അച്ഛനെ അറസ്റ്റ് ചെയ്യുമെന്ന വിവരം നവീനെ അറിയിച്ച് തന്ത്രപൂർവ്വം ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ഇന്ന് പുലർച്ചെ വിജയം കണ്ടു
കൊച്ചി: എറണാകുളം ആലുവയിൽ കഞ്ചാവ് കേസിൽ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച ഗ്രേഡ് എസ് ഐ അറസ്റ്റിലായി. ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്ന് 28 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് ഇതോടെ നാല് മലയാളികൾ അറസ്റ്റിലായി. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ചത് വാഴക്കുളം സ്വദേശിയും തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ സാജന്‍റെ മകനുമായ നവീന് വേണ്ടിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിനിടെ മകനെ വിദേശത്തേക്ക് കടക്കാൻ ഗ്രേഡ് എസ് ഐ ആയ അച്ഛൻ സഹായിച്ചിരുന്നു. ഇതാണ് വിരമിക്കാൻ ഒരു മാസം മാത്രമുള്ളപ്പോൾ ഗ്രേഡ് എസ് ഐ സാജന് കുരുക്കായത്.
സംഭവം ഇങ്ങനെ
കഴിഞ്ഞ 22 ആം തിയതി ഒഡീഷയിലെ കണ്ടമാലിലെ ഉൾവനത്തിൽ നിന്നും 28 കിലോ കഞ്ചാവുമായി ആലുവ റെയിൽവെ സ്റ്റേഷനിലെത്തിയപ്പോഴാണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിലാകുന്നത്. മൊത്ത വില്പനയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസിന് സൂചന കിട്ടിയതോടെ ഇതിലെ മലയാളി ബന്ധം കണ്ടെത്താനായി ശ്രമം. 21 വയസ്സുള്ള വാഴക്കുളം സ്വദേശി നവീന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകിയതോടെ ഇയാളെ കേന്ദ്രീകരിച്ചായി അന്വേഷണം. കഞ്ചാവ് കേസിൽ മുമ്പും പ്രതിയായിട്ടുള്ള ഇയാൾ ആലുവ തടിയിട്ടപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സാജന്‍റെ മകനാണെന്നും വിവരം കിട്ടി. ഇതിനിടെ നവീൻ വിദേശത്തേക്ക് കടക്കാൻ ശ്രമങ്ങൾ തുടങ്ങി. അബുദാബിയിൽ എത്തി. ഇതിനുള്ള എല്ലാ കരുക്കളും നീക്കിയത് ഗ്രേഡ് എസ് ഐ ആയ സാജനാണെന്നും പൊലീസിന് തെളിവുകൾ കിട്ടിയതോടെ ഇയാളെ പിടികൂടി. അച്ഛനെ അറസ്റ്റ് ചെയ്യുമെന്ന വിവരം നവീനെ അറിയിച്ച് തന്ത്രപൂർവ്വം ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ഇന്ന് പുലർച്ചെ വിജയം കണ്ടു.
ഇതിനിടെ കഞ്ചാവ് സംഘവുമായി അടുത്ത ബന്ധം പുലർത്തുകയും, ഒളിത്താവളങ്ങളും, വാഹനവും സംഘടിപ്പിച്ച് നൽകിയ വെങ്ങോല സ്വദേശി ആൻസ്, വട്ടയ്ക്കാട്ടുപടി സ്വദേശി ബേസിൽ തോമസ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയവരിൽ നിന്ന് വാഹനങ്ങളും മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ ഒഡീഷ സ്വദേശികളായ രജനീകാന്ത് മാലിക്, ചക് ദോൽ പ്രധാൻ, ശർമ്മാനന്ദ് പ്രധാൻ എന്നിവർ റിമാൻഡിലാണ്. രാവിലെ കോടതിയിൽ ഹാജരാക്കിയ സാജനും റിമാൻഡിലായി. മെയ് മാസം അവസാനം പൊലീസ് സർവ്വീസിൽ നിന്ന് വിരമിക്കാനിരിക്കെ ആണ് സാജൻ കേസിൽ അറസ്റ്റിലാകുന്നത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയത്. ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു തുടരന്വേഷണം.