സ്ത്രീകളോട് മോശമായി പെരുമാറിയെന്നു കേസുണ്ടെന്ന് ധരിപ്പിച്ചായിരുന്നു ഭീഷണി. കേസ് ഒതുക്കിത്തീർക്കാൻ ആദ്യം 3 ലക്ഷം രൂപ കൈക്കലാക്കി. പിന്നീട് പൊലീസുകാർക്കും ജഡ്ജിക്കും നൽകാനാണെന്നു പറഞ്ഞു പലപ്പോഴായി 22 ലക്ഷം രൂപ കൂടി തട്ടിയെടുത്തു.
ചെങ്ങന്നൂർ: ആലപ്പുഴയിൽ എസ്ഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. ഭീഷണി ഭയന്ന് വീടു വിട്ട വയോധികനെ പൊലീസ് ഇടപെടലിൽ തിരികെയെത്തിച്ചു. ചെറിയനാട് കടയിക്കാട് കൊച്ചുവീട്ടിൽ തെക്കേതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പലപ്പുഴ വണ്ടാനം നീർക്കുന്നം കൊച്ചുപുരയ്ക്കൽ വീട്ടിൽ അബ്ദുൾ മനാഫാണ് (33) പിടിയിലായത്. ചെറിയനാട് ചെറുവല്ലൂർ ആലക്കോട്ട് കല്ലേലിൽ വീട്ടിൽ സി.എം. ഫിലിപ്പിനെ (കൊച്ചുമോൻ–72) ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണം തട്ടിയെടുത്തത്.
പൊലീസ് പറയുന്നതിങ്ങനെ: മാന്നാർ എസ്ഐ എന്നു പരിചയപ്പെടുത്തിയാണ് മനാഫ് ഫിലിപ്പിനെ ബന്ധപ്പെട്ടത്. സ്ത്രീകളോട് മോശമായി പെരുമാറിയെന്നു കേസുണ്ടെന്ന് ധരിപ്പിച്ചു ഭീഷണിപ്പെടുത്തി. കേസ് ഒതുക്കിത്തീർക്കാൻ ആദ്യം 3 ലക്ഷം രൂപ ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നപ്പോൾ മക്കളെയും ബന്ധുക്കളെയുമൊക്കെ വിവരം അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി. തുടർന്നു 3 ലക്ഷം രൂപ കൈക്കലാക്കി. പിന്നീട് പൊലീസുകാർക്കും ജഡ്ജിക്കും നൽകാനാണെന്നു പറഞ്ഞു പലപ്പോഴായി 22 ലക്ഷം രൂപ കൂടി തട്ടിയെടുത്തു. കേസ് ഒതുക്കാമെന്ന് ഉറപ്പും നൽകി.
എന്നാൽ ദിവസങ്ങൾക്കു ശേഷം ഫിലിപ്പിന്റെ പേരിൽ മറ്റു 2 കേസുകൾ കൂടിയുണ്ടെന്നു ധരിപ്പിച്ചു 16 ലക്ഷം രൂപ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ മാനസികമായി തകർന്ന ഫിലിപ്പ് ഈ മാസം 5നു വീടുവിട്ടിറങ്ങി. ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം. ഇദ്ദേഹത്തെ കാണാനില്ലെന്നു ബന്ധുക്കൾ വെൺമണി പൊലീസിൽ പരാതി നൽകി. ചെങ്ങന്നൂർ ഡിവൈഎസ്പി എം. കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ വെണ്മണി എസ്എച്ച്ഒ എ. നസീർ, സബ് ഇൻസ്പെക്ടർ എ. അരുൺകുമാർ എന്നിവരുൾപ്പെട്ട സംഘം അന്വേഷണം തുടങ്ങി. കോട്ടയത്തും തിരുവനന്തപുരത്തുമൊക്കെ അലഞ്ഞ ഫിലിപ്പിനെ 7ന് കോട്ടയം നാഗമ്പടം ബസ്സ്റ്റാൻഡിൽ നിന്നു പൊലീസ് കണ്ടെത്തുകയായിരുന്നു. വിവരങ്ങൾ ആരാഞ്ഞ ശേഷം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാരൻ കുടുങ്ങിയത്.
Read More : 'ബുള്ളറ്റിൽ 3 പേരെത്തി, 2 പേർ ഇറങ്ങി, ഒരാൾ മതിൽ ചാടി ക്ഷേത്രത്തിലേക്ക്'; നടന്നതെല്ലാം 'മുകളിലൊരാൾ' കണ്ടു!