തോക്കിൻ മുനയുളള ‘വിചാരണക്കോടതികൾ’, വീഴ്ച മറയ്ക്കുന്ന വ്യാജ ഏറ്റുമുട്ടൽ കൊലകൾ

By Sravan Krishna  |  First Published May 21, 2022, 2:46 AM IST

ബലാത്സംഗക്കൊലപാതക കേസിലെ നാല് പ്രതികളെ മനപ്പൂർവം വെടിവെച്ചുകൊന്നതെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ വന്നു. വ്യാജ ഏറ്റുമുട്ടലാണ് ഹൈദരാബാദിൽ നടന്നതെന്ന് തെളിയുന്പോൾ അധികമാരും ഞെട്ടുന്നില്ല


ലാത്സംഗക്കൊലപാതക കേസിലെ നാല് പ്രതികളെ മനപ്പൂർവം വെടിവെച്ചുകൊന്നതെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ വന്നു. വ്യാജ ഏറ്റുമുട്ടലാണ് ഹൈദരാബാദിൽ നടന്നതെന്ന് തെളിയുന്പോൾ അധികമാരും ഞെട്ടുന്നില്ല. അത്ഭുതമില്ല.. നാല് പേരെയും കരുതിക്കൂട്ടി വകവരുത്തിയതെന്ന് അന്നേ പറഞ്ഞവരേറെയാണ്. അപ്പോൾ ആരാണ് ദിശ കൊലക്കേസ് പ്രതികളെ വെടിവെച്ചുകൊന്നത്? ആരാണ് ഉത്തരവിട്ടത്? എന്തിനാണ് വെടിയുണ്ടകൾ കൊണ്ട് വിചാരണ തീർത്തത്? 2019 നവംബർ 28നാണ് ഹൈദരാബാദിനടുത്ത്  ചട്ട്നപ്പളളിയിൽ ബെംഗളൂരുവിലേക്കുളള ദേശീയപാതയുടെ അടിപ്പാതയിൽ ക്രൂരബലാത്സംഗത്തിന് ഇരയായി ,കത്തിക്കരിഞ്ഞ നിലയിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇരുപത്തിയഞ്ചുകാരി മൃഗഡോക്ടറുടേത്. അവരെ പിന്നീട് ദിശ എന്ന് വിളിച്ചു. 

ഷംഷാബാദിലെ ടോൾ പ്ലാസയ്ക്കടുത്ത് സ്കൂട്ടർ നിർത്തിയിട്ട്, ഗച്ചിബൗളിയിൽ ജോലി ആവശ്യത്തിനായി പോയ ദിശ , തിരിച്ച് ടോൾ പ്ലാസയിലെത്തിയത് രാത്രി 9 മണിയോടെയാണ്. കാണുന്പോൾ അവരുടെ സ്കൂട്ടർ പഞ്ചറായിരുന്നു. രാത്രിയിൽ സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടിയ നാല് പേർ അവരെ ഒഴിഞ്ഞയിടത്തുവെച്ച് റോഡരികിലെ കുറ്റിക്കാട്ടിലേക്ക് തളളി. മദ്യം നിർബന്ധിച്ച് കുടിപ്പിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു.  ബോധം മറഞ്ഞപ്പോൾ പുതപ്പിൽ മൂടി ലോറിയിലിട്ടു. അവരുടെ സ്കൂട്ടറിൽ തന്നെ അടുത്തുളള പെട്രോൾ പന്പിൽ പോയി പെട്രോൾ വാങ്ങി വന്നു. ചട്ട്നപ്പളളിയിലെത്തിച്ച്, അടിപ്പാതയിൽ, മരക്കഷ്ണങ്ങൾ കൂട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിച്ചു. ആ നാല് പേർ, മുഹമ്മദ് ആരിഫ്, ശിവ,നവീൻ,ചന്നകേശവലു എന്നിവരെന്ന് പൊലീസ് കണ്ടെത്തൽ.

Latest Videos

undefined

അന്ന് രാത്രി സഹോദരിയെയാണ് ദിശ അവസാനം വിളിച്ചത്. കാണാതായപ്പോൾ പത്ത് മണിയോടെ കുടുംബം പൊലീസ് സ്റ്റേഷനിലെത്തി. പരിധിയിലല്ല എന്ന് പറഞ്ഞ് അവരെ ഓരോ സ്റ്റേഷനിലേക്കും ഓടിച്ചു. ഷാദ്നഗർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ,ദിശ കാമുകനൊപ്പം പോയതെന്ന് ഉറപ്പിച്ചാണ് സംസാരിച്ചത്. പുരുഷൻമാരുമായി ചേച്ചിക്കുളള ബന്ധമെങ്ങനെ എന്നും ഫോണുപയോഗം എങ്ങനെയെന്നുമുളള ചോദ്യങ്ങൾ കേട്ടു. എഫ്ഐആർ ഇടാൻ പൊലീസ് തയ്യാറായില്ല. പരാതി വന്നപ്പോൾ തന്നെ പൊലീസ് ഇടപെട്ടിരുന്നെങ്കിൽ ദിശയെ ജീവനോടെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞേനെ എന്ന് കുടുംബം പിന്നീട് പറഞ്ഞു. ഇതേ പൊലീസ് ,ഇങ്ങനെ പഴി കേട്ട പൊലീസ് പക്ഷേ തെലങ്കാനയിൽ വീരനായകരായി. അതിന്‍റെ വഴി ഇങ്ങനെയാണ്.

രണ്ടാം നാൾ പ്രതികളെല്ലാം പിടിയിലായി. വിചാരണയ്ക്ക് അതിവേഗ കോടതി സ്ഥാപിച്ചു. എന്നാൽ ചന്ദ്രശേഖര റാവുവിന് എല്ലാം ക്ഷീണമായി. സർക്കാരിനെതിരെ വൻ വിമർശനമുയർന്നു. ദിശ കേസിൽ പ്രതിഷേധം ശക്തമാകുന്ന സമയത്ത് ദില്ലിയിൽ കല്യാണം കൂടുന്ന തിരക്കുകളിലായിരുന്നു മുഖ്യമന്ത്രി. വിമർശനങ്ങൾ പക്ഷേ , ഒരു രാത്രി പുലർന്നപ്പോൾ കെസിആറിന് പൂച്ചെണ്ടുകളായി. ഡിസംബർ ആറിന് , അതായത് കസ്റ്റഡിയിലായി ഏഴാം നാൾ നാല് പ്രതികളെയും യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്തുളള പാടത്താണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ, പൊലീസുകാരുടെ തോക്ക് പിടിച്ചെടുത്ത് പ്രതികൾ വെടിയുതിർത്തെന്നും സ്വയം രക്ഷാർത്ഥം തിരിച്ചുവെടിവെച്ചപ്പോൾ ഇവർ കൊല്ലപ്പെട്ടെന്നുമായിരുന്നു സർക്കാർ വാദം.ബലാത്സംഗക്കേസ് പ്രതികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തെലങ്കാനയെ കണ്ടുപഠിക്കണമെന്ന ഉപദേശം രാജ്യത്ത് പലയിടത്തും കേട്ടു.

എന്തുകൊണ്ട് വ്യാജ ഏറ്റുമുട്ടൽ?

അന്ന് ചട്ട്നപ്പളളിയിലെത്തുന്പോൾ ആളാരവങ്ങളാണ് നിറയെ. വയലുകൾക്ക് മേലെ മണ്ണിട്ടുയർത്തിയ ദേശീയപാതയിൽ നിന്ന് താഴേക്കിറങ്ങണം. അവിടെ അടിപ്പാതയിൽ ദിശയെ കൂട്ടിയിട്ട് കത്തിച്ച വിറകുകഷ്ണങ്ങൾ ബാക്കിയായിരുന്നു. അവിടെ നിന്ന് പാടത്തേക്ക് നേരിട്ടിറങ്ങുക സാധ്യമല്ല. മുൾക്കാടുകൾ കടന്ന്, ഇടതൂർന്നൊരു വഴിയിലൂടെ വളഞ്ഞുവന്നാൽ പാടത്തിറങ്ങാം. അവിടെയാണ് നാല് പ്രതികളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസുകാരുടെ തോക്കും പിടിച്ചെടുത്ത് അവരെങ്ങനെ ഇവിടേക്ക് ഓടിയെത്തിയെന്ന് ആരും സംശയിക്കും.

പിന്നീട് സുപ്രീംകോടതി നിയോഗിച്ച കമ്മീഷന് മുന്പാകെ എത്തിയ മൊഴികളും അത് സാധൂകരിച്ചു. ഒരാളുടെ പേര് മുഴച്ചു നിന്നു. വി.സി.സജ്ജനാർ. അന്ന് സൈബരാബാദ് പൊലീസ് കമ്മീഷണർ വി.സി.സജ്ജനാർ ആയിരുന്നു. 2008ൽ വാറങ്കൽ  എസ്പിയായിരിക്കെ മൂന്ന് പേരെ വെടിവച്ചുകൊന്ന ഏറ്റുമുട്ടൽ കൊലയുടെ പേരിൽ ആരോപണം നേരിട്ടയാൾ.സജ്ജനാരുടെ പങ്ക്  ഈ കേസിലും പലരും സംശയിച്ചു.ഏറ്റുമുട്ടൽ കൊല നടന്നിട്ടും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ തെലങ്കാന സർക്കാർ തയ്യാറായില്ല. പകരം ചന്ദ്രശേഖര റാവുവിന്‍റെ വീരഗാഥയായി അത് ആഘോഷിക്കപ്പെട്ടു.കൊല്ലപ്പെട്ടവരെ മാത്രം പ്രതികളാക്കിയായിരുന്നു കേസ്. പൊലീസുകാരെ സംരക്ഷിച്ചു.

അടിമുടി വൈരുദ്ധ്യമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ സുരേന്ദർ റെഡ്ഡിയുടെ മൊഴികളിൽ. പ്രതികളെ കസ്റ്റഡിയിലെടുത്ത് താമസിപ്പിച്ച ഗസ്റ്റ ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ കമ്മീഷൻ ചോദിച്ചു. സിസിടിവി പ്രവർത്തിച്ചിരുന്നില്ല എന്നായിരുന്നു റെഡ്ഡിയുടെ മൊഴി. എന്നാൽ അവിടെ സിസിടിവിയേ  ഉണ്ടായിരുന്നില്ല എന്ന് പൊലീസിന്‍റെ സ ത്യവാങ്മൂലം വേറെ വന്നു.കസ്റ്റഡിയിലുളളവരെ അർധരാത്രി ജയിലിലേക്ക് മാറ്റിയത് ഏത് ചട്ടപ്രകാരമെന്ന ചോദ്യത്തിനും ഉത്തരമുണ്ടായില്ല. പ്രതികൾ പിടിച്ചെടുത്തു എന്ന് പറയുന്ന തോക്കിൽ നിന്ന് അവരുടെ വിരലടയാളം കണ്ടെത്താനും കഴിഞ്ഞില്ല. അതീവ സുരക്ഷാ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന തോക്കുകൾ എന്തിന് തെളിവെടുപ്പിന് പോയപ്പോൾ കരുതി എന്നതിനും  പൊലീസിന് ഉത്തരമുണ്ടായില്ല. ഏറ്റുമുട്ടലിൽ പൊലീസുകാർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ടിലുണ്ടായിരുന്നെങ്കിലും അതിനും തെളിവ് ഹാജരാക്കിയില്ല. പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവൈനൽ ഹോമിലേക്ക് അയക്കാതെ ജയിലിലേക്ക് അയച്ചത് എന്തിനെന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല.

ആർക്കാണ് നേട്ടം? ആരുടേതാണ് ഉത്തരവ്?

കൂവലുകൾ ജയ് വിളികളാക്കി മാറ്റിയ ചന്ദ്രശേഖര റാവുവിന് ക്രെഡിറ്റ് നൽകാൻ അദ്ദേഹത്തിന്‍റെ മന്ത്രിമാർ മത്സരിച്ചിരുന്നു. എല്ലാ വിമർശനങ്ങളിൽ നിന്നും നാല് വെടിയുണ്ടകൾ കൊണ്ട് സർക്കാർ കടന്നുകൂടി.ഇപ്പോളിതാ പത്ത് പൊലീസുകാർ കൊലക്കേസ് പ്രതികളാകുന്നു. അന്വേഷണം അവിടെ ഒതുങ്ങിയേക്കും. തെലങ്കാനയിൽ കാര്യങ്ങൾ എങ്ങനെ തീരുമാനിക്കപ്പെടുന്നു എന്നറിയുന്നവർക്ക്, ഉത്തരവിന് പിന്നിലെന്ത് എന്നതിൽ അത്ഭുതമുണ്ടാകില്ല, സംശയമുണ്ടാകില്ല.

click me!