ഹോട്ടലിലെ തൊഴിലാളിയായ കനിവാണൻ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞിട്ടും വീട്ടിൽ മടങ്ങിവന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സീർകാഴി സബ്‍ബേസിൻ തീരത്ത് തലയ്ക്ക് വെടികൊണ്ട് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചെന്നൈ : തമിഴ്നാട് മയിലാടുംതുറയിലെ ചാത്തനാപുരത്ത് ഹോട്ടൽ തൊഴിലാളിയായ യുവാവിനെ വെടിവച്ച് കൊന്ന കേസിൽ അർദ്ധസൈനികൻ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മോട്ടോർ സൈക്കിളിൽ മടങ്ങുംവഴിയാണ് ഹോട്ടലിലെ ഷെഫ് കനിവാണൻ കൊല്ലപ്പെട്ടത്. മയിലാടുംതുറ സീർകാഴിക്കടുത്ത് ഉപ്പനാടുള്ള ഹോട്ടലിലെ തൊഴിലാളിയായ കനിവാണൻ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞിട്ടും വീട്ടിൽ മടങ്ങിവന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സീർകാഴി സബ്‍ബേസിൻ തീരത്ത് തലയ്ക്ക് വെടികൊണ്ട് മരിച്ച നിലയിൽ കണ്ടെത്തിയത്.
കനിവാണന്‍റെ മോട്ടോർ സൈക്കിൾ സമീപത്ത് മറിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. സീർകാഴി പൊലീസെത്തി മൃതദേഹം തിരുവാരൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങാതെ ഇന്നലെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. മയിലാടുതുറ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. സീർകാഴി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മയിലാടുംതുറ ചേതൂർ സ്വേദേശിയായ അർദ്ധസൈനികൻ ദേവേന്ദ്രൻ പിടിയിലായത്.
സ്ലീപ്പർ ബസിൽ വിദേശ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
ഇരുവരും തമ്മിൽ 2018 മുതൽ സുഹൃത്തുക്കളായിരുന്നു. എന്നാൽ പണമിടപാടിനെ തുടർന്ന് പിന്നീട് തമ്മിൽ തെറ്റി. കഴിഞ്ഞ ദിവസം ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തിരുന്നു. ഇത് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ദേവേന്ദ്രൻ കുടുങ്ങിയത്. വീട്ടിലേക്കുള്ള യാത്രക്കിടെ ഉപ്പനാട് കടപ്പുറത്ത് ബൈക്ക് നിർത്തി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന കനിവാണനെ പിന്നിൽ നിന്ന് തലയ്ക്ക് വെടിവയ്ക്കുകയായിരുന്നുവെന്ന് ദേവേന്ദ്രൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്ന് നടത്തിയ തെളിവെടുപ്പിൽ ദേവേന്ദ്രന്‍റെ വീട്ടിൽ നിന്ന് ഒരു നാടൻ തോക്കും ഒരു പിസ്റ്റലും ഒരു എയർ ഗണ്ണും ഒരു ഡമ്മി തോക്കും കണ്ടെടുത്തു. നാടൻ തോക്കിൽ ഉപയോഗിക്കുന്ന ഏഴ് വെടിയുണ്ടകളും പിസ്റ്റലിൽ ഉപയോഗിക്കുന്ന 19 വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. പിസ്റ്റൽ ഉപയോഗിച്ചാണ് കൊല നടത്തിയത്. തെളിവാകാതിരിക്കാൻ എടുത്തുകൊണ്ടുപോയ കനിവാണന്‍റെ ഫോണും ദേവേന്ദ്രന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.