കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലപാതക അന്വേഷണത്തിൽ അഭിഭാഷകനെ ചോദ്യം ചെയ്തു.
കാസർകോട്: കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലപാതക അന്വേഷണത്തിൽ അഭിഭാഷകനെ ചോദ്യം ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ മന്ത്രവാദിനി ജിന്നുമ്മ എന്ന ഷമീന, ഇവരുടെ ഭർത്താവ് ഉബൈസ് എന്നിവരുമായി കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസങ്ങളിൽ ഇദ്ദേഹവുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണിത്.
പ്രവാസി വ്യവസായി പൂച്ചക്കാട് സ്വദേശി അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലപാതകത്തിലും 596 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലുമാണ് അന്വേഷണം പുരോഗമിക്കുന്നത്. കാസർകോട് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്തിയാണ് അഭിഭാഷകനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. പ്രതികളായ കൂളിക്കുന്നിലെ മന്ത്രവാദിനി ജിന്നുമ്മ എന്ന ഷമീന, ഭർത്താവ് ടി എം ഉബൈസ് എന്നിവരുമായി അഭിഭാഷകൻ നിരന്തരം ഫോണിൽ ബന്ധപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണിത്.
കൃത്യം നടത്തിയതിനുശേഷം ഷമീന ആദ്യം വിളിച്ചത് ഈ അഭിഭാഷകനെ തന്നെയാണ്. വിശദമായി ചോദ്യം ചെയ്തിന് ശേഷം അഭിഭാഷകനെ വിട്ടയച്ചു. അതേസമയം കൂടുതൽ തെളിവെടുപ്പിനായും ചോദ്യം ചെയ്യാനുമായി പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ജില്ലാ കോടതിൽ അപേക്ഷ നൽകി. നേരത്തെ മൂന്ന് ദിവസത്തേക്ക് മാത്രമാണ് കോടതി കസ്റ്റഡി അനുവദിച്ചിരുന്നത്.
കസ്റ്റഡി ആവശ്യം ഉന്നയിച്ച് ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരത്തെ ഹർജി നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡി അപേക്ഷയോടൊപ്പം പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയും ജനുവരി നാലിന് പരിഗണിക്കും. ഷാർജയിൽ ബിസിനസ് നടത്തുന്ന അബ്ദുൾ ഗഫൂർ ഹാജിയെ 2023 ഏപ്രിൽ 14 നാണ് പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മന്ത്രവാദിനി ഷമീന, ഭർത്താവ് ഉബൈസ് എന്നിവർക്ക് പുറമേ പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരാണ് കൊലപാതകത്തിന് പിടിയിലായത്. ഡി സി ആർ ബി ഡിവൈഎസ്പി കെ ജെ ജോൺസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.