കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് സുരഭിയെ സ്വര്‍ണവുമായി പിടികൂടിയത്. മലദ്വാരത്തില്‍ 960 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്.
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരങ്ങളെന്ന് ഡിആര്‍ഐ. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. മറ്റ് വിമാന ജീവനക്കാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സംഘത്തെ കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ സുരഭിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് നടക്കുമെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
28-ാം തീയതിയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് കൊല്‍ക്കത്ത സ്വദേശിയായ സുരഭിയെ സ്വര്‍ണവുമായി പിടികൂടിയത്. മസ്‌ക്കറ്റില്‍ നിന്ന് കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 714 വിമാനത്തിലെ ജീവനക്കാരിയാണ് 26കാരിയായ സുരഭി. മലദ്വാരത്തില്‍ 960 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ സുരഭിയെ 14 ദിവസത്തെ റിമാന്‍ഡില്‍ വിട്ടു.
കഴിഞ്ഞവര്‍ഷം മാര്‍ച്ചിലും സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനെ കസ്റ്റംസ് പിടികൂടിയിരുന്നു. വയനാട് സ്വദേശിയായ ഷാഫിയെന്ന യുവാവിനെയാണ് 1.45 കിലോ സ്വര്‍ണവുമായി കൊച്ചി വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. ബഹ്‌റിന്‍-കോഴിക്കോട്- കൊച്ചി വിമാനത്തിലെ ജീവനക്കാരനായിരുന്നു ഷാഫി.