എല്ല് നീക്കുന്ന യന്ത്രത്തിന്റെ ഷാഫ്റ്റിലാണ് 16 കാരന്‍ കുടുങ്ങിപ്പോയത്. പ്രായപൂർത്തിയാകാത്തവർ ഇത്തരം യന്ത്രങ്ങളിൽ ജോലി ചെയ്യരുതെന്ന് നിബന്ധനയിരിക്കെയാണ് 16കാരനെ ഈ പ്ലാന്‍റിൽ ജോലി ചെയ്യിപ്പിച്ചിരുന്നത്
മിസിസിപ്പി: ഫാക്ടറിയിലെ കരാർ ജോലിക്കിടെ യന്ത്രങ്ങൾക്കിടയിൽപ്പെട്ട് 16 കാരന്‍ കൊല്ലപ്പെട്ട സംഭവത്തിൽ സ്ഥാപനത്തിന് വന്‍ തുക പിഴയിട്ട് അധികൃതർ. അമേരിക്കയിലെ മിസിസിപ്പിയിലെ പൌൾട്രി പ്രോസസിംഗ് യൂണിറ്റാണ് സംഭവം. സ്ഥാപനത്തിലെ കരാർ തൊഴിലാളിയായിരുന്ന 16കാരന്റെ കോഴിയിറച്ചി പ്രോസസ് ചെയ്യുന്ന യന്ത്രത്തിനിടയിൽ കുടുങ്ങി കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്ഥാപനം വരുത്തിയ വീഴ്ചയാണ് അപകടത്തിന് പിന്നിലെന്ന് വിശദമാക്കിയാണ് തൊഴിൽ വകുപ്പ് അധികൃതർ രണ്ട് ലക്ഷത്തിലധികം യുഎസ് ഡോളർ (ഏകദേശം 1.66 കോടി രൂപ) പിഴയിട്ടിരിക്കുന്നത്.
മിസിസിപ്പിയിലെ മാർ ജാക് പൌൾട്ട്രി ഫാക്ടറിയിൽ ഏതാനും മാസങ്ങൾക്ക് മുന്‍പാണ് അപകടമുണ്ടായത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ഇവർക്ക് കോഴിയിറച്ചി സംസ്കരിക്കാനുള്ള പ്ലാന്‍റുകളുണ്ട്. ഡുവാന്‍ തോമസ് പെരസ് എന്ന 16കാരനാണ് ഇറച്ചിയിൽ നിന്ന് എല്ലുകൾ നീക്കം ചെയ്യുന്ന യന്ത്രത്തിനിടയിൽ പെട്ട് കൊല്ലപ്പെട്ടത്. ഗ്വാട്ടിമാലയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയറിയ കുടുംബത്തിലെ അംഗമാണ് പെരസ്. ഏഴ് വർഷം മുന്‍പാണ് പെരസിന്റഎ കുടുംബം അമേരിക്കയിലെത്തിയത്. പ്ലാന്റിലേക്ക് തൊഴിലാളികളെ നൽകുന്ന കരാർ സ്ഥാപനത്തിന് കീഴിലെ ജോലിക്കാരനായിരുന്നു പെരസ്. 2023 ജൂലൈ 14 ന് സംഭവിച്ച അപകടത്തിലാണ് 16കാരന് ദാരുണാന്ത്യം സംഭവിച്ചത്.
എല്ല് നീക്കുന്ന യന്ത്രത്തിന്റെ ഷാഫ്റ്റിലാണ് 16 കാരന്‍ കുടുങ്ങിപ്പോയത്. പ്രായപൂർത്തിയാകാത്തവർ ഇത്തരം യന്ത്രങ്ങളിൽ ജോലി ചെയ്യരുതെന്ന് നിബന്ധനയിരിക്കെയാണ് പെരസിനെ ഈ പ്ലാന്‍റിൽ ജോലി ചെയ്യിപ്പിച്ചിരുന്നത്. അപകടത്തിന് പിന്നാലെ സർക്കാർ നടത്തിയ അന്വേഷണത്തിലാണ് പ്ലാന്റിലെ സുരക്ഷാ വീഴ്ചകൾ പുറത്ത് വരുന്നത്. രണ്ട് വർഷത്തിനിടയിൽ ഈ സ്ഥാപനത്തിലെ അപകടത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് 16കാരന്‍. 2021ൽ യന്ത്രത്തിൽ വസ്ത്രം കുടുങ്ങി യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇവിടെ പരിശധനകൾ നടന്നിരുന്നു. പരിശോധനാ സമയത്ത് കാര്യങ്ങൾ കൃത്യമാവുകയുെ പിന്നീട് പഴയ രീതിയിലാവുകയും ചെയ്തതാണ് കൌമാരക്കാരന്റെ ജീവൻ അപകടത്തിലാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം