'വളരെ തിരക്കേറിയ ട്രെയിനില്‍ ആളെ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. സിഐടിയു എന്ന് എഴുതിയ കറുത്ത ബാഗ് മാത്രമായിരുന്നു തിരിച്ചറിയാന്‍ സാധിക്കുമായിരുന്നത്.'
കന്യാകുമാരി:പിതാവിന്റെ ബാഗും മൊബൈല്‍ ഫോണും മോഷ്ടിച്ച വ്യക്തിയെ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് പിടികൂടി മാപ്പറും ഭൂനിരീക്ഷണ വിദഗ്ധനുമായ യുവാവ്. ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍ ഉപയോഗിച്ചാണ് പിതാവിന്റെ ബാഗും മൊബൈല്‍ ഫോണും മോഷ്ടിച്ച കള്ളനെ നാഗര്‍കോവില്‍ സ്വദേശിയായ രാജ് ഭഗത് പളനിച്ചാമി എന്ന യുവാവ് കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് രാജ് ഭഗത് പറഞ്ഞത്: 'സ്ലീപ്പര്‍ ക്ലാസില്‍ നാഗര്‍കോവില്‍ നിന്ന് തെലങ്കാനയിലേക്ക് പോവുകയായിരുന്നു പിതാവ്. തിരുനെല്‍വേലി ജംഗ്ഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍, യൂണിയന്‍ പ്രവര്‍ത്തകന്‍ കൂടിയായ പിതാവിന്റെ സിഐടിയു എന്ന് എഴുതിയ ബാഗും മൊബൈല്‍ ഫോണും ഒരാള്‍ മോഷ്ടിച്ചു. പുലര്‍ച്ച 3.50നാണ് പിതാവ് ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് സുഹൃത്തിന്റെ ഫോണില്‍ നിന്ന് വിളിച്ച് ബാഗും ഫോണും മോഷണം പോയ വിവരം അറിയിച്ചു. മൊബൈലില്‍ ലൊക്കേഷന്‍ ഷെയറിംഗ് ഓണ്‍ ആയിരുന്നു. അത് പരിശോധിച്ചപ്പോള്‍, മൊബൈല്‍ തിരുനെല്‍വേലി മേലപ്പാളയത്തിന് സമീപം റെയില്‍ ട്രാക്കിലൂടെ നീങ്ങുന്നതായി മനസിലായി. ഇതോടെ കള്ളന്‍ മറ്റൊരു ട്രെയിനില്‍ കയറി നാഗര്‍കോവിലിലേക്ക് മടങ്ങുകയാണെന്ന് വിലയിരുത്തി. തുടര്‍ന്ന് ഡിഎംകെയുടെ പ്രാദേശിക പ്രവര്‍ത്തകന്‍ കൂടിയായ സുഹൃത്തിനെ വിളിച്ച് വിവരം അറിയിച്ചു. ശേഷം റെയില്‍വേ പൊലീസിലും വിവരം അറിയിച്ച് നാഗര്‍കോവില്‍ എത്തി.'
undefined
'എന്നാല്‍ വളരെ തിരക്കേറിയ ട്രെയിനില്‍ ആളെ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. സിഐടിയു എന്ന് എഴുതിയ കറുത്ത ബാഗ് മാത്രമായിരുന്നു തിരിച്ചറിയാന്‍ സാധിക്കുമായിരുന്നത്. പക്ഷെ ഇതിനിടെ കള്ളനെ ലൊക്കേഷന്‍ വഴി ട്രാക്ക് ചെയ്യാന്‍ സാധിച്ചു. ലൊക്കേഷന്‍ ചലനങ്ങള്‍ അടിസ്ഥാനമാക്കി നീങ്ങി. കള്ളന്‍ സ്റ്റേഷനിലെ പ്രധാന ഗേറ്റിലൂടെ പുറത്തിറങ്ങിയ ശേഷം അണ്ണാ ബസ് സ്റ്റാന്‍ഡുമായും വടശേരി ക്രിസ്റ്റഫര്‍ ബസ് സ്റ്റാന്‍ഡുമായും ബന്ധിപ്പിക്കുന്ന ലോക്കല്‍ ബസില്‍ കയറിയതായി അറിഞ്ഞു. ഇതോടെ ബസിനെ സുഹൃത്തിന്റെ ബൈക്കില്‍ പിന്തുടര്‍ന്നു. അണ്ണാ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍, ഗൂഗിള്‍ മാപ്പില്‍ രണ്ടു മീറ്റര്‍ അകലെ കൃത്യമായ ലൊക്കേഷനില്‍ മോഷ്ടാവിനെ കണ്ടു. മൊബൈലും ബാഗും തിരിച്ചറിഞ്ഞതോടെ അയാളെ പിടികൂടി. വിവരം അറിഞ്ഞെത്തിയ പൊലീസ് അയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.'
മോഷ്ടാവായ യുവാവ് മൊബൈല്‍ ഫോണ്‍ ഓഫാക്കാതിരുന്നത് ഭാഗ്യമായെന്ന് രാജ് ഭഗത് പറഞ്ഞു. മാപ്പുകളെക്കുറിച്ചും അത് നാവിഗേറ്റ് ചെയ്യുന്നതിനെ കുറിച്ചും അറിയാമായിരുന്നത് ഉപകാരമായി. പലര്‍ക്കും ലൊക്കേഷന്‍ ഓണാക്കി ഇടുന്നതില്‍ താല്‍പര്യമുണ്ടാകില്ല. പക്ഷെ ഇവിടെ തന്നെ അത് സഹായിച്ചെന്നും രാജ് ഭഗത് എക്‌സിലെ കുറിപ്പില്‍ പറഞ്ഞു.