തുറന്നിട്ട് ദിവസങ്ങള്‍ മാത്രം, നാടിനെ നടുക്കി തളിക്കുളം ബാറിലെ കൊല; അടങ്ങാത്ത പകയില്‍ നഷ്ടമായത് ഒരു ജീവന്‍

By Anju Raj  |  First Published Jul 13, 2022, 7:05 PM IST

തളിക്കുളത്തിനടുത്ത് കഴിഞ്ഞ 29 നാണ് സെന്‍ട്രല്‍ റെസിഡന്‍സി എന്ന ബാര്‍ തുടങ്ങിയത്. തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിലാണ്  കത്തിക്കുത്തും കൊലപാതകവും നടക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:  


തൃശൂര്‍: പണം തട്ടിയെന്ന ആരോപണത്തിലെ പ്രതികാരമാണ് തളിക്കുളം ബാറിലെ കൊലപാതകത്തിന് പിന്നിലെന്ന നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. ബാര്‍ തൊഴിലാളികളുടെ പക കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ബാര്‍ ഉടമയും തൊഴിലാളികളും വിഷയം കൈകാര്യം ചെയ്യാന്‍ ആശ്രയിച്ചത് ലോക്കല്‍ ഗുണ്ടാ സംഘങ്ങളെയാണ്. തളിക്കുളത്തിനടുത്ത് കഴിഞ്ഞ 29 നാണ് സെന്‍ട്രല്‍ റെസിഡന്‍സി എന്ന ബാര്‍ തുടങ്ങിയത്. തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിലാണ്  കത്തിക്കുത്തും കൊലപാതകവും നടക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:  

ബാറിലെ രണ്ട് തൊഴിലാളികള്‍ പണം അപഹരിച്ചെന്ന ആക്ഷേപമുയര്‍ന്നു. ഒന്നര ലക്ഷം രൂപ അപഹരിക്കപ്പെട്ടെന്നായിരുന്നു ആക്ഷേപം. വിഷ്ണു, അമല്‍ എന്നിവരാണ് മോഷണം നടത്തിയതെന്നായിരുന്നു ആരോപണം. പണം തിരിച്ചടച്ച ശേഷം ജോലിയിൽ തിരികെ പ്രവേശിച്ചാൽ മതിയെന്ന താക്കീതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ആരോപണം നേരിട്ട ബാര്‍ ജീവനക്കാര്‍ കാട്ടൂര്‍ സ്വദേശികളായ സുഹൃത്തുക്കളുടെ സഹായം തേടി.  

Latest Videos

തുടര്‍ന്ന് ഇന്നലെ രാത്രി 9.20ന് തളിക്കുളത്തെ സെൻട്രൽ റെസിഡൻസി ബാറിൽ ഏഴംഗ സംഘം ആയുധങ്ങളുമായെത്തി ആക്രമണം നടത്തുകയായിരുന്നു. ബാറുടമ കൃഷ്ണരാജിനെ ലക്ഷ്യമിട്ടാണ് സംഘം എത്തിയത്. റിസപ്ഷനില്‍ നിന്ന കൃഷ്ണ രാജിനോട് കാര്യം തിരക്കുന്നതിനിടെ മര്‍ദ്ദനം തുടങ്ങി. ഇതിനിടെ കൂട്ടത്തിലൊരാള്‍ കത്തിയെടുത്ത് കുത്തുകയും ചെയ്തു. കുതറിമാറിയ കൃഷ്ണരാജ് ക്യാബിനില്‍ കയറി കടകടച്ചു. വേഗത്തില്‍ പുറത്തേക്കിറങ്ങിയ സംഘം പുറത്തുണ്ടായിരുന്ന ബൈജുവിനെയും കൂട്ടാളി അനന്തുവിനെയും നേരിട്ടു.

ബാറിന് മുന്നില്‍ നടന്ന സംഘര്‍ഷത്തിലാണ് ബാറുടമയുടെ സുഹൃത്തായ ബൈജുവിന് കുത്തേറ്റത്. ആക്രമണം നടത്തിയശേഷം കാറില്‍ കയറി സംഘം രക്ഷപെടുകയും ചെയ്തു. ക്യാബിനില്‍ കുത്തേറ്റു കിടന്ന കൃഷ്ണരാജിനെ ബാര്‍ മാനേജരാണ് ആദ്യം കൊടുങ്ങല്ലൂരിലേക്കും പിന്നീട് കൊച്ചിയിലെ ആശുപത്രിയിലേക്കും കൊണ്ടുപോയത്. ബൈജുവിനെയും അനന്തുവിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.

എന്നാല്‍, ഗുരുതരമായി പരിക്കേറ്റ ബൈജുവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ച കൃഷ്ണരാജ് അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസിന് പ്രതികളുടെ കൂട്ടത്തില്‍ ബാര്‍ ജീവനക്കാര്‍ ഉണ്ടെന്ന മൊഴി കിട്ടിയതോടെ കാര്യങ്ങള്‍ എളുപ്പമായി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ പൊലീസ് തിരിച്ചറിയുകയും ചെയ്തു. പുലര്‍ച്ചെയോടെ ഇരിങ്ങാലക്കുട പൊറത്തിശേരി പരിസരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.

വാഹനത്തില്‍ നിന്ന് വടിവാളുകളില്‍ ഒന്ന് കണ്ടെത്തിയിട്ടുണ്ട്. കാട്ടൂർ സ്വദേശികളായ അജ്മൽ, അതുൽ ,യാസിം, അമിത് ,ധനേഷ് , വിഷ്ണു , അമൽ എന്നിവരാണ് പ്രതികള്‍. അമല്‍ ഒഴികെയുള്ളവരുടെ അറസ്റ്റ് ഇന്ന് വൈകിട്ടോടെ രേഖപ്പെടുത്തി. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതില്‍ നിന്ന് സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് പൊലീസ് നീക്കം. 

click me!