ഒരു മെഡിക്കല്‍ ഓഫീസറുടെ സഹായത്തോടെ രോഗികളുടെ വേഷത്തിലാണ് ഉദ്യോഗസ്ഥര്‍ അല്‍ത്താഫിന്റെ ക്ലിനിക്കില്‍ എത്തിയത്.
മുംബൈ: വര്‍ഷങ്ങളായി ഡോക്ടര്‍മാര്‍ ചമഞ്ഞ് ക്ലിനിക്ക് നടത്തി കൊണ്ടിരുന്ന മധ്യവയസ്‌കന്‍ പിടിയില്‍. ഗോവണ്ടി ശിവാജി നഗറില്‍ ക്ലിനിക്ക് നടത്തി കൊണ്ടിരുന്ന അല്‍ത്താഫ് ഹുസൈന്‍ ഖാന്‍(50) ആണ് സിറ്റി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പിടിയിലായത്. വ്യാജ ഡോക്ടറാണെന്ന പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അല്‍ത്താഫ് കുടുങ്ങിയത്. ഗോവണ്ടിയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ഇയാള്‍ ക്ലിനിക്ക് നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രീഡിഗ്രിയാണ് അല്‍ത്താഫിന്റെ വിദ്യാഭ്യാസ യോഗ്യതയെന്നും പൊലീസ് അറിയിച്ചു.
വളരെ തന്ത്രപരമായാണ് ക്രൈംബ്രാഞ്ച് അല്‍ത്താഫിനെ കുടുക്കിയത്. ഒരു മെഡിക്കല്‍ ഓഫീസറുടെ സഹായത്തോടെ രോഗികളുടെ വേഷത്തിലാണ് ഉദ്യോഗസ്ഥര്‍ അല്‍ത്താഫിന്റെ ക്ലിനിക്കില്‍ എത്തിയത്. തുടര്‍ന്ന് അല്‍ത്താഫിന്റെ ചികിത്സാ രീതികളും മരുന്ന് എഴുതി നല്‍കുന്നതും നിരീക്ഷിച്ചു. രോഗികളെ മരുന്നുകള്‍ വാങ്ങാന്‍ ഒരു പ്രത്യേക ക്ലിനിക്കിലേക്ക് മാത്രം പറഞ്ഞു വിടുന്നതും ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനൊപ്പം രോഗിയായി ചമഞ്ഞെത്തിയ മെഡിക്കല്‍ ഓഫീസര്‍ അല്‍ത്താഫിനോട് മരുന്നുകള്‍ സംബന്ധിച്ച് ചില സംശയങ്ങള്‍ ചോദിച്ചറിയാന്‍ തുടങ്ങി. ചോദ്യങ്ങള്‍ക്ക് മറുപടികള്‍ നല്‍കാന്‍ സാധിക്കാതെ വന്നതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ക്ലിനിക്കില്‍ നിന്ന് സ്റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, വിവിധ തരത്തിലുള്ള മരുന്നുകള്‍ എന്നിവ പിടിച്ചെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 419 (ആള്‍മാറാട്ടം വഴിയുള്ള വഞ്ചന), 420 (വഞ്ചന), മഹാരാഷ്ട്ര മെഡിക്കല്‍ പ്രാക്ടീഷണര്‍ ആക്ട് 33, 36 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഖാനെതിരെ കേസെടുത്തിരിക്കുന്നതെന്നും ശിവാജി നഗര്‍ പൊലീസ് അറിയിച്ചു.