ചായ പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. 15.8 കിലോ മെത്താഫെറ്റാമൈൻ പിടിച്ചെടുത്തെന്നും അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ 8 പേർ അറസ്റ്റിലായെന്നും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.
ചെന്നൈ: ചെന്നൈ വഴി ചായപാക്കറ്റിൽ ലഹരിമരുന്ന് കടത്താനുള്ള നീക്കം പൊളിച്ച് നാർകോറ്റിക്സ് കൺട്രോൾ ബ്യൂറോ. മണിപ്പൂരിലെ ഇംഫാലിൽ നിന്ന് 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. മ്യാൻമറിലെ തമുവിൽ നിന്ന് ശ്രീലങ്കയിലേക്ക് കടൽമാർഗം കടത്താനുള്ള ശ്രമത്തിനിടെയാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ലഹരിമരുന്ന് പിടിച്ചെടുത്തത്. 15.8 കിലോ മെത്താഫെറ്റാമൈൻ പിടിച്ചെടുത്തെന്നും അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ 8 പേർ അറസ്റ്റിലായെന്നും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.
മ്യാൻമറിലെ തമുവിൽ നിന്ന് മണിപ്പൂർ, ഗുവാഹത്തി, ചെന്നൈ വഴി ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു നീക്കം. ചായ പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ചെന്നൈയിൽ എത്തിച്ചത്. കഴിഞ്ഞ മാസം ആദ്യം 4 കിലോ മെത്താഫെറ്റാമൈനുമായി ഒരു വനിത ഉൾപ്പെടെ നാല് പേർ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചെന്നൈ, ബംഗ്ലൂരു, ഇമ്ഫാൽ യൂണിറ്റുകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ലഹരിക്കടത്ത് സംഘം പിടിയിലായത്.