നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനെതിരെ കൊച്ചിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മോഡലുകളുടെ ബന്ധുക്കൾ. റോയ് വയലാട്ടിനെതിരെ പോക്സോ കേസ് കൂടി വന്ന സാഹചര്യത്തിലാണ് ബന്ധുക്കളുടെ പ്രതികരണം.
തിരുവനന്തപുരം: നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനെതിരെ കൊച്ചിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മോഡലുകളുടെ ബന്ധുക്കൾ. റോയ് വയലാട്ടിനെതിരെ പോക്സോ കേസ് കൂടി വന്ന സാഹചര്യത്തിലാണ് ബന്ധുക്കളുടെ പ്രതികരണം. അൻസിയുടെ മരണത്തിൽ കൂടുതൽ സംശയങ്ങൾ ഉയരുകയാണ്. മരണത്തിൽ സിബിഐ അന്വേഷണം വേണം. ഇത് സംബന്ധിച്ച് വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും ആൻസി കബീറിൻ്റെ ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരായ പോക്സോ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിൽ ഒരാൾ രംഗത്തുവന്നു. ലഹരി മാഫിയ സംഘത്തിന്റെ ഇടപെടൽ സജീവമാണെന്നും കേസ് വഴിതിരിച്ചുവിടാനാണ് അഞ്ജലി ശ്രമിക്കുന്നതെന്നുമാണ് ആരോപണം. പീഡന കേസിനെ സാമ്പത്തിക തട്ടിപ്പ് കേസാക്കി മാറ്റാനാണ് ശ്രമമെന്നും ഇതിനായാണ് അഞ്ജലി പഴയ ഫേസ്ബുക് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
undefined
സാമ്പത്തിക ഇടപാട് വ്യക്തിപരം മാത്രമാണെന്ന് പറഞ്ഞ പരാതിക്കാരി, അഞ്ജലി ഇനിയും പണം നൽകാനുണ്ടെന്നും പറഞ്ഞു. തന്റെ സ്വർണം പണയം വെച്ചടക്കം പണം വാങ്ങി. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ പണം പലരിൽ നിന്നും കൈപ്പറ്റി. ലഹരി കടത്ത് മാഫിയ കേസ് കേവലം പണം തട്ടിപ്പ് കേസായി മാറ്റാനാണ് അഞ്ജലി ശ്രമിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അഞ്ജലിക്കെതിരെ പരാതി നൽകിയത്. അഞ്ജലിയുടെ ജീവനക്കാർക്കും പരാതിയുണ്ട്. അവരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പണം നൽകി ആരെക്കൊണ്ടും പരാതി കൊടുപ്പിച്ചിട്ടില്ല. അഞ്ജലിയും കൂട്ടരും ഭീഷണി തുടരുകയാണ്. പല വ്യക്തികളും വിളിച്ച് ഭീഷണിപ്പെടുത്തി മാനസികമായി തളർത്തുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
റോയ് വയലാട്ടിനെതിരായ പോക്സോ കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതിയുടെ സഹായി അഞ്ജലി ആരോപിച്ചത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആരോപണത്തിന് പിന്നിൽ. തട്ടിപ്പുകൾ പുറത്തറിയുമെന്ന പേടിയാണ് തനിക്കെതിരെ ആരോപണവുമായി രംഗത്തെത്താൻ പരാതിക്കാരെ പ്രേരിപ്പിച്ചതെന്നുമാണ് അഞ്ജലി കുറ്റപ്പെടുത്തിയത്. പ്രതികരണം ഒരു വീഡിയോയായി പുറത്തുവിടുകയായിരുന്നു അഞ്ജലി ചെയ്തത്.
പീഡന പരാതി ഇങ്ങനെ
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്‍റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി. പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി. ഭീഷണി ഭയന്നാണ് പരാതി പറയാൻ വൈകിയതെന്നും ഇവർ മൊഴി നൽകി.
റോയ് വയലാട്ടിന്‍റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും ആരോപണം. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദർ എന്ന് പറഞ്ഞ് തന്ത്രപൂർവ്വം നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
റോയ് വയലാട്ടും സംഘവും തന്നെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ട്രാപ്പ് ഒരുക്കിയതാണെന്ന് മനസ്സിലായതോടെ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാർ മൊഴി നൽകി. കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ റോയ് വയലാട്ട് നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടെയിലാണ് പുതിയ കേസ്. റോയ് വയലാട്ട് മറ്റ് പെൺകുട്ടികളെ സമാനമായ രീതിയിൽ ഉപദ്രവിച്ചതിന് ചില തെളിവുകളുണ്ടെന്നും കൂടുതൽ പരാതികൾ വരുമെന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് വ്യക്തമാക്കി.
മുൻകൂർ ജാമ്യാപേക്ഷ
റോയ് വയലാട്ട് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. പരാതിക്കാർ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. അമ്മയും മകളും ഉന്നയിച്ച പരാതി ശരിയല്ല. ഹോട്ടലിൽ വെച്ച് പരിചയപ്പെട്ട പരാതിക്കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയില്ലെന്നും റോയ് വയലാട്ട് ഹർജിയിൽ പറയുന്നു.
ഹോട്ടലിൽ വെച്ച് ഇരുവരെയും മൂന്നാം പ്രതിയായ അഞ്ജലി പരിചയപ്പെടുത്തിയിരുന്നു. അതിന് ശേഷം സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കൊപ്പം പരാതിക്കാർ പുറത്ത് പോയി ഭക്ഷണം കഴിച്ചു. എന്നാൽ പിന്നീട് തനിക്കെതിരെ ലൈംഗിക പീഡന കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. തന്നോട് ശത്രുതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനും ഇതിന് പിറകിലുണ്ടെന്നും റോയ് അടക്കമുള്ളവർ ഹർജിയിൽ പറയുന്നു. ഹർജിയിൽ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.