'ഒന്നരക്കോടിയുടെ മയക്കുമരുന്നുള്ള വാഹനം ചേസ് ചെയ്ത് പിടികൂടിയതിന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെയും കുറ്റവാളികളെ വെടിവച്ച് പിടികൂടിയതിന് ബീഹാര്‍ മുഖ്യമന്ത്രിയുടെയും പേരില്‍ വ്യാജ അനുമോദന കത്തുകളും ഇയാളുടെ കെെവശം.'
തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസില്‍ അറസ്റ്റിലായ കെഎസ്ഇബി ജീവനക്കാരന്‍ ആളുകളെ വീഴ്ത്തിയത് സര്‍ക്കാര്‍ ഉത്തരവുകളും അനുമോദന കത്തുകളും കാണിച്ചാണെന്ന് പൊലീസ്. ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയതിന് മരുതുംകുഴി സ്വദേശി വിനീത് കൃഷ്ണനെയാണ് വട്ടിയൂര്‍ക്കാവ് പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്.
ഐപിഎസ് ഉദ്യോഗസ്ഥനായി നിയമിച്ചു കൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്, പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കിയുള്ള പിഎംഒയുടെ കത്ത്, എസ്പിയായി നിയമിച്ചുള്ള രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ഉത്തരവ് തുടങ്ങിയവയാണ് കെഎസ്ഇബി ജീവനക്കാരനായ വിനീത് തട്ടിപ്പിനായി ചമച്ച രേഖകളെന്നും പൊലീസ് പറഞ്ഞു.
'ഐപിഎസ് ഉദ്യോഗസ്ഥനാണെന്നും, കെഎസ്ഇബിയില്‍ സ്‌പെഷ്യല്‍ ഓഫീസറായി ജോലി ചെയ്യുകയാണെന്നുമാണ് ഇയാള്‍ പലരെയും വിശ്വസിപ്പിച്ചിരുന്നത്. ഒന്നരക്കോടിയുടെ മയക്കുമരുന്നുള്ള വാഹനം ചേസ് ചെയ്ത് പിടികൂടിയതിന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെയും കുറ്റവാളികളെ വെടിവച്ച് പിടികൂടിയതിന് ബീഹാര്‍ മുഖ്യമന്ത്രിയുടെയും ഒക്കെ പേരില്‍ വ്യാജ അനുമോദന കത്തുകളും ഇയാള്‍ ഉണ്ടാക്കിയിരുന്നു. പൊലീസ് യൂണിഫോമിലുള്ള ചിത്രങ്ങളും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വ്യാജ രേഖകളും ഉത്തരവുകളും വിനീത് പലര്‍ക്കും അയച്ചുകൊടുത്തിരുന്നു.'
ഇതോടെയാണ് കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് ആള്‍മാറാട്ടത്തെ കുറിച്ച് വിവരം ലഭിച്ചത്. തട്ടിപ്പിനെ കുറിച്ച് കെഎസ്ഇബി വിജിലന്‍സ് സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി വിനീതിനെ പിടികൂടിയത്. വിനോദത്തിന് വേണ്ടിയാണ് ആള്‍മാറാട്ടം നടത്തിയതും വിശ്വാസ്യതയ്ക്ക് വേണ്ടിയാണ് തട്ടിപ്പ് രേഖകള്‍ ഉണ്ടാക്കിയതെന്നുമാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ഇയാള്‍ പണം തട്ടിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കെഎസ്ഇബി ചെയര്‍മാന്റെ ഓഫീസിലെ പ്യൂണായിരുന്നു വിനീത് കൃഷ്ണന്‍. കെഎസ്ഇബി വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.