കൊലപാതകത്തിന് വനിതാ സുഹൃത്തിന് സഹായം, തെളിവെടുപ്പിനിടെ പൊലീസ് വയർലെസ് സെറ്റടക്കം അടിച്ച് മാറ്റി, യുവാവ് മുങ്ങി

By Web TeamFirst Published Nov 4, 2024, 12:08 PM IST
Highlights

ഉത്തർ പ്രദേശിൽ നിന്ന് അതിസാഹസികമായി പിടികൂടിയ പ്രതികളിലൊരാളാണ് തെളിവെടുപ്പിനിടെ പൊലീസിന്റെ വയർ ലെസ് സംവിധാനം അടിച്ച് മാറ്റി മുങ്ങിയത്

കൂർഗ്: ജയിൽമേറ്റിന്റെ രണ്ടാം ഭർത്താവിനെ കൊന്ന് സ്വത്ത് തട്ടാനും മൃതദേഹം മറവ് ചെയ്യാനുള്ള ഒത്താശയ്ക്കും ശേഷം മുങ്ങിയ യുവാവ് തെളിവെടുപ്പിനിടെ പൊലീസിന്റെ കയ്യിൽ നിന്ന് ചാടിപ്പോയി. ഹൈദരബാദ് സ്വദേശിയായ 45കാരനായ വ്യവസായ രമേഷ് കുമാറിന്റെ കൊലപാതക കേസിലെ പ്രതിയായ ഹരിയാന സ്വദേശി അങ്കൂർ റാണയാണ് പൊലീസിന്റെ കയ്യിൽ നിന്ന് ചാടിപ്പോയത്. ഹൈദരബാദിൽ വച്ച് കൊലപ്പെടുത്തിയ 45കാരന്റെ മൃതദേഹം ഭാര്യയും 2 സുഹൃത്തുക്കളും ചേർന്ന് കർണാടകയിലെ കൂർഗ് ജില്ലയിലെ ഒരു കാപ്പിത്തോട്ടത്തിലെത്തിച്ചാണ് കത്തിച്ചത്. 45കാരന്റെ ഭാര്യ നിഹാരികയേയും സുഹൃത്ത് നിഖിലിനേയും ബെംഗളൂരിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

എന്നാൽ അങ്കൂർ റാണയെ ഉത്തർ പ്രദേശിൽ നിന്ന് സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങൾക്കൊടുവിലാണ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇയാളെ കൊടഗിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ഇയാൾ വിലങ്ങ് അടക്കം അഴിച്ച് പൊലീസിന്റെ കയ്യിൽ നിന്ന്  രക്ഷപ്പെട്ടത്. പൊലീസുകാരും ഇയാളും തങ്ങിയിരുന്ന ഹോട്ടൽ മുറിയിലെ മൂന്നാം നിലയിലെ ജനലിലൂടെയാണ് ഇയാൾ കടന്ന് കളഞ്ഞത്. പൊലീസിന്റെ വാക്കിടോക്കിയും വയർലെസ് സംവിധാനം  അടക്കം അടിച്ച് മാറ്റിയാണ് ഇയാൾ രക്ഷപ്പെട്ടിട്ടുള്ളതെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാളെ കണ്ടത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായാണ് പൊലീസ് വിശദമാക്കുന്നത്. 

Latest Videos

രമേഷിന്റെ മൃതദേഹം ഒക്ടോബർ 8നാണ് പൊലീസ് കൊടഗിലെ കാപ്പി എസ്റ്റേറ്റിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ രമേഷിന്റെ രണ്ടാം ഭാര്യയായ പി നിഹാരിക(29), ഇവരുടെ സുഹൃത്തും ബെംഗളൂരു സ്വദേശിയുമായ മൃഗ ഡോക്ടർ നിഖിൽ,  ഹരിയാന സ്വദേശിയായ അങ്കുർ റാണ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രമേഷിന്റെ എട്ട് കോടിയിലധികം വരുന്ന സ്വത്ത് തട്ടിയെടുക്കാനായിരുന്നു രണ്ടാം ഭാര്യയുടെ ക്രൂരതയെന്നാണ്  പൊലീസ് വിശദമാക്കിയത്. ഭർത്താവിനോട് പണം കടം ചോദിച്ചത് ലഭിക്കാതെ വന്നതിന് പിന്നാലെയായിരുന്നു ഉറ്റ സുഹൃത്തുക്കളുമായി ചേർന്ന് എൻജിനിയർ കൂടിയായ നിഹാരിക ഭർത്താവിനെ കൊലപ്പെടുത്തിയത്. ഭർത്താവിന്റെ മൃതദേഹം കാറിലിട്ട് നിഹാരികയും സുഹൃത്തുക്കളും 800 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് കൂർഗിലെത്തിയത്.  

കാപ്പിത്തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിലെ മൃതദേഹം തോട്ടം തൊഴിലാളികളാണ് കണ്ടെത്തിയത്. 29കാരിയായ നിഹാരിക തെലങ്കാനയിലെ മൊംഗീർ നഗർ സ്വദേശിയാണ്. ഇവർക്ക് 16 വയസ് പ്രായമുള്ളപ്പോൾ പിതാവ് മരിച്ചിരുന്നു. അമ്മ രണ്ടാം വിവാഹം ചെയ്യുകയും നിഹാരികയെ ചെറുപ്രായത്തിൽ വിവാഹം ചെയ്ത് നൽകുകയും ആയിരുന്നു. എന്നാൽ കുടുംബ പ്രശ്നങ്ങളേ തുടർന്ന് നിഹാരിക വിവാഹ മോചനം നേടി. പിന്നീട് എൻജിനിയറിംഗ് പഠനം  മികച്ച രീതിയിൽ പൂർത്തിയാക്കിയ നിഹാരിക  വിവിധ കമ്പനികളിൽ ജോലി ചെയ്തിരുന്നു. എന്നാൽ ഹരിയാനയിൽ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ ഒരു സാമ്പത്തിക തട്ടിപ്പിൽ ഇവർ പ്രതിയായി. ഈ കാലത്താണ് ഇവർ അങ്കുർ റാണയുമായി ചങ്ങാത്തത്തിലാവുന്നത്.

ഭർത്താവിന്റെ സ്വത്തിനായി ക്രൂരത, മൃതദേഹവുമായി 29കാരി സഞ്ചരിച്ചത് 800 കിലോമീറ്റർ, 3 പേർ അറസ്റ്റിൽ

2018ലാണ് രമേഷ് നിഹാരികയെ വിവാഹം ചെയ്യുന്നത്. യുവതിയുടെ ആഡംബര ജീവിതത്തിന് രമേഷ് പിന്തുണച്ചിരുന്നുവെങ്കിലും ഇവർ തമ്മിൽ തർക്കം പതിവായിരുന്നു. തന്ത്രപരമായി സുഹൃത്തുക്കളൊപ്പം രമേഷിനെ കൊലപ്പെടുത്തിയ ശേഷം തിരികെ നാട്ടിലെത്തിയ യുവതി ഭർത്താവിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!