എന്തിനാണ് പത്തനംതിട്ടയിലേക്ക് പോയതെന്ന പൊലീസിൻ്റെ ചോദ്യത്തിന് തിരുമ്മാൻ വേണ്ടിയാണ് പോയതെന്നായിരുന്നു ഷാഫിയുടെ മറുപടി.
പത്തനംതിട്ട; ഇലന്തൂരിലെ നരബലിയിൽ മുഖ്യആസൂത്രകനായ റഷീദ് എന്ന മുഹമ്മദ് ഷാഫി ഭഗവത് സിംഗിൻ്റെ വീട്ടിൽ സ്ഥിരമായി വന്നു പോയിരുന്നതായി ഭഗവന്ത് സിംഗിൻ്റെ അയൽവാസിയായ ജോസ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ഒരു സ്കോര്‍പിയോ കാറിലാണ് മുഹമ്മദ് ഷാഫി സ്ഥിരമായി വന്നു പോയിരുന്നതും ജോസ് തോമസ് പറയുന്നു.
നരബലിയുടെ പേരിൽ രണ്ടാമതായി കൊല്ലപ്പെട്ട റോസ്ലിൻ എന്ന യുവതിയുടെ തിരോധന കേസ് അന്വേഷിക്കുകയായിരുന്ന പൊലീസ് അവരുടെ ഫോണ്‍കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇലന്തൂരിൽ വച്ചാണ് ഇവരെ കാണാതയതെന്ന് തെളിഞ്ഞത്. തുടര്‍ന്ന് മുഹമ്മദ് ഷാഫിയെ പൊലീസ് പിടികൂടി. എന്തിനാണ് പത്തനംതിട്ടയിലേക്ക് പോയതെന്ന പൊലീസിൻ്റെ ചോദ്യത്തിന് തിരുമ്മാൻ വേണ്ടിയാണ് പോയതെന്നായിരുന്നു ഷാഫിയുടെ മറുപടി. ഇക്കാര്യം രണ്ട് ദിവസം മുൻപ് ഇലന്തോളിലെത്തിയ കൊച്ചി പൊലീസ് സംഘം അന്വേഷിച്ചു. അയൽവാസികളുമായി സംസാരിച്ചതിൽ ഷാഫി ഇവിടെ സ്ഥിരമായി വന്നു പോയിരുന്നു എന്ന കാര്യം വ്യക്തമായി. എന്തിനാണ് രാത്രി സമയങ്ങളിൽ ഇങ്ങനെ വന്നു പോകുന്നതെന്ന പൊലീസിൻ്റെ അന്വേഷണമാണ് കൊലപാതകങ്ങളുടെ ചുരുളഴിച്ചത്.
പെരുമ്പാവൂർ കണ്ടംതറയിൽ തച്ചരുകൂടി റഫീക്കിന്റെ വീട്ടിലാണ് ഷാഫി വാടകയ്ക്ക് താമസിച്ചു വന്നത്. ഇടുക്കി സ്വദേശി എന്ന് പരിചയപ്പെടുത്തി 2008 മുതൽ 2011 വരെ കുടുംബം ആയിട്ടാണ് ഷാഫി ഇവിടെ താമസിച്ചത്. 2011ൽ ഇവിടം വിട്ടുപോയ ഷാഫി പിന്നീട് ചെമ്പറക്കിയിൽ 2020 വരെ താമസിച്ചതായും ഈ വീട്ടുകാർ പറയുന്നു. ഇപ്പോൾ എറണാകുളം എസ്. ആർ. എം. റോഡിൽ എവിടെയോ ആണ് താമസം എന്നാണ് ഇവർക്ക് ലഭിച്ചിട്ടുള്ള വിവരം. എന്നാൽ താമസിച്ച കാലയളവിൽ യാതൊരുവിധ പ്രശ്നക്കാരനും ആയിരുന്നില്ല എന്നും വീടുവിട്ട് പോയതിനുശേഷം വലിയ ബന്ധങ്ങൾ ഉണ്ടായിട്ടില്ല എന്നും റഫീഖ് പറഞ്ഞു
കൊച്ചി നഗരത്തിലെ ചിറ്റൂർ റോഡിൽ മുഹമ്മദ് ഷാഫി ഹോട്ടൽ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അദീൻസ് എന്ന പേരിൽ പ്രവര്‍ത്തിച്ചിരുന്ന ഈ ഹോട്ടൽ ഇന്നലെ രാവിലെ പൊലീസ് ഇടപെട്ട് അടപ്പിച്ചിട്ടുണ്ട്.