ലഹരി മരുന്ന് പതിവായി വാങ്ങുന്നവരുടെ വിവരങ്ങളടങ്ങിയ ഡയറി ഇവരിൽ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതിലെ വിവരങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്.
കൊച്ചി: വരാപ്പുഴയിൽ മയക്കുമരുന്നുമായി യുവതിയടക്കം ആറ് പേർ പിടിയിലായ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. പ്രതികൾക്ക് മയക്കുമരുന്ന് ലഭിക്കുന്ന ഉറവിടവും ഇടുപാടുകാരെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ലോഡ്ജ് മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിലെ വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കറുകപ്പളളി എളമക്കരയിലെ ഒരു ലോഡ്ജിൽ വെച്ച് വരാപ്പുഴ സ്വദേശിയായ യുവതിയടക്കം ആറ് പേരെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ലോഡ്ജിൽ യുവതിയടക്കമുള്ള ഒരു സംഘം തങ്ങുന്നുണ്ടെന്നായിരുന്നു പൊലീസിന് കിട്ടിയ വിവരം. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കൊക്കെയിൻ, മെത്താംഫിറ്റമിൻ, കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്. മയക്കുമരുന്ന് സ്വന്തം ഉപയോഗിത്തിനും വിപണനത്തിനുമായി കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്. ബെംഗളൂരുവിൽ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം.
വരാപ്പുഴ സ്വദേശിനിയായ അൽക്കാ ബോണിയ്ക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ് , രഞ്ജിത്ത്, ഷൊർണൂർ സ്വദേശി മുഹമ്മദ് അസർ, തൃശൂർ സ്വദേശി അബിൽ ലൈജു എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായവരിൽ ചിലർ മുൻപ് സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ലോഡ്ജ് മുറിയിൽ നിന്ന് പിടികൂടുന്ന സമയം പൊലീസിനെ ചെറുക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു.
എന്നാൽ പൊലീസ് സംഘം യുവാക്കളെ വളഞ്ഞ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പ്രതികൾ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ലഹരി മരുന്ന് പതിവായി വാങ്ങുന്നവരുടെ വിവരങ്ങളടങ്ങിയ ഡയറി ഇവരിൽ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതിലെ വിവരങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്. കേസിൽ വിശദമായ അന്വേഷണം നടക്കുമെന്ന് എളമക്കര പൊലീസ് അറിയിച്ചു.
Read More : പൊന്നാനിയിൽ ന്യൂജെൻ മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസിന്‍റെ പിടിയിൽ