വ്യാഴാഴ്ച വൈകിട്ട് ആറേ മുക്കാലോടെയാണ് കൊലപാതകം നടന്നത്. ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു സംഘം ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ വിവാഹം കഴിഞ്ഞ് മൂന്നാം നാൾ നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു. മാരി സെൽവം (23), കാർത്തിക(21) എന്നിവരാണ് അതിക്രൂര കൊലപാതകത്തിന് ഇരയായത്. പെൺവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇരുവരും ഒരേ ജാതിയിൽ നിന്നുള്ളവരാണെന്നും, മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം ആയതിനാൽ കാർത്തികയുടെ കുടുംബം ഇവരുടെ വിവാഹത്തെ എതിർത്തിരുന്നു എന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് ആറേ മുക്കാലോടെയാണ് കൊലപാതകം നടന്നത്. ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു സംഘം ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താൻ മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി തൂത്തുക്കൂടി എസ് പി പറഞ്ഞു.
കഴിഞ്ഞ മാസം 30ന് മാരിയും കാർത്തികയും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു കോവിൽപെട്ടി സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് പ്രദേശത്തെ ക്ഷേത്രത്തിൽ വെച്ചു ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. കൊലപാതകത്തിൽ യുവതിയുടെ ബന്ധുക്കളാണ് കൊലപാതകത്തിന് പിന്നിലെന്നും അമ്മാവനടക്കമുള്ളവർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഷിപ്പിങ് കമ്പനിയിലാണ് കൊല്ലപ്പെട്ട മാരിസെൽവം ജോലി ചെയ്തിരുന്നത്.
Read More : കേരള പൊലീസിൽ 5 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 ഉദ്യോഗസ്ഥർ, 12 ആത്മഹത്യാ ശ്രമം; ഞെട്ടിക്കുന്ന റിപ്പോർട്ട്