കൊല നടന്നിട്ട് അഞ്ച് ദിവസം: ദിവ്യയുടെ മൃതദേഹം കണ്ടെത്താനാവാതെ പൊലീസ്

By Web Team  |  First Published Jan 7, 2024, 4:33 PM IST

ദിവ്യയുടെ മൃതദേഹം ബിഎംഡബ്ല്യു കാറില്‍ പട്യാലയിലേക്കാണ് കൊണ്ടു പോയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.


ദില്ലി: കൊല്ലപ്പെട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും മുന്‍ മോഡല്‍ ദിവ്യ പഹുജയുടെ മൃതദേഹം കണ്ടെത്താന്‍ സാധിക്കാതെ പൊലീസ്. ദിവ്യയുടെ മൃതദേഹം ബിഎംഡബ്ല്യു കാറില്‍ പട്യാലയിലേക്കാണ് കൊണ്ടു പോയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് മൃതദേഹം എന്ത് ചെയ്തുവെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബിഎംഡബ്ല്യു കാറിലുണ്ടായിരുന്ന രണ്ട് പേരെ കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

സംഭവം ദിവസം സിറ്റി പോയിന്റ് ഹോട്ടലിലുണ്ടായിരുന്ന ബല്‍രാജ് ഗില്‍ എന്നയാളാണ് മൃതദേഹവുമായി പട്യാലയിലേക്ക് പോയതെന്ന് സംശയമുണ്ട്. ഇയാളുടെ സഹായം തേടിയിരുന്നുവെന്ന് കേസിലെ ഒന്നാം പ്രതിയായ അഭിജിത്ത് സിംഗ് മൊഴി നല്‍കിയിട്ടുണ്ട്. പക്ഷെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലുമായി അഭിജിത്ത് സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. ദിവ്യ കൊലക്കേസില്‍ സിറ്റി പോയിന്റ് ഹോട്ടലിന്റെ ഉടമയായ അഭിജിത്ത്, ജീവനക്കാരായ പ്രകാശ്, ഇന്ദ്രജ് എന്നിവരുടെ അറസ്റ്റ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു. 

Latest Videos

സിറ്റി പോയിന്റ് ഹോട്ടലില്‍ വച്ച് രണ്ടാം തീയതിയാണ് ദിവ്യ പഹുജ കൊല്ലപ്പെട്ടത്. അന്ന് പുലര്‍ച്ചെ നാലു മണിയോടെ അഭിജിത്തും ദിവ്യയും മറ്റൊരാളും ഹോട്ടലിലെ 111-ാം നമ്പര്‍ മുറിയില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അന്ന് രാത്രി 10:45ന് മൂന്ന് പേര്‍ ദിവ്യയുടെ മൃതദേഹം വലിച്ചിഴക്കുന്നതും ഷീറ്റില്‍ പൊതിഞ്ഞ് ഹോട്ടലില്‍ നിന്ന് ബിഎംഡബ്ല്യു കാറിലേക്ക് കയറ്റുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ദിവ്യയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഭിജിത്ത് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് സന്ദീപ് ഗഡോളിയുടെ സഹോദരി സുധേഷ് കടാരിയയും സഹോദരന്‍ ബ്രഹ്മപ്രകാശും ചേര്‍ന്ന് അഭിജിത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ദിവ്യയുടെ കുടുംബത്തിന്റെ പരാതി.

മുംബൈയില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ കാമുകിയായിരുന്നു ദിവ്യ. 2016 ഫെബ്രുവരി ഏഴിനാണ് മുംബൈയിലെ ഒരു ഹോട്ടലില്‍ നടന്ന വെടിവെപ്പില്‍ സന്ദീപ് കൊല്ലപ്പെട്ടത്. സന്ദീപ് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് സ്വയരക്ഷയ്ക്ക് വേണ്ടി വെടിവച്ച് കൊന്നെന്നുമായിരുന്നു മുംബൈ പൊലീസിന്റെ ഭാഷ്യം. എന്നാല്‍ നിരായുധനായിരുന്ന സന്ദീപിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നതാണെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സന്ദീപ് കൊല്ലപ്പെടുമ്പോള്‍ ദിവ്യയും അതേ ഹോട്ടല്‍ മുറിയിലുണ്ടായിരുന്നു. തുടര്‍ന്നാണ് സന്ദീപിനെ കൊല്ലാന്‍ സഹായിച്ചെന്ന കേസില്‍ ദിവ്യയെയും പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഏഴു വര്‍ഷം ജയിലില്‍ കിടന്ന ദിവ്യയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം ലഭിച്ചത് 2023 ജൂണിലാണ്. ജാമ്യം ലഭിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ടത്. 

Read More 'സന്ദീപിനെ ഒറ്റിയിട്ടില്ല', 19-ാം വയസിൽ ജയിലിൽ പോകും മുൻപ് ദിവ്യ പറഞ്ഞത് 
 

Read More ദിവ്യ ജയിലിൽ കഴിഞ്ഞത് ഏഴു വർഷം, കൊല്ലപ്പെട്ടത് ജാമ്യത്തിലിറങ്ങി മാസങ്ങൾക്ക് ശേഷം 

 

click me!