നാട്ടുകാരേയും പൊലീസിനേയും മുള്‍മുനയില്‍ നിര്‍ത്തിയ കള്ളന്‍റെ കഥ
കള്ളനാണ് കാസര്‍കോട് കാഞ്ഞിരപ്പൊയില്‍ കറുകവളപ്പില്‍ അശോകന്‍. ആക്രമി. പോക്സോ കേസിലെ പ്രതി. വിവിധ മോഷണങ്ങള്‍ ഉള്‍പ്പടെ ഏഴ് കേസുകള്‍. മകളെ വലിച്ചെറിഞ്ഞ് കൈയൊടിച്ചതിനാണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസ്.കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഭാകരന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് രണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണ്ണവും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നതും അശോകനും കുട്ടാളിയും. മറ്റൊരു വീട്ടില്‍ നിന്ന് 30,000 രൂപ കവര്‍ന്ന കേസുമുണ്ട്.
വീട്ടമ്മയായ പെരളം സ്വദേശി വിജിതയെ പട്ടാപ്പകല്‍ തലക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതും ഇയാൾ. ഈ കേസ് വന്നപ്പോഴാണ് പൊലീസ് വീണ്ടും അശോകനെ പിടികൂടാനുള്ള ശ്രമം തുടങ്ങിയത്. ഇതോടെ ഇയാള്‍ ചെങ്കല്‍കുന്നിലെ കാട്ടിലേക്ക് പോയി. ഇവിടെ ഒളിത്താമസം. പൊലീസും നാട്ടുകാരും കാടടച്ച് ദിവസങ്ങളോളം അശോകനെ പിടിക്കാനായി തെരഞ്ഞു. രാവും പകലും തെരച്ചില്‍ തന്നെ.
300 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ചെങ്കല്‍കുന്നിലെ വഴികള്‍ അശോകന് ഏറെ പരിചിതം. കാടിനകത്തെ വഴികളും കാണാപാഠം. അതുകൊണ്ട് തന്നെ ഇയാളെ കണ്ടെത്താനായില്ല. മോഷണം നടത്തി കാട്ടില്‍ ഒളിക്കുന്ന ഇയാളെ കണ്ടെത്താന്‍ നാട് ഒന്നടങ്കം തെരയുമ്പോഴും പുറത്തെത്തി മോഷണം നടത്തി വീണ്ടും കാട് കയറി അശോകന്‍. ഡ്രോണ്‍ ഉപയോഗിച്ച് വരെ പൊലീസ് തെരച്ചില്‍ നടത്തി. പക്ഷേ അശോകന്‍ കാട്ടില്‍ എവിടെയെന്ന് മാത്രം കണ്ടെത്താനായില്ല. പാറമടയ്ക്കുള്ളിലോ മറ്റോ ഒളിച്ചിരിക്കുകയാവുമെന്ന നിഗമനത്തിലായി പൊലീസ്. ഒടുവില്‍ തെരച്ചില്‍ അവസാനിപ്പിച്ചു.
മറൈന്‍ ഡ്രൈവിലെ അശോകന്‍
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊച്ചിയില്‍ നിന്ന് ഒരു ഫോണ്‍ കോളെത്തി. പൊലീസ് തെരയുന്ന കള്ളന്‍ അശോകന്‍ ഇപ്പോള്‍ മറൈന്‍ ഡ്രൈവിലുണ്ട്. ഇപ്പോള്‍ വന്നാല്‍ അയാളെ പിടികൂടാം. അയാള്‍ കണ്‍ മുന്നില്‍ നിന്ന് മാറാതെ പിന്തുടരാന്‍ ഫോണ്‍ വിളിച്ചയാള്‍ക്ക് പൊലീസ് നിര്‍ദേശം.
പിന്നാലെ കൊച്ചി പൊലീസിലേക്ക് ഹൊസ്ദുര്‍ഗ് പൊലീസ് വിവരങ്ങള്‍ കൈമാറി. അശോകന്‍ വിരുതനാണ്. സംശയം തോന്നിയാല്‍ രക്ഷപ്പെടും. മഫ്ടിയില്‍ എത്തിയ പൊലീസ് ഒടുവില്‍ മറൈന്‍ ഡ്രൈവിലെ ഒരു കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന അശോകനെ പിടികൂടി. അശോകനെ പിടികൂടിയെന്ന് കണ്‍ഫര്‍മേഷന്‍ ലഭിച്ചതോടെ ഹൊസ്ദുര്‍ഗ് പൊലീസിന് ആശ്വാസം.
ആ ഫോണ്‍ കോളിന് പിന്നില്‍
മടിക്കൈ കാഞ്ഞിരപ്പൊയിൽ നിന്ന് ടൂറിന് പോയ യുവാക്കളാണ് അശോകനെ തിരിച്ചറിഞ്ഞത്. ഉടൻ ഇവർ പൊലീസിൽ അറിയിക്കുകയായിരുന്നു. അശോകന്‍റെ ശ്രദ്ധയില്‍ പെടാതെ യുവാക്കളില്‍ ചിലര്‍ പൊലീസ് എത്തുന്നത് വരെ പിന്തുടര്‍ന്നു. വിവരങ്ങള്‍ കൃത്യമായി കൈമാറി.
മറൈൻഡ്രൈവിൽ ഒരു കടയിൽ സുഹൃത്തുമൊത്ത് എത്തിയതായിരുന്നു അശോകന്‍. കൂടെയുണ്ടായിരുന്ന സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്ത ആളായതിനാല്‍ അശോകനെ കണ്ടെത്താനുള്ള പെടാപാടിലായിരുന്നു പൊലിസ്. പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയ കള്ളൻ കാട്ടില്‍ നിന്ന് എന്ന് പുറത്ത് കടന്നു? കാട്ടില്‍ ഒളിച്ച് കഴിഞ്ഞത് എവിടെ? കൊച്ചിയില്‍ എത്തിയത് എങ്ങനെ? കുറേയേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹൊസ്ദുര്‍ഗ് പൊലീസ്.