രണ്ട് ദിവസത്തെ ചാറ്റിങ്ങിനിടെ പേര് അമിത് കുമാർ എന്നാണെന്നും ഇംഗ്ലണ്ടിൽ ഡോക്ടറാണെന്നും യുവാവ് അധ്യാപികയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഇരുവരും ഫോൺ നമ്പറുകൾ കൈമാറുകയും വാട്ട്‌സ്ആപ്പിൽ ചാറ്റ് ചെയ്യുകയും ചെയ്തു. പിന്നീടാണ് തട്ടിപ്പിന്‍റെ തുടക്കം.
മുംബൈ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവ് തന്നെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയുമായി യുവതി. മുംബൈയിൽ നിന്നിള്ള 46 കാരിയായ യോഗ അധ്യാപികയാണ് പരാതിയുമായി രംഗത്ത് വന്നത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയ അമിത് കുമാർ എന്നയാൾ തന്നെ കബളിപ്പിച്ച് 3.36 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
തെക്കൻ മുംബൈയിലെ ചർച്ച്ഗേറ്റ് പ്രദേശത്തെ താമസക്കാരിയായ യുവതിയാണ് സൈബർ തട്ടിപ്പിന് ഇരയായത്. ഡേറ്റിംഗ് ആപ്പായ ടിൻഡറിലൂടെയാണ് യോഗ അധ്യാപികയായ 46 കാരി ഒരു യുവാവിനെ പരിചയപ്പെടുന്നത്. രണ്ട് ദിവസത്തെ ചാറ്റിങ്ങിനിടെ പേര് അമിത് കുമാർ എന്നാണെന്നും ഇംഗ്ലണ്ടിൽ ഡോക്ടറാണെന്നും യുവാവ് അധ്യാപികയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഇരുവരും ഫോൺ നമ്പറുകൾ കൈമാറുകയും വാട്ട്‌സ്ആപ്പിൽ ചാറ്റ് ചെയ്യുകയും ചെയ്തു. ഏപ്രിൽ 25 ന് ഒരു സമ്മാനം താൻ അയച്ചിട്ടുണ്ടെന്നും ഉടനെ വീട്ടിലെത്തുമെന്നും ഇയാൾ യോഗ അധ്യാപികയോട് പറഞ്ഞു. .
കുറച്ച് ദിവസങ്ങൾക്ക് ശേഷം ദില്ലിയിലെ ഒരു കൊറിയർ കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞ് ഒരു സ്ത്രീ 46 കാരിയെ വിളിച്ചു. മാഞ്ചസ്റ്ററിൽ നിന്ന് ഒരു ഗിഫ്റ്റ് പാഴ്സലായി കൊറിയർ ഓഫീസിൽ എത്തിയിട്ടുണ്ടെന്നും വില കൂടിയ സമ്മാനമായതിനാൽ നികുതിയും മറ്റുമായി പണം അടയ്ക്കണമെന്നും ഫോൺവിളിച്ച യുവതി അറിയിച്ചു. തുടർന്ന് യോഗ അധ്യാപിക, കൊറിയർ ഓഫീസിലെ യുവതി പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്ക് 3.36 ലക്ഷം രൂപ നിക്ഷേപിച്ചു.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും സമ്മാനം എത്തിയില്ല. ഇതിന് പിന്നാലെ ടിൻഡറിൽ പരിചയപ്പെട്ട യുവാവും അപ്രത്യക്ഷമായി. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് യുവതി മനസിലാക്കിയത്. തുടർന്ന് ചൊവ്വാഴ്ച മറൈൻ ഡ്രൈവ് പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.