ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവിനെ പെട്ടിയിലാക്കി, സ്വകാര്യ വിമാനത്തില്‍ നാടുകടത്തി; ഭാര്യക്കെതിരെ അറസ്റ്റ് വാറന്‍റ്

By Web Team  |  First Published Jan 8, 2020, 10:28 AM IST

വിവിധ രാജ്യങ്ങളുടെ വിമാനത്താവളങ്ങളില്‍ എത്തിയെങ്കിലും ജപ്പാന്‍റെയോ തുര്‍ക്കിയുടേയോ സുരക്ഷാ പരിശോധനയില്‍ ഘോന്‍ കുടുങ്ങിയില്ല. സ്വകാര്യ വിമാനങ്ങളില്‍ കൊണ്ടുപോകുന്ന ലഗേജുകളില്‍ പരിശോധനയില്ലാതിരുന്നതാണ് ഘോനിന് തുണയായത്. 


ടോക്കിയോ: ഭര്‍ത്താവിനെ ടോക്കിയോയില്‍ നിന്ന് കടത്തിയ നിസാന്‍ കമ്പനി മുന്‍ മേധാവി കാര്‍ലോസ് ഘോന്‍റെ ഭാര്യക്ക് അറസ്റ്റ് വാറന്‍റ്.  ത്രില്ലര്‍ സിനിമയെ വെല്ലുന്ന രീതിയില്‍ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച് സ്വകാര്യ വിമാനത്തിലായിരുന്നു കാര്‍ലോസ് ഘോനെ ജപ്പാനില്‍ നിന്ന് ലെബനനിലേക്ക് കടത്തിയത്. നികുതി വെട്ടിപ്പും ധനാപഹരണവും ആരോപിച്ച് 2018 നവംബറിലാണ് ഘോൻ ജപ്പാനില്‍ അറസ്റ്റിലായത്. 

ഭാര്യ കാരളിനെ പോലും കാണരുതെന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയായിരുന്നു ഘോനിന് ജാമ്യം അനുവദിച്ചത്. കനത്ത പൊലീസില്‍ കാവലും ഘോനിന് ജപ്പാന്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാാല്‍ ഡിസംബര്‍ 29ന് രാത്രി പതിനൊന്ന് മണിയോടെ ഫ്രെഞ്ച് പാസ്‍പോര്‍ട്ട് ഉപയോഗിച്ച് സ്വകാര്യ വിമാനത്തില്‍ പെട്ടിയില്‍ ഒളിപ്പിച്ചാണ് ഘോനിനെ ടോക്കിയോയില്‍ നിന്ന് തുര്‍ക്കിയിലേക്ക് എത്തിച്ചത്. ഇവിടെ നിന്ന് മറ്റൊരു വിമാനത്തില്‍ ലെബനനില്‍ എത്തി കാര്‍ലോസ് അഭയം തേടുകയായിരുന്നു. 

Latest Videos

undefined

വിവിധ രാജ്യങ്ങളുടെ വിമാനത്താവളങ്ങളില്‍ എത്തിയെങ്കിലും ജപ്പാന്‍റെയോ തുര്‍ക്കിയുടേയോ സുരക്ഷാ പരിശോധനയില്‍ ഘോന്‍ കുടുങ്ങിയില്ല. സ്വകാര്യ വിമാനങ്ങളില്‍ കൊണ്ടുപോകുന്ന ലഗേജുകളില്‍ പരിശോധനയില്ലാതിരുന്നതാണ് ഘോനിന് തുണയായത്. സുരക്ഷാ ഏജന്‍സികളുടെ കണ്ണ് വെട്ടിച്ച് ഘോന്‍ മുങ്ങിയതോടെ ജപ്പാനില്‍ സ്വകാര്യ വിമാനങ്ങളിലെ ലഗേജുകളും കര്‍ശനമായി പരിശോധിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 

സംഗീതോപകരണങ്ങള്‍ കൊണ്ടുപോവുന്ന വലിയ പെട്ടിയില്‍ ഒളിപ്പിച്ചാണ് കാര്‍ലോസ് ഘോനിനെ കടത്തിയത്. പെട്ടിയുടെ വലിപ്പക്കൂടുതല്‍ എക്സ്റേ പരിശോധന ഒഴിവാക്കാന്‍ സഹായിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഘോനെതിരായ അഴിമതിക്കേസില്‍ ഭാര്യ കാരള്‍ നല്‍കിയ മൊഴികള്‍ വ്യാജമാണെന്ന് കാണിച്ചാണ് ഇപ്പോള്‍ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്. 

ലബനനിലേക്ക് മുങ്ങിയത് ജാമ്യ വ്യവസ്ഥകളുടെ ലംഘമാണെന്ന് വ്യക്തമാക്കിയ ജപ്പാന്‍ ഘോനെതിരായ നടപടികള്‍ തുടരുമെന്ന് വ്യക്തമാക്കി. ഫ്രെഞ്ച് കമ്പനിയായ റെനോയുമായി സഹകരിക്കാനുള്ള തീരുമാനത്തില്‍ എതിര്‍പ്പുള്ള കമ്പനിയിലെ ഒരുവിഭാഗം ജീവനക്കാര്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തന്നെ അഴിമതിക്കേസില്‍ കുടുക്കിയതെന്നാണ് ഘോന്‍ അവകാശപ്പെടുന്നത്.  

കേസില്‍ വിചാരണ നീണ്ടതും ജപ്പാന്‍റെ അന്വേഷണത്തോട് സഹകരിച്ചിരുന്ന കുടുംബത്തെ കാണുന്നത് വിലക്കിയതുമാണ് ഇത്തരമൊരു രക്ഷപ്പെടലിന് ഘോനിനെ പ്രേരിപ്പിച്ചതെന്നാണ് സൂചനകള്‍. അമേരിക്കയില്‍ താമസിക്കുന്ന ഘോനിന്‍റെ മകനെയും മകളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ടോക്കിയോയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഘോന്‍ ഓസക വരെ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്ത് കന്‍സായി വിമാനത്താവളത്തില്‍ നിന്നാണ് ജപ്പാന്‍ വിട്ടത്. കാരളിന്‍ ഘോനൊപ്പം ലൈബനനിലുളളതായാണ് ജപ്പാന്‍ വിശദമാക്കുന്നത്. 

click me!