ദേശീയ പാതയിലെ കൊള്ളക്കാർ ആക്രമിച്ചെന്ന് കാണിച്ച് ഗുരുതര പരിക്കേറ്റ യുവതിയുമായി ഭർത്താവ്. മരണത്തിന് പിന്നാലെ സിസിടിവിയിൽ തെളിഞ്ഞത് ക്രൂരമായ കൊലപാതകം
ചണ്ഡിഗഡ്: ഭാര്യയെ ദേശീയ പാതയിലെ കൊള്ളക്കാർ കൊന്നുവെന്ന് പരാതിയുമായി ഭർത്താവ്. സിസിടിവി പരിശോധിച്ചതിന് പിന്നാലെ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ചണ്ഡീഗഡിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ലുധിയാനയിലെ ഷിംലപുരി സ്വദേശിയായ ഗൌരവ് കുമാർ ഭാര്യ റീനയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചെത്തിയ പൊലീസിനോട് ഹാൻഡ് ബാഗ് തട്ടിയെടുക്കാനുള്ള ശ്രമത്തിൽ ഹൈ വേ കൊള്ളക്കാർ റീനയെ ആക്രമിച്ചുവെന്നായിരുന്നു യുവാവ് മൊഴി നൽകിയത്.
ഉത്തർ പ്രദേശിലെ ശരൺപൂരിലേക്ക് പോവുന്നതിനിടയിലാണ് സംഭവമെന്നാണ് യുവാവ് പറഞ്ഞത്. യുവാവിനും ദമ്പതികളുടെ അഞ്ച് വയസുള്ള മകന് പരിക്കുകൾ ഇല്ലാത്തതാണ് പൊലീസിന് സംശയം തോന്നിയത്. പിന്നാലെയാണ് ഖന്നയ്ക്ക് സമീപത്തെ ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചത്. ഇതിലാണ് യുവാവ് കാർ ഇടയ്ക്ക് നിർത്തിയതായി കണ്ടെത്തിയത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് നടന്ന കാര്യങ്ങൾ യുവാവ് പൊലീസിനോട് വിശദമാക്കിയത്.
ഘാഗർ മാർജ ഗ്രാമത്തിന് സമീപത്ത് വച്ച് വാഹനം നിർത്തിയ ശേഷം യുവാവ് ചിപ്സ് വാങ്ങി തരാമെന്ന് പറഞ്ഞ് മകനെ കാറിൽ നിന്ന് പുറത്തിറക്കി. ഇതിന് ശേഷം റീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഒന്നിലേറെ തവണ യുവതിയുടെ തല ഡാഷ് ബോർഡിൽ ഇടിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് യുവതിയെ ഭർത്താവ് ആശുപത്രിയിലെത്തിച്ചത്. ഗാർഹിക കലഹത്തേതുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇരുവർക്കുമിടയിൽ കലഹം പതിവായിരുന്നു. അടുത്തിടെ യുവതിയുടെ ഗർഭം അലസിയത് യുവാവിന്റെ മർദ്ദനത്തേ തുടർന്നാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. യുവാവ് പതിവായി റീനയെ മർദ്ദിക്കാറുണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ യുവാവിനെ പൊലീസ് കൊലപാതക കേസിൽ അറസ്റ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം