'ഉമ്മ ജനലിനടുത്ത് നിൽക്കുന്നത് പലതവണ കണ്ടു, കരച്ചിൽ കേട്ട് ആരും വന്നു നോക്കിയില്ല, മരിക്കട്ടേന്നാ ഓര് പറഞ്ഞത്'

By Web Team  |  First Published Dec 9, 2023, 4:12 PM IST

'വേറെ വീട് വെച്ച് മാറണമെന്ന് പറഞ്ഞപ്പോ ഉമ്മാനെ തല്ലി. വിഷമിച്ച് ഉമ്മ മോളിലെ മുറിയിൽ പോയി വാതിലടച്ചു. രാത്രി പലതവണ നോക്കിയപ്പോൾ ഉമ്മ ജനലിനരികിൽ നിൽക്കുന്നുണ്ടായിരുന്നു'


വടകര: കോഴിക്കോട് ഓർക്കാട്ടേരിയിയിൽ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി മകൾ. കഴിഞ്ഞ തിങ്കളാഴ്ചയാണ്  കുന്നുമ്മക്കര ഹബീബിന്റെ ഭാര്യ ഷബ്ന ആത്മഹത്യ ചെയ്തത്. ഉമ്മയുടെ മരണത്തിന്‍റെ ഞെട്ടൽ മാറിയിട്ടില്ല 10 വയസുകാരിയായ മകൾക്ക്. ഉമ്മയെ ഉപ്പയുടെ  മാതൃസഹോദരൻ ഹനീഫ മർദ്ദിച്ചുവെന്നും മുറിയിൽ കയറി വാതിലടച്ച് കരഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്നുമാണ് മകളുടെ വെളിപ്പെടുത്തൽ.  സംഭവത്തിൽ ഹനീഫയെ പൊലീസ്  അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് എടച്ചേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മകളുടെ വെളിപ്പെടുത്തൽ കൂടാതെ ഹനീഫ ഷബ്നയെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മർദ്ദനത്തിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്ന കിടപ്പുമുറിയിൽ കയറി വാതിലടച്ച് ആത്മഹത്യ ചെയ്തത്. സ്വന്തം വീടുവെച്ച് മാറണമെന്ന് ഷബ്ന പറഞ്ഞതിനെ തുടർന്നാണ് ഇയാള്‍ മർദ്ദിച്ചതെന്നാണ് വിവരം. 'വാപ്പാന്‍റെ അമ്മാവൻ ഉമ്മയോട് മോശമായി സംസാരിച്ചു. വീട് വെച്ച് മാറണമെന്ന് പറഞ്ഞപ്പോ ഉമ്മാനെ തല്ലി. വിഷമിച്ച് ഉമ്മ മോളിലെ മുറിയിൽ പോയി വാതിലടച്ചു. രാത്രി പലതവണ നോക്കിയപ്പോൾ ഉമ്മ ജനലിനരികിൽ നിൽക്കുന്നുണ്ടായിരുന്നു. പിന്നീട് വാതിൽ അടച്ച ശബ്ദം കേട്ടു. വേദന കൊണ്ട് കരയുന്ന പോലത്തെ ശബ്ദം കേട്ടപ്പോള്‍ ഉമ്മ കരയുകയാണ് നോക്കണമെന്ന് വീട്ടിലുള്ളവരോട് പറഞ്ഞു, പക്ഷേ ആരും ചെന്ന് നോക്കിയില്ല, മരിക്കുന്നെങ്കിൽ മരിക്കട്ടെയെന്നായിരുന്നു ഭർത്താവിന്‍റെ സഹോദരിയുടെ പ്രതികരണം.'- മകൾ പറഞ്ഞു.

Latest Videos

undefined

ഷബ്ന വിളിച്ചിട്ട് കിട്ടാതായോടെ വിദേശത്തുള്ള ഭർത്താവ് ഫോണിൽ വിളിച്ച് ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് മരണ വിവരം പുറത്തറിയുന്നത്. വിവരമറിഞ്ഞ് രാത്രിയിൽ ഷബ്നയുടെ ബന്ധുക്കളെത്തി വാതിൽ തള്ളി തുറന്നപ്പോൾ ജനാലയിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു ഷബ്നയുടെ മൃതദേഹം. വൈകീട്ട് വീട്ടിൽ തർക്കമുണ്ടായെന്ന് ഷബ്നയുടെ മകൾ പറഞ്ഞതിനാൽ സിസിടിവി ഹാർഡ് ഡിസ്ക് ബന്ധുക്കൾ അഴിച്ചെടുത്തു. പരിശോധിച്ചപ്പോഴാണ് ഷബ്നയുടെ ഭർത്താവിന്‍റെ അമ്മാവൻ മർദ്ദിക്കുന്നത് കണ്ടത്.  

പുതിയ വീട് വാങ്ങി താമസം മാറാനുള്ള ആലോചനയ്ക്കിടെയാണ് ഷബ്നയുടെ മരണം. ഭർതൃ വീട്ടുകാരുടെ പീഡനം പലപ്പോഴും മകൾ പറഞ്ഞിരുന്നെന്നും വിവാഹത്തിന് നൽകിയ സ്വർണം വീടിനായി ഉപയോഗിക്കാൻ പറഞ്ഞതോടെയാണ് ഉപദ്രവം കൂടിയതെന്ന് അമ്മ പറയുന്നു. ഹനീഫ കൊല്ലാനും മടിക്കില്ലെന്ന് ഷബ്നയുടെ ഭർത്താവ് പറയുന്ന ശബ്ദരേഖയും ബന്ധുക്കൾക്ക് ലഭിച്ചു. അസ്വാഭാവിക മരണത്തിനാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് തെളിവുകൾ ഉൾപ്പെടെ ബന്ധുക്കൾ ഉടൻ മറ്റൊരു പരാതിയും നൽകും.

Read More : വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു, തിരക്കുള്ള ബസിൽ 45 വയസുകാരന്‍റെ അതിക്രമം; കൈയ്യോടെ പൊക്കി നാട്ടുകാർ, അറസ്റ്റ്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

click me!