പത്ത് വര്‍ഷം മുമ്പാണ് സല്‍മയെ അലംഗീര്‍ വിവാഹം കഴിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ സൽമ മാറി താമസിക്കാൻ തുടങ്ങി. ആറ് മാസം മുമ്പ് ബംഗാൾ സ്വദേശിയായ ആമിനയെ അലംഗീർ വിവാഹം ചെയ്തു.
പാറ്റ്ന: ഭാര്യയും മുൻ ഭാര്യയും ചേര്‍ന്ന് 45കാരനെ കുത്തിക്കൊലപ്പെടുത്തി. ബിഹാറിലെ ഛപ്രയിലാണ് നാടിനെ നടുക്കിയ സംഭവം. മൂവരും തമ്മില്‍ നടന്ന രൂക്ഷമായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭേൽഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെഡ്വാലിയ റായ്പുര സ്വദേശിയായ അലംഗീർ അൻസാരി എന്നയാളാണ് കൊല്ലപ്പെട്ടത്. ദില്ലിയിൽ ജോലി ചെയ്തിരുന്ന അലംഗീര്‍ ബക്രീദ് ആഘോഷിക്കാനായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബീഹാറിലെ വീട്ടിലേക്ക് എത്തിയത്.
സംഭവത്തിൽ അലംഗീറിന്‍റെ മുൻ ഭാര്യ സല്‍മ, ഇപ്പോഴത്തെ ഭാര്യ ആമിന എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പാണ് സല്‍മയെ അലംഗീര്‍ വിവാഹം കഴിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ സൽമ മാറി താമസിക്കാൻ തുടങ്ങി. ആറ് മാസം മുമ്പ് ബംഗാൾ സ്വദേശിയായ ആമിനയെ അലംഗീർ വിവാഹം ചെയ്തു. ആദ്യ ഭാര്യയായ സല്‍മ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയിൽ എത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
സൽമയും ആമിനയും അവിടെ വച്ച് കണ്ടുമുട്ടുകയും ചെയ്തു. ഇതിന് ശേഷം ബക്രീദ് ആഘോഷിക്കാനായി അലംഗീര്‍ നാട്ടില്‍ എത്തിയതറിഞ്ഞ് സല്‍മയും ബീഹാറിലേക്ക് എത്തി. ഇതോടെ അലംഗീറും ആമിനയും സൽമയും തമ്മിൽ വാക്കുതർക്കമായി. വഴക്ക് രൂക്ഷമാതോടെ ഭാര്യമാർ ചേർന്ന് യുവാവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
കുത്തേറ്റ അലംഗീറിനെ ഉടൻ പ്രാദേശിക പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. അവിടെ നിന്ന് പാറ്റ്ന മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ, പാറ്റ്നയിലേക്ക് കൊണ്ട് പോകും വഴി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...