേശത്തേക്ക് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ തയ്യാറാക്കി നൽകുന്ന തൊടുപുഴയിലെ ഏദൻസ് ജോബ് കൺസൾട്ടൻസി സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു.
റെയ്ഡിൽ നിരവധി വ്യാജ രേഖകളും സീലുകളും പിടിച്ചെടുത്തു. ഉടമ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ജോർജൻ സി ജസ്റ്റിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. വിദേശ രാജ്യങ്ങളിൽ പഠനത്തിന് പോകുന്ന വിദ്യാർത്ഥികൾ അവിടുത്തെ ദൈനംദിന ചെലവുകൾക്കായി നിശ്ചിത തുകയുടെ ബാങ്ക് ബാലൻസുണ്ടെന്ന സ്റ്റേറ്റ്മെൻറ് കാണിക്കണം. ഇതിനായി തൊടുപുഴയിലെ ഏദൻസ് എന്ന സ്ഥാപനം വ്യാജ സ്റ്റേറ്റുമെൻറുകൾ തയ്യാറാക്കി നൽകുന്നതായി ഫെഡറൽ ബാങ്ക് അധികൃതർ പരാതി നൽകുകയായിരുന്നു.
ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫെഡറൽ ബാങ്കിന്റെ പേരിൽ നിർമിച്ച നിരവധി വ്യാജ രേഖകൾ തൊടുപുഴ മങ്ങാട്ടുകവല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏദൻസ് ജോബ് കൺസൾട്ടൻസിയിൽ നിന്ന് പിടിച്ചെടുത്തത്. ബാങ്കിൻറെ പേരിൽ വ്യാജ ലെറ്റർ പാഡ് തയ്യാറാക്കിയായിരുന്നു തട്ടിപ്പ്. ഫെഡറൽ ബാങ്ക് മാനേജരുടെ വ്യാജ ഒപ്പും ഈ രേഖകളിലുണ്ടായിരുന്നു. വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾ നൽകിയ സ്റ്റേറ്റുമെൻറുകൾ അതാത് രാജ്യങ്ങൾ സ്ഥിരീകരിക്കാനായി ബാങ്കിലേക്ക് അയച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.