എന്നാല്‍ പറഞ്ഞതുപോലെ കാര്യങ്ങളത്ര റിച്ചായില്ല. സാധനങ്ങളെത്തിച്ചില്ല. ഹൈറിച്ചിന്‍റെ ഇടപാടുകാരും വന്നില്ല. മൂന്നു തവണ സാജനും കൂട്ടുകാരും ഹൈറിച്ചുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തൃശ്ശൂർ: സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പില്‍ ഇരകളാക്കപ്പെട്ട് സംരംഭകരും. ഹൈറിചച് ഉടമകളായ പ്രതാപന്‍റെയും ഷീനയുടെയും വാക്കു വിശ്വസിച്ച് ഹൈറിച്ച് സൂപ്പര്‍ ഷോപ്പി ഫ്രാഞ്ചൈസി തുടങ്ങിയവരാണ് പണം നഷ്ടപ്പെട്ട് കേസു കൊടുത്തിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ എത്തിക്കുമെന്ന് നല്‍കിയ വാഗ്ദാനം ഹൈറിച്ച് വിഴുങ്ങിയതോടെ വെട്ടിലായത് ഷോപ്പു തുടങ്ങിയ മുന്നൂറിലേറെ സംരംഭകരാണ്.
കൊവിഡ് പ്രതിസന്ധില്‍ വിദേശ വാസം അവസാനിപ്പിച്ച് തളിപ്പറമ്പിലെത്തിയ സാജന്‍ ജോസഫ് സ്വന്തമായെങ്കിലും തുടങ്ങാനിരിക്കുമ്പോഴാണ് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയെക്കുറിച്ചറിയുന്നത്. സുഹൃത്തുക്കളായ മുപ്പത് പേര്‍ ചേര്‍ന്ന് 26 ലക്ഷം മുടക്കി 2021 ല്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി. മുന്നുലക്ഷത്തിലേറെ രൂപ ഹൈറിച്ചില്‍ പ്ലാറ്റ്ഫോം ചാര്‍ജ്ജ് അടയ്ക്കുകയും ചെയ്തു. ഇടനിലക്കാരെ ഒഴിവാക്കി കോര്‍പ്പറേറ്റ് പര്‍ച്ചൈസിങ്ങിലൂടെ സാധനങ്ങളെത്തിച്ചു തരും. ഹൈറിച്ചിന്‍റെ കസ്റ്റമേഴ്സ് തന്നെ സാധനങ്ങള്‍ വാങ്ങാനെത്തും. മാസം വലിയ വരുമാനം. ഇതായിരുന്നു പ്രതാപനും ശ്രീനയുമടങ്ങുന്ന ഹൈറിച്ചിന്‍റെ ഓഫര്‍.
എന്നാല്‍ പറഞ്ഞതുപോലെ കാര്യങ്ങളത്ര റിച്ചായില്ല. സാധനങ്ങളെത്തിച്ചില്ല. ഹൈറിച്ചിന്‍റെ ഇടപാടുകാരും വന്നില്ല. മൂന്നു തവണ സാജനും കൂട്ടുകാരും ഹൈറിച്ചുമായി ചര്‍ച്ച നടത്തി. ഗത്യന്തരമില്ലാതെ കണ്ണൂരിലെ ഹൈറിച്ച് ലീഡര്‍മാര്‍ക്ക് ഷോപ്പ് ഏറ്റെടുക്കേണ്ടി വന്നു. 20 ലക്ഷം രൂപ സാജനും കൂട്ടുകാര്‍ക്കും നല്‍കാമെന്നായിരുന്നു വ്യവസ്ഥ. മൂന്നു ലക്ഷം നല്‍കി. ബാക്കി നല്‍കിയില്ല. കടയേറ്റെടുത്തെങ്കിലും തുറന്നില്ല. മൂന്നു മാസം ഉടമയ്ക്ക് വാടക നല്‍കിയതൊഴിച്ചാല്‍ പിന്നീടതും കുടിശ്ശികയായി.
ചതി തിരിച്ചറിഞ്ഞ സാജനും കൂട്ടുകാരും പൊലീസിനെ സമീപിച്ചിരിക്കുകയാണ്. കേരളത്തിലെമ്പാടും മുന്നൂറോളം സൂപ്പര്‍ ഷോപ്പികളാണ് ഇത്തരത്തില്‍ തുടങ്ങിയത്. ഇന്ന് മിക്കതും പൂട്ടി. ചുരുക്കം ചിലത് സ്വന്തം നിലയ്ക്ക് നടത്തുന്നവരുണ്ട്. എച്ച് ആര്‍ ക്രിപ്റ്റോ കൊയിന്‍, ഒടിടി തുടങ്ങിയ വമ്പന്‍ തട്ടിപ്പുകളിലേക്ക് ഹൈറിച്ച് ഉടമകള്‍ കളം മാറിയപ്പോള്‍ സൂപ്പര്‍ ഷോപ്പി വിശ്വസിച്ചിറങ്ങിയ നിക്ഷേപകര്‍ക്കൊപ്പം കട തുടങ്ങിയ സംരംഭകരും വഴിയാധാരമായി.
Read More : 'ഞാൻ മരിച്ചിട്ടില്ല'; മരിച്ചെന്ന് നുണ പറഞ്ഞതിന് കാരണം, വീഡിയോയുമായി പൂനം പാണ്ഡെ!