കൊലപാതക കേസ്: ഒളിംപിക് മെഡല്‍ ജേതാവായ ഗുസ്തി താരം സുശീല്‍ കുമാർ ഒളിവില്‍

By Web Team  |  First Published May 7, 2021, 12:16 AM IST

കഴി‌ഞ്ഞ ദിവസം ഗുസ്തി താരങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് സാഗര്‍ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.


ദില്ലി: ഒളിംപിക് മെഡല്‍ ജേതാവായ ഗുസ്തി താരം സുശീല്‍ കുമാർ ഒളിവില്‍. കൊലപാതക കേസില്‍ ദില്ലി പൊലീസ് തെരച്ചില്‍ ആരംഭിച്ചതോടെയാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയത്. മുന്‍ ജൂനിയര്‍ ദേശീയ ചാന്പ്യന്‍ സാഗര്‍ കുമാറിന്‍റെ കൊലപാതക കേസിലാണ് താരത്തിനെതിരെ അന്വേഷണം നടക്കുന്നത്.

കഴി‌ഞ്ഞ ദിവസം ഗുസ്തി താരങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് സാഗര്‍ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.സുശീല്‍ കുമാറുമായി ബന്ധമുള്ള വീട്ടിലാണ് സാഗറും സുഹൃത്തുക്കളും താമസിച്ചിരുന്നത്. വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവരും തമ്മില്‍ ഉണ്ടായിരുന്നു. ഈ സാഹചര്യം നിലനില്‍ക്കുന്നതിനിടയിലായിരുന്നു സംഘര്‍ഷവും കൊലയും. 

Latest Videos

സുശീല്‍ കുമാര്‍ , അജയ്, പ്രിൻസ് സോനു,സാഗര്‍ , അമിത് എന്നിവര്‍ ഛത്രസാല്‍ സ്റ്റേഡിയത്തിന് സമീപം വച്ച് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ സാഗര്‍ കുമാർ മരിക്കുകയും സോനു മഹല്‍ , അമിത് കുമാര്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുശീല്‍ കുമാറിന് കുറ്റകൃത്യത്തില്‍ പങ്കെണ്ടുന്ന പ്രാഥമിക അനുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ വീട്ടില്‍ അന്വേഷിച്ചെത്തിയെങ്കിലും പൊലീസിന് കണ്ടെത്താനായില്ല. 

സംഘര്‍ഷത്തില്‍ പരിക്കേറ്റവവരുടെ മൊഴി ദില്ലി പൊലീസ് രേഖപ്പെടുത്തി. വെടിയൊച്ച കേട്ടുവെന്നും രണ്ട് പേര്‍ പിസ്റ്റലുമായി നില്ക്കുന്നുവെന്നും പ്രദേശവാസികളില്‍ ഒരാള്‍ രാത്രി രണ്ട് മണിക്ക് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. സ്ഥലത്ത് നിന്ന് ഒരു ഡബിള്‍ ബാരല്‍ തോക്കും അഞ്ച് കാറുകളും കണ്ടത്തിയിട്ടുണ്ട്. സുശീല്‍ കുമാറാണ് തുടര്‍ച്ചയായി രണ്ട് തവണ ഒളിംപിക്സ് മെഡല്‍ നേടിയ ഏക ഇന്ത്യന്‍ അത്ലറ്റ്. 2008 ല്‍ വെങ്കലവും 2012 ലെ ലണ്ടൻ ഒളിംപിക്സില്‍ വെള്ളിയും സുശീല്‍ കുമാര്‍ നേടി. ഗുസ്തിയിലെ ലോക ചാന്പ്യന്‍ഷിപ്പും നേടാന്‍ സുശീലിനായിരുന്നു.

click me!