വെണ്ണലയിൽ അമ്മയുടെ മൃതദേഹം മകൻ വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; കൊലപാതക സാധ്യത പ്രാഥമികമായി തള്ളി പൊലീസ്

By Web Team  |  First Published Dec 19, 2024, 6:18 PM IST

പിന്നീട്  കൂടുതൽ തെളിവുകൾ കിട്ടിയാൽ മാത്രം തുടർനടപടിയെന്നു പൊലീസ് വ്യക്തമാക്കി. 
 


കൊച്ചി: കൊച്ചി വെണ്ണലയിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ കുഴിച്ചിട്ട സംഭവത്തിൽ കൊലപാതകസാധ്യത പ്രാഥമികമായി തള്ളി പോലീസ്. കൊലപാതകം എന്ന് സംശയിപ്പിക്കുന്ന ഒന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ആന്തരിക അവയവങ്ങളുടെ വിശദമായ പരിശോധനാ റിപ്പോർട്ട് വന്നശേഷം മാത്രം അന്തിമ നിഗമനം എന്നും പോലീസ് കൂട്ടിച്ചേർത്തു. രാവിലെ കസ്റ്റഡിയിലെടുത്ത മകൻ പ്രദീപിനെ മോചിപ്പിക്കും. പിന്നീട്  കൂടുതൽ തെളിവുകൾ കിട്ടിയാൽ മാത്രം തുടർനടപടിയെന്നു പൊലീസ് വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് കൊച്ചി വെണ്ണലയില്‍ 70 വയസുള്ള അല്ലി എന്ന വയോധികയുടെ മൃതദേഹം മകന്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്. അമ്മയുടെ മൃതദേഹം മകന്‍ വീട്ടുമുറ്റത്ത് കുഴിയെടുത്ത് കുഴിച്ചിട്ടതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ്  സ്ഥലത്തെത്തി മകനെ കസ്റ്റഡിയിലെടുക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍  കോളേജിലേക്ക് അയക്കുകയും ചെയ്തിരുന്നു.

Latest Videos

undefined

മരണ കാരണം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്നായിരുന്നു പൊലീസിന്‍റെ പ്രതികരണം. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു. അതിനാല്‍ ഇയാളുടെ മൊഴികളില്‍ വ്യക്തതയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് പൊലീസ് കൊലപാതക സാധ്യത തള്ളി രംഗത്തെത്തിയിരിക്കുന്നത്. 

click me!