'അക്രമിസംഘത്തിൽ അറിയാവുന്ന ആളുകളാണ് പരമാവധി ഉള്ളത്. അവരെല്ലാവരും ചുറ്റുമുള്ളവർ തന്നെയാണ്. ഇതിൽ പത്തിരുപത് പേരെയെങ്കിലും എനിക്കറിയാവുന്നതാണ്', എന്ന് മൻസൂറിന്‍റെ സഹോദരൻ മുഹ്‍സിൻ ഏഷ്യാനെറ്റ് ന്യൂസിനോട്.
കണ്ണൂർ: കണ്ണൂർ പാനൂരിൽ മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 24 പ്രതികളും ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. നാട്ടുകാരും ലീഗ് പ്രവർത്തകരും ചേർന്ന് പിടിച്ചുകൊടുത്ത ഒരു പ്രതിയല്ലാതെ മറ്റാരെയും പൊലീസ് ഇതുവരെ കസ്റ്റഡിയിൽ പോലും എടുത്തിട്ടില്ലെന്ന് കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു. പൊലീസിനെതിരെ വിമർശനം ശക്തമായ സാഹചര്യത്തിൽ അന്വേഷണസംഘത്തെ രണ്ടായി തിരിച്ചാണ് പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നത്. രണ്ട് സിഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളായാണ് പൊലീസുദ്യോഗസ്ഥരെ തിരിച്ചിട്ടുള്ളത്.
അക്രമികളെയെല്ലാവരെയും കണ്ടാൽ തിരിച്ചറിയാമെന്ന് മൻസൂറിന്‍റെ മുഹ്സിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
'അക്രമിസംഘത്തിൽ അറിയാവുന്ന ആളുകളാണ് പരമാവധി ഉള്ളത്. അവരെല്ലാവരും ചുറ്റുമുള്ളവർ തന്നെയാണ്. ഇതിൽ പത്തിരുപത് പേരെയെങ്കിലും എനിക്കറിയാവുന്നതാണ്' എന്നായിരുന്നു മുഹ്സിൻ പറഞ്ഞത്.
undefined
കേസിന്‍റെ അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായീൽ ഇന്നലെ രാത്രി മുഹ്സിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. മുഹ്സീനിൽ നിന്ന് വിശദമായ മൊഴിയും ഡിവൈഎസ്പി രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം മൻസൂറിന്‍റെ വീട്ടിലെത്തി ചുറ്റുമുള്ളവരുടെയും കുടുംബാംഗങ്ങളുടെയും വിശദമായ മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം എത്തുന്നുണ്ട്.
കേസിലെ മുഖ്യസൂത്രധാരൻ പാനൂർ മേഖലയിലെ ഡിവൈഎഫ്ഐ ട്രഷററായ കെ സുഹൈലാണെന്നാണ് ആരോപണം. സുഹൈൽ, ശ്രീരാഗ്, ഇപ്പോൾ പിടിയിലുള്ള സിനോഷ് എന്നിവരടക്കം 11 പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന ദൃക്സാക്ഷി മൊഴികൾ. ഇവർക്ക് സഹായം ചെയ്തുകൊടുത്ത പതിനാല് പേരുണ്ട്. അങ്ങനെ മൊത്തത്തിൽ 25 പേരാണ് കേസിലെ പ്രാഥമികമായി പ്രതിപ്പട്ടികയിലുള്ളവർ. ഇവരെല്ലാവരും പ്രദേശവാസികൾ തന്നെയാണ്. ഇതിൽ ഒരാളെ മാത്രമേ പൊലീസ് പിടികൂടിയിട്ടുള്ളൂ. ബാക്കിയെല്ലാവരും ഇപ്പോഴും ഒളിവിലാണ്.
കണ്ണൂർ, പാനൂർ മേഖലകളിലാണ് പ്രതികളെ തെരയാനായി പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തുന്നത്. സംഭവത്തിന് ദൃക്സാക്ഷികളായ എല്ലാവരുടെയും മൊഴി വിശദമായി രേഖപ്പെടുത്തും. ഇതിന് ശേഷം പ്രതിപ്പട്ടിക വിപുലപ്പെടുത്തും.
'കേസിൽ യുഎപിഎ ചുമത്തണം'
അതേസമയം, അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായീൽ സിപിഎമ്മുമായി അടുത്ത ബന്ധമുള്ളയാളാണെന്നാണ് ആരോപണം. ഈ അന്വേഷണസംഘത്തെ മാറ്റി മുതിർന്ന പൊലീസുദ്യോഗസ്ഥരുടെ ഒരു സംഘം രൂപീകരിക്കണം. ഇത് ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലായിരിക്കണം - എന്നാണ് കോൺഗ്രസ് ആവശ്യം.
നേരത്തേ ഷുഹൈബിന്‍റേതടക്കം കൊലപാതകങ്ങളിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടതാണെന്നും, അതിവിടെ ആവർത്തിക്കാൻ പാടില്ലെന്നും കെ സുധാകരൻ എംപി ആരോപിക്കുന്നു. അന്നെല്ലാം നീതി തേടി സുപ്രീംകോടതി വരെ കോൺഗ്രസിന് കയറിയിറങ്ങേണ്ടി വന്നു. കേസിൽ യുഎപിഎ ചുമത്തണമെന്നും, അത് വരെ കോൺഗ്രസ് അടങ്ങിയിരിക്കുമെന്ന് കരുതേണ്ടെന്നും കെ സുധാകരൻ പറയുന്നു.
നാളെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും കെ സുധാകരനും അടക്കമുള്ളവർ പാനൂർ ഹയർസെക്കന്‍ററി സ്കൂൾ കോമ്പൗണ്ടിൽ പ്രതിഷേധസംഗമം നടത്താനൊരുങ്ങുകയാണ്. അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും, പ്രതികളെ പിടികൂടാൻ പുതിയ അന്വേഷണസംഘത്തെ അടിയന്തരമായി രൂപീകരിച്ചേ തീരൂ എന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പാനൂർ മേഖലയിലെ അമ്മമാരെയും കുട്ടികളെയും അണിനിരത്തിയാണ് നാളെ പ്രതിഷേധസംഗമം നടത്തുക.
പ്രതിരോധിച്ച് സിപിഎം
പെരിങ്ങത്തൂർ പാനൂർ മേഖലയിൽ മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി സിപിഎം നേതൃത്വം പറയുന്നു. എട്ട് സിപിഎം ഓഫീസുകളും മൂന്ന് വ്യാപാര സ്ഥാപനങ്ങളും ഒരു വീടും തകർത്തു. അക്രമം നടത്തിയവരിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കാൻ നിയമനടപടി സ്വീകരിക്കും. മൻസൂറിന്‍റെ വിലാപയാത്രയ്ക്ക് പിന്നാലെയായിരുന്നു ആക്രമണം.