ഡിസംബര്‍ 31 മുതല്‍ ജനുവരി നാലു വരെയാണ് സുചന സേത്ത് സൗത്ത് ഗോവയിലെ സേവന അപ്പാര്‍ട്ട്മെന്റില്‍ തങ്ങിയത്.
പനാജി: നാലുവയസുകാരന്‍ മകനെ കൊല്ലുന്നതിന്റെ ഒരാഴ്ച മുന്‍പ് സുചന സേത്ത് ഗോവയില്‍ എത്തി ദിവസങ്ങളോളം അപ്പാര്‍ട്ട്മെന്റില്‍ തങ്ങിയിരുന്നുവെന്ന് പൊലീസ്. ഡിസംബര്‍ 31 മുതല്‍ ജനുവരി നാലു വരെയാണ് സുചന സേത്ത് സൗത്ത് ഗോവയിലെ സേവന അപ്പാര്‍ട്ട്മെന്റില്‍ തങ്ങിയത്. നാലിന് ബംഗളൂരുവിലേക്ക് മടങ്ങി. തുടര്‍ന്ന് ആറാം തീയതി വൈകുന്നേരമാണ് കുഞ്ഞിനൊപ്പം ഗോവയില്‍ വീണ്ടുമെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ആറിന് രാത്രി 11:30നാണ് സുചന സോള്‍ ബനിയന്‍ ഗ്രാന്‍ഡെ സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ ചെക്ക് ഇന്‍ ചെയ്തതെന്നും ഇവിടെയെത്തി രണ്ട് മണിക്കൂറിനുള്ളില്‍ മകനെ കൊല്ലുകയായിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി. ജനുവരി ഏഴാം തീയതി പകല്‍ മുഴുവന്‍ ആരെയും വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ചെയ്യാതെ മുറിയില്‍ തന്നെ ഇരുന്നു. ഏകദേശം രാത്രി 11:45നാണ് റിസപ്ഷനില്‍ വിളിച്ച് ബംഗളൂരുവിലേക്ക് പോകാന്‍ ക്യാബ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം, മകന്റെ മൃതദേഹവുമായി അപ്പാര്‍ട്ട്‌മെന്റ് വിട്ട് ഇറങ്ങുകയായിരുന്നു. മകനെ കൊന്ന് ഏകദേശം 19 മണിക്കൂറോളം സുചന മൃതദേഹത്തോടൊപ്പം ഒരേ മുറിയില്‍ ചെലവഴിച്ചുവെന്നാണ് നിഗമനമെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് യാത്ര ചെയ്യവെയാണ് സുചന പൊലീസിന്റെ പിടിയിലായത്. യുവതി അപ്പാര്‍ട്ട്മെന്റ് വിട്ട ശേഷം മുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സിസി ടിവി പരിശോധിച്ചപ്പോള്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി. ഇതോടെ പൊലീസുകാര്‍ ടാക്‌സി ഡ്രൈവറെ ഫോണില്‍ വിളിച്ചു. മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ അടുത്താക്കിയെന്ന് യുവതി അറിയിക്കുകയായിരുന്നു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ അതും നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് വീണ്ടും ഡ്രൈവറെ ബന്ധപ്പെട്ടു. വാഹനം എവിടെ എത്തിയെന്ന് ചോദിച്ചപ്പോള്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. യുവതിക്ക് ഒരു സംശയവും തോന്നാതെ അവരെയും കൊണ്ട് വണ്ടി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കയറാന്‍ ഗോവ പൊലീസ് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി എത്തിച്ചു. ഗോവ പൊലീസ് അറിയിച്ചതനുസരിച്ച് ഐമംഗലയിലെ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പൊലീസ് സുചനയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.