ഞാൻ മറ്റുവാക്കുകൾ പറയണോ എന്ന 41 കാരന്റെ പ്രതികരണമാണ് ബാങ്ക് ജീവനക്കാരനെ ഭയപ്പെടുത്തിയത്. ഇതോടെ ബാങ്ക് കൊള്ളയടിക്കാനോ അക്രമം സൃഷ്ടിക്കാനോ ഉള്ള ശ്രമമാണ് യുവാവിനുള്ളതെന്നാണ് ബാങ്ക് ജീവനക്കാരൻ സംശയിച്ചത്.
ഫ്ലോറിഡ: ബാങ്കിൽ നിന്നും ഒരു പെന്നി പിൻവലിക്കാൻ ശ്രമിച്ച യുവാവ് കവർച്ചാ ശ്രമത്തിന് അറസ്റ്റിലായി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. അമേരിക്കയുടെ കറൻസിയുടെ ഏറ്റവും കുറഞ്ഞ മുഖവിലയുള്ള ഫിസിക്കൽ യൂണിറ്റായ ഒരു സെന്റ് അഥവ പെന്നി ആണ് യുവാവ് ബാങ്കിൽ നിന്ന് പിൻവലിക്കാൻ ശ്രമിച്ചത്. ഒരു പെന്നി (ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ഒരു രൂപയിൽ താഴെ മാത്രം മൂല്യം) ആയി പണം പിൻവലിക്കാനാവില്ലെന്ന് ജീവനക്കാരൻ വ്യക്തമാക്കിയതിന് പിന്നാലെ യുവാവ് ശബ്ദമുയർത്തുകയായിരുന്നു.
പിന്നാലെ 41കാരനിൽ നിന്ന് വിചിത്രമായ രീതിയിലുള്ള പ്രതികരണവുമെത്തിയതോടെ ബാങ്ക് ജീവനക്കാർ പൊലീസ് സഹായം തേടുകയായിരുന്നു. 41കാരനായ മൈക്കൽ ഫ്ലെമിംഗ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്കിലെത്തിയ ഇയാൾ പണം പിൻവലിക്കാനുള്ള സ്ലിപ്പിൽ ഒരു പെന്നി പിൻവലിക്കണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഫ്ലോറിഡയിലെ ചേസ് ബാങ്കിലേക്കാണ് ഇയാൾ വിചിത്ര ആവശ്യവുമായി എത്തിയത്.
ഞാൻ മറ്റുവാക്കുകൾ പറയണോ എന്ന 41 കാരന്റെ പ്രതികരണമാണ് ബാങ്ക് ജീവനക്കാരനെ ഭയപ്പെടുത്തിയത്. ഇതോടെ ബാങ്ക് കൊള്ളയടിക്കാനോ അക്രമം സൃഷ്ടിക്കാനോ ഉള്ള ശ്രമമാണ് യുവാവിനുള്ളതെന്നാണ് ബാങ്ക് ജീവനക്കാരൻ സംശയിച്ചത്. അറസ്റ്റിലായ ഇയാളെ ജയിലിലേക്ക് മാറ്റി. ജയിൽ രേഖകൾ അനുസരിച്ച് 5000 ഡോളർ(ഏകദേശം 417450 രൂപ) ബോണ്ട് നൽകിയാലാണ് ഇയാൾക്ക് ജയിൽ മോചിതനാവാൻ കഴിയുകയുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം