മനു മരിച്ചു കിടക്കുന്നതിന് സമീപം നാടൻ തോക്കും ഡിസ്‌പോസിബിള്‍ ഗ്ലാസുകളും മാനിറച്ചി നിറച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉണ്ടായിരുന്നു.
സുല്‍ത്താന്‍ബത്തേരി: ബന്ദിപ്പൂര്‍ വനമേഖലയില്‍ വന്യമൃഗ വേട്ടക്കാരും കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ചാമരാജ് നഗര്‍ ഗുണ്ടല്‍പേട്ട് ബീമനാബീഡ് സ്വദേശി മനു (27) എന്ന യുവാവും പിടിയിലായ ആളും സ്ഥിരമായി മൃഗവേട്ട നടത്തുന്നവരാണെന്ന നിഗനമത്തിലാണ് വനംവകുപ്പ്. ശനിയാഴ്ച രാത്രി ഉണ്ടായ സംഭവത്തില്‍ രക്ഷപ്പെട്ടവര്‍ക്കായി വനംവകുപ്പും പോലീസും ഇപ്പോഴും തെരച്ചില്‍ നടത്തിവരികയാണ്. വനത്തിനുള്ളില്‍ നിന്ന് തുടര്‍ച്ചയായ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് പട്രോളിങ് നടത്തുകയായിരുന്ന വനപാലക സംഘം ഈ വിവരം റെയ്ഞ്ച് ഓഫീസറെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് രണ്ട് സംഘങ്ങളായി വെടിയൊച്ച കേട്ട ഭാഗത്ത് തിരയുന്നതിനിടെയാണ് കൊല്ലപ്പെട്ട മനുവിനെയും വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ള മറ്റൊരാളെയും തോക്കുകളും മറ്റു ആയുധങ്ങളുമായി കണ്ടെത്തിയത്. കൂടുതല്‍ പേരുണ്ടായിരുന്നെങ്കിലും പരിശോധന നടക്കുന്നത് അറിഞ്ഞതോടെ ഇവര്‍ പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഏഴോ എട്ടോ പേര്‍ അടങ്ങുന്ന സംഘമാണ് വനത്തിനുള്ളില്‍ തോക്കുകളും മറ്റു ആയുധങ്ങളുമായി അതിക്രമിച്ച് കടന്നതെന്ന് വനംവകുപ്പ് പറയുന്നു. മധൂര്‍ റെയ്ഞ്ചിലുള്‍പ്പെട്ട ബന്ദിപ്പൂര്‍ വനമേഖലയിലെ ഹോങ്കഹള്ളിയില്‍ വെടിവെപ്പ് നടന്നത്.
മനു മരിച്ചു കിടക്കുന്നതിന് സമീപം തോക്കും ഡിസ്‌പോസിബിള്‍ ഗ്ലാസുകളും മാനിറച്ചി നിറച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉണ്ടായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട മാത്രയില്‍ രക്ഷപ്പെടുന്നതിനിടെ ഉദ്യോഗസ്ഥ സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. സ്വയംരക്ഷക്കായി തിരിച്ചുള്ള വെടിവെപ്പിനിടെ മനുവിന് വെടിയേറ്റെന്നും അധികൃതര്‍ വ്യക്തമാക്കി. ബാക്കിയുള്ളവര്‍ രക്ഷപ്പെടുന്നതിനിടയിലാണ് ഒരാളെ പിടികൂടിയത്. ഇയാളെ വനം ഉന്നത ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ബന്ദിപ്പൂര്‍ വനമേഖലയില്‍ മൃഗവേട്ട വ്യാപകമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രിയില്‍ വനംവകുപ്പ് കനത്ത പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെയാണ് വേട്ടക്കെത്തിയ സംഘത്തിലെ യുവാവ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ വിശദമായി അന്വേഷണം വരുംദിവസങ്ങളില്‍ ഉണ്ടായേക്കും. വനം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുറമെ ചാമ് രാജ് നഗര്‍ ജില്ല പോലീസ് മേധാവി പദ്മിനി സാഹു, അഡീഷണല്‍ എസ്.പി. ഉദേഷ് എന്നിവരും വെടിവെപ്പ് നടന്ന സ്ഥലം സന്ദര്‍ശിച്ചു.
Read More : ഓർഡർ ചെയ്തത് 4 ബിരിയാണി, ഒന്ന് തുറന്ന യുവതി ഞെട്ടി, വേവിക്കാത്ത കോഴിത്തല; സംഭവം മലപ്പുറത്ത്, അന്വേഷണം