തന്റെ മൊബൈൽ ഫോൺ 8,000 രൂപയ്ക്ക് വിൽക്കുകയാണെന്ന് പറഞ്ഞ് പ്രതി സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു.
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ സഹപാഠിയെ കൊലപ്പെടുത്തി വിദ്യാർത്ഥി. തന്റെ ഫോണിൽ നിന്ന് കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി കോപ്പി ചെയ്തെന്ന് ആരോപിച്ചാണ് സുഹൃത്തിനെ പ്ലസ് ടു വിദ്യാർത്ഥി കൊലപ്പെടുത്തിയത്. 16കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരം വീട്ടിലേയ്ക്ക് മകൻ മടങ്ങിയെത്താത്തിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. മാതാപിതാക്കൾ മകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ട്യൂഷൻ സെന്ററിൽ പോയി അന്വേഷിച്ചപ്പോഴാണ് അന്നേ ദിവസം അവധിയാണെന്ന് അറിയാൻ കഴിഞ്ഞത്. ഇതോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥി അവസാനമായി കണ്ടത് സുഹൃത്തിനെയാണെന്ന് വ്യക്തമായി. എന്നാൽ, കുറ്റാരോപിതനായ വിദ്യാർത്ഥി ആദ്യം പൊലീസിനെ തെറ്റിധരിപ്പിക്കാനാണ് ശ്രമിച്ചത്. പിന്നീട് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
തന്റെ മൊബൈൽ ഫോൺ 8,000 രൂപയ്ക്ക് വിൽക്കുകയാണെന്ന് പറഞ്ഞ് പ്രതി സുഹൃത്തിനെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചും മറ്റും അൽപ്പ സമയം ചെലവിട്ട ശേഷമായിരുന്നു പ്രതി കൃത്യം നടത്തിയത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണ് പ്രതി സുഹൃത്തിനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട 16കാരന്റെ മൃതദേഹം ഭവൻപൂർ എന്ന സ്ഥലത്ത് വെച്ച് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മീററ്റ് എസ്പി ആയുഷ് വിക്രം അറിയിച്ചു.
READ MORE: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം