പരിശീലന സ്ഥലത്ത് നിന്ന് മടങ്ങുന്ന വഴിക്ക് ഇടനാഴിയിൽ വച്ച് വിദ്യാർത്ഥിയുടെ പിന്നിലൂടെ എത്തിയ അധ്യാപകൻ ഷർട്ട് ഉപയോഗിച്ച് വിദ്യാർത്ഥിയുടെ കഴുത്ത് വരിഞ്ഞ് മുറുക്കുകയായിരുന്നു.
മിഷിഗൺ: പരിക്കുമൂലം പുഷ് അപ് എടുക്കാതിരുന്ന വിദ്യാർത്ഥിയെ ആക്രമിച്ച് കായിക അധ്യാപകൻ. മിഷിഗണിലെ യിപ്സിലാന്റി മിഡിൽ സ്കൂളിൽ കഴിഞ്ഞ ആഴ്ചയാണ് വിദ്യാർത്ഥി ആക്രമിക്കപ്പെട്ടത്. പരിശീലന സ്ഥലത്ത് നിന്ന് മടങ്ങുന്ന വഴിക്ക് ഇടനാഴിയിൽ വച്ച് വിദ്യാർത്ഥിയുടെ പിന്നിലൂടെ എത്തിയ അധ്യാപകൻ ഷർട്ട് ഉപയോഗിച്ച് പിന്നിൽ നിന്ന് വിദ്യാർത്ഥിയുടെ കഴുത്ത് വരിഞ്ഞ് മുറുക്കുകയായിരുന്നു.
നിമിഷങ്ങളോളം ഇത്തരത്തിൽ പിടിച്ച കായിക അധ്യാപകന്റെ പിടിയിൽ നിന്ന് കുതറി മാറിയാണ് വിദ്യാർത്ഥി രക്ഷപ്പെട്ടത്. സ്കൂളിന്റെ ഇടനാഴിയിലുള്ള സിസിടിവിയിൽ അക്രമ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ പൊലീസ് സഹായത്തോടെ നേടിയ രക്ഷിതാക്കളാണ് വീഡിയോ പുറത്ത് വിട്ടത്. സംഭവം വിവാദമായതിന് പിന്നാലെ അധ്യാപകനെ സ്കൂൾ അധികൃതർ പുറത്താക്കിയിരുന്നു. നേരത്തെ ഇടനാഴിയിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട കുട്ടിയുടെ മാതാവിനെ സ്കൂൾ അധികൃതർ മടക്കി അയക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കായിക അധ്യാപകൻ കുട്ടിയോട് പുഷ് അപ് ചെയ്യാനായി ആവശ്യപ്പെട്ടത്. എന്നാൽ പരിക്കായതിനാൽ പുഷ് അപ് ചെയ്യാനാവില്ലെന്ന് വിദ്യാർത്ഥി വിശദമാക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്.
വീഡിയോ വൈറലായതിന് പിന്നാലെ സമാന രീതിയിലുള്ള പരാതികളുമായി നിരവധി രക്ഷിതാക്കളാണ് ബന്ധപ്പെടുന്നതെന്നാണ് വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. സംഭവത്തിൽ നിയമ സഹായം തേടിയതായും അധ്യാപകനെ പുറത്താക്കിയെന്നും സ്കൂൾ അധികൃതർ തിങ്കളാഴ്ച പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം