പിടിയിലായ അക്ഷയ്ക്കെതിരെ ചേവായൂർ സ്റ്റേഷനിൽ ഒരു പോക്സോ കേസും, ആലപ്പുഴയിൽ ലഹരിമരുന്ന് കേസുമുണ്ട്. പ്രതികളെല്ലാവരും ലഹരിക്കടിമകളാണെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട്: ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഓഫീസിന്റെ ഗ്രിൽ പൊളിച്ച് അകത്ത് കയറി അലമാര കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കക്കോടി കിഴക്കുംമുറി സ്വദേശി അക്ഷയ് (21) മോഷണ മുതൽ വിൽക്കാൻ സഹായിച്ച പയമ്പ്ര സ്വദേശിയും, ഇപ്പോൾ നരിക്കുനി മടവൂരിൽ വാടകക്ക് താമസിക്കുന്ന അഫ്സൽ റഹ്മാൻ(21) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ. ബൈജു ഐപിഎസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
കവർച്ച നടത്തിയ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ഇവരുടെ കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. നവംബർ 15ാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. ബുള്ളറ്റിൽ വന്ന മൂവർ സംഘം പ്രതികളിൽ ഒരാളെ ക്ഷേത്ര പരിസരത്ത് ഇറക്കി. ശേഷം മറ്റു രണ്ടു പേർ റോഡരികിൽ കാത്തു നിന്നു. ഇതിൽ ഒരാൾ ക്ഷേത്രമതിൽ ചാടിക്കടന്ന് കവർച്ച നടത്തിയ ശേഷം നടന്ന് റോഡിലെത്തി ബൈക്കിൽ കയറി കടന്നു കളയുകയായിരുന്നു. മോഷണത്തിന്‍റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഡി.സി.പി യുടെ നിർദ്ദേശ പ്രകാരം കേസന്വേഷണം ഏറ്റെടുത്ത സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് കൂടുതൽ സിസിടിവി ഫൂട്ടേജുകൾ പരിശോധിക്കുകയും കൂടാതെ മറ്റുശാസ്ത്രീയ തെളിവുകളും,സമാനമായ കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടവരെ പരിശോധിച്ചുമാണ് പ്രതികളെ പൊക്കിയത്.
നിരവധി കേസുകളിൽ പ്രതികളായവരാണ് കേസിൽ പിടിയിലാകാനുള്ള മറ്റു രണ്ടു പേരെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായ അക്ഷയ്ക്കെതിരെ ചേവായൂർ സ്റ്റേഷനിൽ ഒരു പോക്സോ കേസും, ആലപ്പുഴയിൽ ലഹരിമരുന്ന് കേസുമുണ്ട്. പ്രതികളെല്ലാവരും ലഹരിക്കടിമകളാണെന്ന് പൊലീസ് പറഞ്ഞു. മോഷണ മുതലുകൾ വിറ്റ് കിട്ടുന്ന പണം ആഢംബരത്തിനും, ലഹരിക്കുമായിട്ടാണ് ഇവർ ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തതിൽ മാവൂരിലെ കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയതും, അമ്പല മോഷണങ്ങളും ഉൾപ്പെടെ അഞ്ചോളം കേസുകൾക്ക് തുമ്പുണ്ടായി.
പ്രതികൾ മോഷ്ടിച്ച മൊബൈൽ ഫോൺ ഗൾഫ് ബസാറിലുള്ള ഷോപ്പിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ് സീനിയർ സിപിഒമാരായ ഹാദിൽകുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ സിപിഒ മാരായ സുമേഷ് ആറോളി, രാകേഷ്ചൈതന്യം, അർജുൻ എ.കെ, നല്ലളം പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ വിനോദ് കുമാർ, മനോജ്കുമാർ പി.ടി ,രതീഷ് കെ.കെ. എന്നിവരാണ് ഉണ്ടായിരുന്നത്.