'ജോലി ബാങ്കിൽ, കടകളിലെത്തിയാൽ എന്തെങ്കിലും മോഷ്ടിക്കണം'; അടിച്ച് മാറ്റിയത് കളിപ്പാട്ടം മുതൽ ഐഫോൺ വരെ; പിടിയിൽ

By Web Team  |  First Published Apr 12, 2024, 7:50 PM IST

സ്വകാര്യ ബാങ്കിലെ സെയില്‍സ് മാനേജരായ ദീപക്ക് മനോഹര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പാണ് തേക്കടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയത്.


ഇടുക്കി: കുമളിയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. സ്വകാര്യ ബാങ്ക് സെയില്‍സ് മാനേജരും ട്രിച്ചി സ്വദേശിയുമായ ദീപക്ക് മനോഹരന്‍ ആണ് പിടിയിലായത്. ഫോണ്‍ വാങ്ങാന്‍ എന്ന വ്യാജേനെയെത്തിയാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

ഇക്കഴിഞ്ഞ ഏഴാം തീയതി കുമളി തേക്കടി ജംഗ്ഷനിലെ മൊബൈല്‍ ഷോപ്പില്‍ നിന്നുമാണ് ദീപക്ക് ഫോണുകള്‍ മോഷ്ടിച്ചത്. സ്വകാര്യ ബാങ്കിലെ സെയില്‍സ് മാനേജരായ ദീപക്ക് മനോഹര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പാണ് തേക്കടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയത്. കുമളി ടൗണിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഫോണ്‍ വാങ്ങാനെന്ന വ്യാജേന ഇയാള്‍ സ്ഥാപനത്തില്‍ എത്തിയത്. കൗണ്ടറില്‍ ആളില്ലെന്ന് മനസിലായ ദീപക്ക് മേശപ്പുറത്ത് നിന്നും കടയുടമയുടെ ഒന്നര ലക്ഷം രൂപ വില വരുന്ന ഐ ഫോണും മറ്റൊരു ആന്‍ഡ്രോയ്ഡ് ഫോണും മോഷ്ടിച്ച ശേഷം കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Latest Videos

സംഭവം അറിഞ്ഞ കടയുടമ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ശേഖരിച്ചപ്പോഴേക്കും ഇയാള്‍ സിംകാര്‍ഡ് ഊരി മാറ്റിയ ശേഷം ഫോണ്‍ ഓഫ് ചെയ്തു. തുടര്‍ന്ന് കുമളിയിലെ കടകളില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇതില്‍ നിന്നും സംഘമെത്തിയ വാഹനത്തെ സംബന്ധിച്ച് സൂചന ലഭിച്ചു. ഇത് പിന്തുടര്‍ന്ന് ട്രാവല്‍ ഏജന്‍സിയിലും വാഹനം ബുക്ക് ചെയ്ത ആളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദീപക്ക് പിടിയിലായത്. കുമളിയിലെ മറ്റ് കടകളില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ അടക്കം ചെറിയ ചില സാധനങ്ങളും ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ സമാനമായ മറ്റ് കേസുകള്‍  ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

'ഭക്ഷണസാധനം കൈമാറിയ ശേഷം തോർത്തെടുത്ത് മുഖം തുടച്ചു'; പിന്നാലെ പതുങ്ങിയെത്തി ഷൂ മോഷ്ടിച്ച് സ്വിഗി ജീവനക്കാരൻ 

 

tags
click me!