പോക്സോ കേസ്, വിധിയുടെ തലേന്ന് പ്രതി മുങ്ങി, കാണാനില്ലെന്ന് പരാതിയും; 9 വർഷം ഒളിവിൽ, ഒടുവിൽ അറസ്റ്റ്

By Web Team  |  First Published Jul 4, 2023, 1:42 PM IST

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വിചാരണ പൂർത്തിയായി വിധി പ്രഖ്യാപിക്കാൻ തീയതി തീരുമാനിച്ചതിന്‍റെ തലേന്നാണ് മാത്തുക്കുട്ടി മുങ്ങിയത്


ഇടുക്കി: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വിധി വരുന്നതിന് തലേ ദിവസം ഒളിവിൽ പോയ പ്രതിയെ ഒൻപത് വർഷത്തിന് ശേഷം പിടികൂടി പൊലീസ്. നെടുങ്കണ്ടം വടക്കേപ്പറമ്പിൽ മാത്തുക്കുട്ടി (56) ആണ് വർഷങ്ങൾക്ക് ശേഷം കർണാടകയിലെ കുടകിൽ നിന്നും നെടുങ്കണ്ടം പൊലീസിന്‍റെ പിടിയിലായത്. പോക്സോ കേസിൽ വിധി വരുന്നതിന് മുമ്പായി മാത്തുക്കുടി നാട് വിടുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ നെടുങ്കണ്ടം പൊലീസ് സബ് ഇൻസ്പെക്ടർ ടി.എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വിചാരണ പൂർത്തിയായി വിധി പ്രഖ്യാപിക്കാൻ തീയതി തീരുമാനിച്ചതിന്‍റെ തലേന്നാണ് മാത്തുക്കുട്ടി മുങ്ങിയത്. തുടർന്ന് കട്ടപ്പന പോക്സോ കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. അതേ സമയം തന്നെ ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി മാത്തുക്കുട്ടിയുടെ ഭാര്യ  നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. 

Latest Videos

പൊലീസിനെ വെട്ടിച്ച് സംസ്ഥാനത്തിന് അകത്തും പുറത്തും പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ മാത്തുക്കുട്ടി   കർണാടകയിലെ കുടകിലുള്ള ക്രഷർ യൂണിറ്റിൽ ജോലി ചെയ്യുന്നതായി അടുത്തിടെ പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതോടെ അന്വേഷണ സംഘം പ്രതിയെ കുടകിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എസ്ഐ ബിനോയി എബ്രാഹം, എൻ.ആർ .രജ്ഞിത്ത്, അരുൺ കൃഷ്ണ സാഗർ, ആർ.രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് മാത്തുക്കുട്ടിയെ അറസ്റ്റ് ചെയ്തത്.  പ്രതിയെ കോടതിയിൽ ഹാജരാക്കി.

Read More :  'കൈയ്യിൽ കത്തി, എന്നെ വെടി വെക്കൂ എന്ന് അലർച്ച'; സാജുവിനെ യുകെ പൊലീസ് കീഴ്പ്പെടുത്തിയത് ഇങ്ങനെ- VIDEO

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

click me!