മുഖം മറച്ച് പിന്നിലൂടെയെത്തി, കഴുത്തിൽ ബെൽറ്റിട്ട് വലിച്ച് വീഴ്ത്തി, നിലത്തിഴച്ച് നടുറോഡിൽ യുവതിക്ക് പീഡനം

By Web Team  |  First Published May 10, 2024, 11:54 AM IST

മുഖം മൂടിയണിഞ്ഞ യുവാവ് പിന്നിലൂടെ വന്ന് ബെൽറ്റ് ഉപയോഗിച്ച് പിന്നിലേക്ക് വലിച്ചിഴയ്ക്കുന്നതും വീഴ്ചയിൽ അബോധാവസ്ഥയിലായ യുവതിയെ നടപ്പാതയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുന്നതടക്കമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങളുമാണ് പുറത്ത് വന്നത്


ന്യൂയോർക്ക്: റോഡ് സൈഡിലെ നടപ്പാതയിലൂടെ നടന്നുവന്ന യുവതിയെ പിന്നിലൂടെ വന്ന് ബെൽറ്റ് കഴുത്തിലിട്ട് നിലത്തുകൂടി വലിച്ചിഴച്ച് കൊണ്ട് പോയി പാർക്ക് ചെയ്ത കാറുകൾക്കിടയിലിട്ട് പീഡിപ്പിച്ച് യുവാവ്. അമേരിക്കയിലെ ന്യൂയോർക്കിലാണ് സംഭവം. മെയ് 1 പുലർച്ചെ മൂന്ന് മണിക്കുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ന്യൂയോർക്കിലെ ബ്രോങ്ക്സ് സ്ട്രീറ്റിലാണ് 45കാരിയായ സ്ത്രീ ആക്രമിക്കപ്പെട്ടത്. 

മുഖം മൂടിയണിഞ്ഞ യുവാവ് പിന്നിലൂടെ വന്ന് ബെൽറ്റ് ഉപയോഗിച്ച് പിന്നിലേക്ക് വലിച്ചിഴയ്ക്കുന്നതും വീഴ്ചയിൽ അബോധാവസ്ഥയിലായ യുവതിയെ നടപ്പാതയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുന്നതടക്കമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങളുമാണ് പുറത്ത് വന്നത്. സംഭവത്തിൽ കേസ് എടുത്ത ന്യൂയോർക്ക് പൊലീസ് സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ ചിത്രം പുറത്ത് വിട്ടു. കേസിൽ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. അക്രമത്തിനിരയായ യുവതിയുടെ ആരോഗ്യ നിലയേക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. മുഖം വെള്ള നിറത്തിലുള്ള തുണി കൊണ്ട് മറച്ചാണ് അക്രമി എത്തുന്നത്. 

Latest Videos

സമൂഹമാധ്യമങ്ങളിൽ വീഡിയോ പുറത്ത് വന്നതോടെ അക്രമിയെ പിടികൂടണമെന്ന് നിരവധി പേരാണ് ആവശ്യപ്പെടുന്നത്. 2024ൽ മാത്രം ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത് 511 പീഡനക്കേസുകളാണെന്നാണ് ന്യൂയോർക്ക് പൊലീസ് കണക്കുകൾ വിശദമാക്കുന്നത്. ബ്രൂക്ക്ലിനിൽ 149 കേസ്, ബ്രോങ്ക്സിൽ 141 കേസ്, ക്വീൻസിൽ 114 കേസ് എന്നിങ്ങനെയാണ് കണക്കുകൾ. കഴിഞ്ഞ വർഷത്തേക്കാൾ നൂറിലേറെ കേസുകളാണ് ഈ വർഷം ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!