സ്വാതന്ത്ര്യദിനത്തിൽ 30 കോടി ലോട്ടറിയടിച്ചെന്ന് മെസേജ്; കോട്ടയത്തെ വീട്ടമ്മയുടെ 81 ലക്ഷം തട്ടി, അറസ്റ്റ്

By Web Team  |  First Published May 6, 2023, 11:31 PM IST

30 കോടിയുടെ സമ്മാനം പണമടച്ച് കൈപ്പറ്റിയില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. ഇതോടെ ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമായി 81 ലക്ഷം രൂപയോളം കടം വാങ്ങി വീട്ടമ്മ തട്ടിപ്പുകാരന്‍റെ അക്കൗണ്ടിലേക്ക് നല്‍കിക്കൊണ്ടേയിരുന്നു.


കോട്ടയം : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്നു പറഞ്ഞ് വീട്ടമ്മയിൽ നിന്ന് 81 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ പൗരൻ കോട്ടയത്ത് അറസ്റ്റിൽ. ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയാണ് ഓൺ ലൈൻ തട്ടിപ്പിന്റെ ഇരയായത്. നാട്ടുകാരില്‍ നിന്ന് പണം കടം വാങ്ങിയാണ് വീട്ടമ്മ തട്ടിപ്പുകാരന് പണം നല്‍കിയത്.

നൈജീരിയൻ സ്വദേശിയായ ഇസിചിക്കു ആണ് അറസ്റ്റിലായത്. ഇരുപത്തിയാറുകാരനായ ഇസിചിക്കുവിനെ ഡൽഹിയിൽ നിന്നാണ് കോട്ടയം പൊലീസ് പൊക്കിയത്. രണ്ടു വര്‍ഷം മുമ്പത്തെ സ്വാതന്ത്ര്യ ദിനത്തിന്‍റെ പേരു പറഞ്ഞായിരുന്നു ഇസിചിക്കു ചെത്തിപ്പുഴക്കാരിയായ വീട്ടമ്മയെ പറ്റിച്ചത്. ബ്രിട്ടീഷ് പൗരയായ അന്ന മോർഗൻ എന്ന വ്യാജ ഐ‍ഡി വഴിയാണ് ഇസിചിക്കു വീട്ടമ്മയുമായി ഫെയ്സ്ബുക്കില്‍ സൗഹൃദം സ്ഥാപിച്ചത്. 2021 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ സന്തോഷമറിയിച്ച് താന്‍ 30 കോടി രൂപയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇസിചിക്കു വ്യാജ ഐഡിയിലൂടെ വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു. 

Latest Videos

സമ്മാനത്തിന്‍റെ ഫോട്ടോയും വീഡിയോകളും അയച്ചതോടെ വിശ്വസിച്ച വീട്ടമ്മയോട് കസ്റ്റംസ് നികുതി ഇനത്തില്‍ 22,000 രൂപ അടയ്ക്കാന്‍ ഇസിചിക്കു ആവശ്യപ്പെട്ടു. പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന പേരില്‍ നിരന്തരം ആളുകള്‍ വീട്ടമ്മയെ വിളിച്ച് ഭീഷണി മുഴക്കി. 30 കോടിയുടെ സമ്മാനം പണമടച്ച് കൈപ്പറ്റിയില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. ഇതോടെ ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമായി 81 ലക്ഷം രൂപയോളം കടം വാങ്ങി വീട്ടമ്മ തട്ടിപ്പുകാരന്‍റെ അക്കൗണ്ടിലേക്ക് നല്‍കിക്കൊണ്ടേയിരുന്നു. ഗതികെട്ടപ്പോഴാണ് പൊലീസിനെ സമീപിക്കാനുളള ബുദ്ധി തോന്നിയതും സംഗതി തട്ടിപ്പാണെന്ന് മനസിലാക്കിയതും. 

ഫോണിൽ സംസാരിക്കുകയായിരുന്ന സുഹൃത്തിനെ തലയ്ക്ക് പിന്നിൽ വെടിവെച്ച് കൊന്നു, അർദ്ധസൈനികൻ അറസ്റ്റിൽ

പ്രത്യേക സൈബര്‍ സംഘത്തെ നിയോഗിച്ച് കോട്ടയം എസ്.പി. കെ.കാര്‍ത്തിന്‍റെ മേല്‍നോട്ടത്തില്‍ ഒരു വര്‍ഷത്തോളം അന്വേഷണം നടത്തിയ ശേഷമാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരന്‍റെ ഡല്‍ഹിയിലെ വാസ സ്ഥലം കണ്ടെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. വീട്ടമ്മയില്‍ നിന്ന് തട്ടിയെടുത്ത പണം കണ്ടെത്താനുളള ശ്രമവും തുടരുകയാണ്.

സ്ലീപ്പർ ബസിൽ വിദേശ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

 


 

click me!