അറസ്റ്റിലായ നാലിൽ മൂന്ന് പേരും രാഹുലിന്റെ ഓഫീസ് സ്റ്റാഫ്, ജാമ്യം കിട്ടുന്ന വകുപ്പെന്ന് പൊലീസ്

By Web Team  |  First Published Aug 19, 2022, 3:02 PM IST

വയനാട് കൽപറ്റയിലെ രാഹുൽഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ  എം പിയുടെ പിഎ ഉൾപ്പടെ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരിക്കുകയാണ്.


കൽപ്പറ്റ: വയനാട് കൽപറ്റയിലെ രാഹുൽഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ  എം പിയുടെ പിഎ ഉൾപ്പടെ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരിക്കുകയാണ്. രാഹുൽ ഗാന്ധി എം പിയുടെ ഓഫിസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫിസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ്  ചോദ്യം ചെയ്യലിനു ശേഷം ഇന്ന്  അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് തന്നെ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.

രാഹുൽഗാന്ധിയുടെ കൽപറ്റയിലെ ഓഫിസ് ആക്രമണക്കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കി എസ് പിയുടെ റിപ്പോർട്ട്  നേരത്തെ പുറത്തുവന്നിരുന്നു. ഓഫിസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്നായിരുന്നു റിപ്പോർട്ട്. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയായിരുന്നു എസ്പി റിപ്പോർട്ട് തയാറാക്കിയത്.

Latest Videos

തെളിവായി ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. എസ് എഫ് ഐ പ്രവർത്തകർ കസേരയിൽ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയിൽ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എംപി ഓഫിസിലെ എസ് എഫ് ഐ ആക്രമണത്തിന് ശേഷം ഗാന്ധി ചിത്രം എസ് എഫ് ഐ പ്രവർത്തകർ നശിപ്പിച്ചു എന്നായിരുന്നു ഉയർന്ന ആരോപണം. 

പൊലീസിന്‍റെ റിപ്പോർട്ട് പുറത്തുവന്നതോടെ കോൺഗ്രസ് പ്രവർത്തകർ ആരോപണ മുനയിലാവുകയുമായിരുന്നു എം പി ഓഫിസ് ആക്രമണ ദൃശ്യങ്ങൾ പകർത്താൻ അവിടെ ഉണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ദൃശ്യങ്ങളും ആണ് പ്രധാന തെളിവായത്. സമരത്തിന് ശേഷം 25 എസ് എഫ് ആ പ്രവർത്തകരെ അറസ്റ്റ് ചെയ്യുമ്പോൾ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫർ 3.59ന് പകർത്തിയ ചിത്രങ്ങളിൽ ഗാന്ധി ചിത്രം ചുമരൽ തന്നെ ഉണ്ട്. ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം താഴേക്ക് പോയ ഫോട്ടോഗ്രാഫർ തിരികെ എത്തുന്നത് 4.30 ന് ആണ്.

ആ സമയം ഓഫിസിനുള്ളിൽ കോൺഗ്രസ് , യുഡിഎഫ് പ്രവർത്തകർ മാത്രമാണുള്ളത്. ഈ സമയത്ത് പകർത്തിയ ഫോട്ടോയിൽ ഓഫിസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്നുമായിരുന്നു പൊലീസ് റിപ്പോർട്ട്. 

Read more: രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത കേസ്: എംപി ഓഫീസിലെ പിഎ അടക്കം 4 കോൺഗ്രസുകാർ അറസ്റ്റിൽ

എംപിയുടെ ഓഫിസ് ആക്രമണം നടന്ന ശേഷം കോൺഗ്രസ് നേതാക്കൾ ഓഫിസിന് അകത്ത് എത്തുമ്പോഴാണ് ഗാന്ധി ചിത്രവും എസ് എഫ് ഐക്കാർ തകർത്തെന്ന ആരോപണം ഉന്നയിക്കുന്നത്. നിലത്ത് കടന്ന ഗാന്ധി ചിത്രം ചൂണ്ടിക്കാട്ടി ആയിരുന്നു ആരോപണം. ഓഫിസ് ആക്രമണത്തിനൊപ്പം ഈ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ബി ജെ പിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത സി പി എം, എസ് എഫ് ഐക്കാരെക്കൊണ്ട് രാഹുൽഗാന്ധി എം പിയുടെ ഓഫിസ് ആക്രമിക്കുകയാണെന്നും അതിന്‍റെ തെളിവാണ് ഗാന്ധി ചിത്രം പോലും തകർത്തതെന്നും ആയിരുന്നു കോൺഗ്രസിന്‍റെ പ്രധാന ആരോപണം.

Read more: ജനസമ്പർക്കവുമായി രാഹുൽഗാന്ധി,സർക്കാർ വിരുദ്ധരെ ഏകോപിപ്പിക്കും,2024 ലെ പൊതു തെരഞ്ഞെടുപ്പിന് നേരിടാൻ ഒരുക്കം

അതേസമയം ഗാന്ധി ചിത്രം നശിപ്പിച്ചത് എസ് എഫ് ഐ പ്രവർത്തരല്ലെന്ന് ചില മാധ്യമ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി സി പി എം ആദ്യം മുതൽ പ്രതിരോധം ശക്തമാക്കിയിരുന്നു. മുതിർന്ന സി പി എം നേതാക്കളടക്കം ഇക്കാര്യം പലവട്ടം ആവർത്തിക്കുന്നുമുണ്ടായിരുന്നു. നിയമസഭയിലടക്കം മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതും ശ്രദ്ധേയമായിരുന്നു. ദൃശ്യങ്ങൾ എല്ലാത്തിനും സാക്ഷിയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 

click me!