2021 ലും പ്രതി സമാന രീതിയിൽ ഹാഷിഷ് ഓയിലും ആയുധവും കൈവശം വെച്ചതിന് താനൂർ പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.
താനൂർ: മയക്കുമരുന്നും പണവും ആയുധങ്ങളുമായി യുവാവ് താനൂർ പൊലീസിന്‍റെ പിടിയിലായി. മലപ്പുറം ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ താനൂർ സബ് ഇൻസ്പെക്ടർ ആർ ഡി കൃഷ്ണ ലാൽ, സബ് ഇൻസ്പെക്ടർ പി എം ഷൈലേഷ് താനൂർ ഡി എ എൻ എ എഫ് ടീം എന്നിവരുടെ നേതൃത്വത്തിൽ താനൂർ കണ്ണന്തളിയിൽ സ്വദേശി ചെറിയേരി ഹൗസ് ജാഫർ അലി (37) യുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും പണവും ആയുധങ്ങളും പിടികൂടിയത്.
പ്രതിയായ ജാഫർ അലിയുടെ വീട്ടിൽ നിന്നും 1.70 ഗ്രാം എം ഡി എം എയും 76,000 രൂപയും ആയുധങ്ങളായ കൊടുവാൾ, നെഞ്ചക്ക്, 7 വിവിധ ആകൃതിയിലുള്ള കത്തികൾ, കത്തികൾ മൂർച്ച കൂട്ടുന്നതിനുള്ള അരം, ഇരുമ്പ് പൈപ്പ്, അഞ്ച് മരത്തിന്‍റെ വടികളും കണ്ടെടുത്തു. കൂടാതെ വീട്ടിലെ അലമാര പരിശോധിച്ചതിൽ നിന്നും ഒരു എയർഗൺ, എം ഡി എം എ അളന്നു നൽകുന്നതിനുള്ള മെത്ത് സ്‌കെയിലും അവ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനുള്ള ചെറിയ പ്ലാസ്റ്റിക്ക് പാക്കറ്റുകളുടെ കവറുകളും ജാഫർ അലിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
2021 ലും പ്രതി സമാന രീതിയിൽ ഹാഷിഷ് ഓയിലും ആയുധവും കൈവശം വെച്ചതിന് താനൂർ പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. പ്രതിയുടെ പേരിൽ വനം വകുപ്പിലും കേസുണ്ട്. താനൂർ സബ് ഇൻസ്പെക്ടർ ആർ ഡി കൃഷ്ണ ലാൽ, സബ് ഇൻസ്പെക്ടർ പി എം ഷൈലേഷ്, സി പി ഓമാരായ സലേഷ്, സന്ദീപ്, സുജിത്, മോഹനൻ, സജീഷ്, നിഷ എന്നിവരും ഡാൻസഫ് ടീം സി പി ഓ ജിനേഷ്, അഭിമന്യു, ആൽബിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് വീട് പരിശോധനയിൽ ആയുധങ്ങളും മയക്കുമരുന്നും പിടികൂടിയത്.
കൂടുതല്‍ വായനയ്ക്ക്: പരിശോധനക്കിടയിലും ലഹരിക്കടത്ത് തുടരുന്നു; പിടിയിലാകുന്നവരില്‍ അധികവും യുവാക്കള്‍