ജോലി തര്‍ക്കം മാത്രമായിരുന്നു കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെയും പ്രാഥമിക കണ്ടെത്തല്‍.
ബംഗളൂരു: മുതിര്‍ന്ന വനിതാ ജിയോളജിസ്റ്റ് കെഎസ് പ്രതിമയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കിരണില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയെന്ന് അന്വേഷണസംഘം. പ്രതിമയെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും 27 ഗ്രാം സ്വര്‍ണവും മോഷ്ടിച്ചതായി പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. മോഷ്ടിച്ച പണവും സ്വര്‍ണവും സുഹൃത്തിനാണ് കിരണ്‍ നല്‍കിയിരുന്നത്. ഉടന്‍ വാങ്ങാമെന്ന് പറഞ്ഞാണ് കിരണ്‍ സുഹൃത്തിന് പണവും ആഭരണങ്ങളും കൈമാറിയത്. ഇതാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.
നവംബര്‍ അഞ്ചിനാണ് മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പിലെ സീനിയര്‍ ജിയോളജിസ്റ്റ് കെഎസ് പ്രതിമ(45)യെ ബംഗളൂരു ജെപി നഗര്‍ സ്വദേശിയായ കിരണ്‍ കൊലപ്പെടുത്തിയത്. സുബ്രഹ്മണ്യപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വസതിയിലാണ് പ്രതിമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പില്‍ എട്ട് വര്‍ഷത്തോളം കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി ചെയ്ത വ്യക്തിയായിരുന്നു കിരണ്‍. നാലുവര്‍ഷം മുന്‍പാണ് പ്രതിമയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച വാഹനത്തിന്റെ ഡ്രൈവറായി കിരണ്‍ ജോലി ആരംഭിച്ചത്. രണ്ടുമാസം മുന്‍പ് ചില കാരണങ്ങളാല്‍ കിരണിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
undefined
തന്നെ ഡ്രൈവറായി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കിരണ്‍ പ്രതിമയെ സമീപിച്ചിരുന്നു. എന്നാല്‍ അതിന് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് അവരെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിന് പിന്നാലെ കിരണ്‍ പറഞ്ഞിരുന്നു. ജോലി തര്‍ക്കം മാത്രമായിരുന്നു കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെയും പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ പ്രതിമയുടെ വീട്ടില്‍ നിന്ന് കിരണ്‍ വലിയൊരു ബാഗുമായി പോകുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് മോഷണം സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തിയത്.