'ചെടി നനച്ചപ്പോള്‍ ദേഹത്ത് വെള്ളം തെറിച്ചതില്‍ പ്രകോപനം'; അയല്‍വാസിയെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം, അറസ്റ്റ്

By Web Team  |  First Published Aug 17, 2023, 7:51 PM IST

ബോസിന്റെ മതിലിനോട് ചേര്‍ന്നുള്ള ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്നതിനിടെ കുട്ടന്റെ ദേഹത്ത് വെള്ളത്തുള്ളികള്‍ തെറിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് പരാതി.


തൃശൂര്‍: ചെടി നനച്ചപ്പോള്‍ വെള്ളം തെറിച്ചതിന്റെ പേരില്‍ അയല്‍വാസിയെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പനമുക്ക് താണിപ്പാടം കാരയില്‍ കുട്ടനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 15-ാം തീയതി ഉച്ച 3.45ഓടെയാണ് സംഭവം. 

അയല്‍വാസിയായ താഴത്ത് വീട്ടില്‍ ബോസിനെയാണ് കുട്ടന്‍ ആക്രമിച്ചത്. ബോസിന്റെ മതിലിനോട് ചേര്‍ന്നുള്ള ചെടികള്‍ക്ക് പൈപ്പ് ഉപയോഗിച്ച് വെള്ളം നനയ്ക്കുന്നതിനിടെ വഴിയിലൂടെ നടന്നുപോവുകയായിരുന്ന കുട്ടന്റെ ദേഹത്ത് വെള്ളത്തുള്ളികള്‍ തെറിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പ്രകോപിതനായ കുട്ടന്‍ വീട്ടില്‍ ചെന്ന് ഇരുമ്പുവടി എടുത്തുകൊണ്ടുവന്ന് ബോസിന്റെ നെറുകയില്‍ അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബോസ് കുഴഞ്ഞു വീണു. ഇയാളെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടനെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കുകയായിരുന്നു.

Latest Videos

മുന്‍പ് രണ്ട് പ്രാവശ്യം ബോസിനെയും ഭാര്യയേയും കുട്ടന്‍ ആയുധം ഉപയോഗിച്ച് അടിച്ച് പരുക്കേല്‍പ്പിച്ചിട്ടുണ്ട്. ഈ കേസുകള്‍ കോടതിയില്‍ വിചാരണയിലിക്കെയാണ് പുതിയ സംഭവം. നെടുപുഴ എസ്.എച്ച്.ഒ. ടി.ജി. ദിലീപ്, എസ്.ഐ. നെല്‍സണ്‍, അഡീ. എസ്.ഐ. ജയ്സണ്‍, എ.എസ്.ഐ. സന്തോഷ്, സി.പി.ഒ ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

'സംവാദത്തിന് തയ്യാർ, വീണയുടെ രേഖകൾ പുറത്തു വിടാൻ തയ്യാറുണ്ടോ'; പരസ്യ സംവാദത്തിന് ക്ഷണിച്ച് കുഴൽനാടൻ 


tags
click me!